അപകടത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat) തിരുവനന്തപുരം :പേട്ട വെൺപാലവട്ടം ഫ്ലൈ ഓവറിന് മുകളിൽ നിന്നും സ്‌കൂട്ടർ താഴെയുള്ള സർവീസ് റോഡിലേക്ക് വീണ് യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെ ആയിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്ന സഹോദരി സിനി, സിമിയുടെ മൂന്ന് വയസുള്ള മകൾ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂവരും സഞ്ചരിച്ച ഹോണ്ട ആക്‌ടീവ പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. മേൽപാലത്തിന്‍റെ മതിലിൽ ഇടിച്ചാണ് വാഹനം താഴേക്ക് വീണത്.
സിമിയാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പേട്ട എസ്എച്ച്ഒ പറഞ്ഞു. സംഭവം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ മൂവരെയും കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപകടത്തിൽപ്പെട്ട സിനി തീവ്ര പരിചരണ വിഭാഗത്തിലും കുഞ്ഞ് നിലവിൽ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ:ഇടുക്കിയിൽ വിനോദ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകള്‍