സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് മണ്ഡലമാണ് തൃശൂര്‍. ഇടതിനോട് കൂറ് പുലര്‍ത്തുന്ന മണ്ഡലം ചിലപ്പൊഴൊക്കെ കോണ്‍ഗ്രസിനോട് മമത കാട്ടുകയും വിജയം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നതും വസ്‌തുതയാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റിലെ എല്ലാ നിയമസഭ മണ്ഡലങ്ങളും ഇടതുമുന്നണി സ്വന്തമാക്കി. 1952ലാണ് തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ആദ്യ തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയത്. കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയ്ക്കായിരുന്നു കന്നി വിജയം.
1957, 1962, 1967, 1971, 1977, 1980 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലെന്നതും വസ്‌തുതയാണ്. സിപിഐയിലെ കെ കൃഷ്‌ണവാര്യര്‍, സി ജനാര്‍ദ്ദനന്‍, കെ എ രാജന്‍ എന്നിവരാണ് തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം ജയിച്ച് ഡല്‍ഹിക്ക് പോയത്.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് 1984ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടത്ത് നിന്ന് വീണ്ടും വലത്തോട്ട് ചാഞ്ഞു. കോണ്‍ഗ്രസിലെ പി എ ആന്‍റണിക്കായിരുന്നു അക്കുറി വിജയം. തുടര്‍ന്ന് 1989ലും പി എ ആന്‍റണിയെ മണ്ഡലം നെഞ്ചോട് ചേര്‍ത്ത് നിർത്തി, 1991ല്‍ പി സി ചാക്കോയെ വിജയത്തേരിലേറ്റി ഡല്‍ഹിക്ക് വിടാനും മണ്ഡലം മനസ് കാണിച്ചു.
വർഷം | വിജയി | സ്ഥാനാർഥി |
1952 | ഇയ്യുണ്ണി ചാലക്ക | കോൺഗ്രസ് |
1957 | കെ കൃഷ്‌ണൻ വാര്യർ | സിപിഐ |
1962 | ||
1967 | സി ജനാർദനൻ | |
1971 | ||
1977 | കെ എ രാജൻ | |
1980 | ||
1984 | പി എ ആന്‍റണി | കോൺഗ്രസ് |
1989 | ||
1991 | പി സി ചാക്കോ | |
1996 | വി വി രാഘവൻ | സിപിഐ |
1998 | ||
1999 | എ സി ജോസ് | കോൺഗ്രസ് |
2004 | സി കെ ചന്ദ്രപ്പൻ | സിപിഐ |
2009 | പി സി ചാക്കോ | കോൺഗ്രസ് |
2014 | സി എൻ ജയദേവൻ | സിപിഐ |
2019 | ടി എൻ പ്രതാപൻ | കോൺഗ്രസ് |
എന്നാല്‍, തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും (1996,1998) കോണ്‍ഗ്രസിനെ അകറ്റിനിർത്തിയ മണ്ഡലം വി വി രാഘവന്‍ വിളിച്ചപ്പോള്‍ സിപിഐക്കൊപ്പം ചേര്‍ന്നു. പിന്നീടിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന അനുഭവമാണുണ്ടായത്.
1999ല്‍ കോണ്‍ഗ്രസിലെ എ സി ജോസും 2004ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പനും 2009ല്‍ കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയും 2014ല്‍ സിപിഐയുടെ സി എന്‍ ജയദേവനും 2019ല്‍ കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനും മണ്ഡലത്തെയും കൊണ്ട് ഡല്‍ഹിക്ക് പറന്നു.
'ഞാനിങ്ങെടുക്കുവാ..' കണ്ട ഭാവം നടിക്കാത്ത തൃശൂർ: കേരളത്തില്‍ താമര വിരിയിക്കാന്‍ പാടുപെടുന്ന ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെകണ്ട മണ്ഡലമായിരുന്നു തൃശൂര്‍. എന്നാല്‍ 'ഞാനിങ്ങെടുക്കുവാ' എന്ന് പറഞ്ഞ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കുറെ പിറകെ നടന്നെങ്കിലും മണ്ഡലം കൂടെ പോയില്ലെന്ന് മാത്രമല്ല കണ്ട ഭാവം കൂടി നടിച്ചില്ല.
എന്നാല്‍, ഇക്കുറി സ്ഥിതിഗതികള്‍ കുറച്ച് കൂടി അനുകൂലമാണെന്നുറച്ച വിശ്വാസത്തിലാണ് സുരേഷ് ഗോപിയും ബിജെപിയുടെ സംസ്ഥാന നേതൃത്വവും. അതുകൊണ്ട് തന്നെ തൃശൂരിനെ ഉറപ്പുള്ള ഇടത് കോട്ടയെന്നോ വലതുകോട്ടയെന്നോ ഇക്കുറി വിശേഷിപ്പിക്കാന്‍ കഴിയില്ല. ശക്തമായ ത്രികോണ മത്സരം തന്നെയാകും മണ്ഡലത്തില്‍ നടക്കുക.
കരുണാകരന്‍റെ തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ പ്രതാപ കാലത്ത് തൃശൂര്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു. കോണ്‍ഗ്രസ് പറയുന്നിടത്ത് വോട്ട് കുത്തുന്ന മനസായിരുന്നു തൃശൂരിന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മനസ് മാറിയിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കരുണാകരന്‍ തന്നെയായിരുന്നു അവസാന വാക്ക്. എന്നാല്‍, ഇന്ന് സ്ഥിതി അങ്ങനെയല്ല.
കൂടെക്കൂട്ടാന്‍ കരുണാകരനെ പോലൊരു നേതാവ് സ്വന്തമായില്ലെന്ന പരിഭവം മണ്ഡലത്തിനുണ്ടെങ്കിലും ഒരു കുറി ചുവപ്പണിഞ്ഞാല്‍ മറുമുറ ത്രിവര്‍ണമണിയണം. സുരേഷ് ഗോപി ഒരു പടി മുന്നേ ഇറങ്ങി കളി തുടങ്ങിയ സഹാചര്യത്തില്‍ സീറ്റും നിര്‍ണയിച്ച് വോട്ടും കഴിഞ്ഞ് ഫലം വരുമ്പൊഴെ മണ്ഡലത്തിന്‍റെ മനസ് അറിയാന്‍ കഴിയുകയുള്ളൂ എന്ന അടക്കം പറച്ചില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ടെന്നാണ് ശ്രുതി.
കൂടാതെ സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ അത്രകണ്ട് പിന്തുണയ്ക്കുന്നവരല്ല മണ്ഡലത്തിലെ ശരാശരി വോട്ടര്‍മാരെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സമീപ ഭൂതകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രകടനം നോക്കിയില്‍ ഇക്കുറി കോണ്‍ഗ്രസിനെ തള്ളി ഇടത് കൂറ് പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.