കോഴിക്കോട്:പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മൊഴിമാറ്റി പരാതിക്കാരി. ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. താൻ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും കുടുംബത്തിന്‍റെ സമ്മര്‍ദം മൂലം അത്തരത്തില്‍ തനിക്ക് പറയേണ്ടിവന്നുവെന്നും യുവതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
'കുടുംബത്തിന്‍റെ സമ്മര്‍ദം കൊണ്ടാണ് ഇത്തരത്തിലൊരു മൊഴി നല്‍കിയത്. ഭര്‍ത്താവോ കുടുംബമോ തന്നോട് ഒരിക്കലും സ്‌ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല വിവാഹത്തിന് തനിക്ക് ധരിക്കാന്‍ വേണ്ട വസ്‌ത്രങ്ങള്‍ അടക്കം രാഹുലാണ് വാങ്ങി നല്‍കിയത്.
കേസിന് ബലം കിട്ടാനാണെന്ന് പറഞ്ഞാണ് സ്‌ത്രീധനം സംബന്ധിച്ചുള്ള ആരോപണം ഉന്നയിച്ചത്. വിവാഹത്തിന് മുമ്പ് ഭര്‍ത്താവായ രാഹുല്‍ നേരത്തെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത കാര്യം തന്നെ അറിയിച്ചിരുന്നു. വീട്ടുകാരെ ഇക്കാര്യം അറിയിക്കേണ്ടയെന്നത് താനാണ് രാഹുലിനോട് പറഞ്ഞത്. കുറ്റബോധം കാരണമാണ് ഇപ്പോഴെല്ലാം തുറന്ന് പറയുന്നത്.'