കേരളം

kerala

ETV Bharat / state

'ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണം': കലക്‌ടര്‍ - SABARIMALA MANDALA POOJA - SABARIMALA MANDALA POOJA

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിൻ്റെ തയ്യാറെടുപ്പുകൾക്കായി അതത് വകുപ്പുകളെ ചുമതലപ്പെടുത്തി ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍.

SABARIMALA  ശബരിമല വാർത്തകൾ  മണ്ഡല മകരവിളക്ക് പൂജ  COLLECTOR S PREM KRISHNAN
Meeting regarding sabarimala mandala pooja (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 10:50 PM IST

കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ പി എസ് പ്രശാന്ത് എന്നിവർ സംസാരിക്കുന്നു (ETV Bharat)

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍. ഇന്ന് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്. തയ്യാറെടുപ്പുകൾക്കായി അതത് വകുപ്പുകളെ കലക്‌ടര്‍ ചുമതലപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പ് സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതും നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമുള്‍പ്പടെയുള്ള പ്രവൃത്തികള്‍ കെഎസ്ഇബി വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് കലക്‌ടര്‍ പറഞ്ഞു.

ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനായി ചരക്ക് വാഹനങ്ങള്‍ നിലയ്ക്കല്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കണം. പമ്പയില്‍ അയ്യപ്പന്‍മാര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ പൂര്‍ണമായി നീക്കം ചെയ്യുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ളാഹയില്‍ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ബയോ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ നിലയ്ക്കലില്‍ 10,000 പേര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളും സീസണിന് മുന്‍പ് പൂര്‍ത്തിയാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും തീര്‍ഥാടനം ആരംഭിക്കുന്നതുവരെ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും കലക്‌ടര്‍ വ്യക്തമാക്കി.

നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സന്ദര്‍ശിച്ച കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യവും വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ പി എസ് പ്രശാന്ത്, തിരുവല്ല സബ്‌കലക്‌ടര്‍ സഫ്‌ന നസറുദ്ദീന്‍, പീരുമേട് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ( വെസ്റ്റ് ഡിവിഷന്‍) ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്. സന്ദീപ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:ശബരിമലയിലെ പുതിയ ഭസ്‌മക്കുളം; നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ദേവസ്വം ബോർഡിനും പ്രസിഡന്‍റിനും രൂക്ഷ വിമര്‍ശനം

ABOUT THE AUTHOR

...view details