എറണാകുളം : ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം ഒരുങ്ങി. ആലുവയിൽ ഇന്ന് രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. പിതൃകർമങ്ങൾക്കായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് എത്തുക. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങളുണ്ടാകും. ബലിതർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അർധരാത്രി മുതൽ ബലിതർപ്പണം തുടങ്ങും. വ്യാഴം വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, ഗാനമേള എന്നിവയും ഉണ്ടാകും. പിറവം പാഴൂരിൽ രാവിലെ 8.30ന് ശീവേലിക്ക് എഴുന്നള്ളിക്കും.
വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരവും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയാകും. ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഓരേസമയം ബലിയിടാൻ കഴിയും.
ശിവരാത്രിയോട് അനുബന്ധിച്ച് 26നു നാല് മുതൽ 27ന് രണ്ട് വരെ ആലുവയിൽ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റൂറൽ എസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്‌പിമാരും 30 ഇൻസ്പെക്‌ടർമാരും ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്‌തി പൊലീസിനെ നിയോഗിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി ടൗൺ ഹാളിന് സമീപവും താത്‌കാലിക ബസ് സ്റ്റാൻഡ് ഉണ്ടാകും. 26നു രാത്രി എട്ട് മുതൽ പാലസ് റോഡിൽ ബാങ്ക് കവല മുതൽ മഹാത്മാ ഗാന്ധി ടൗൺ ഹാൾ വരെ വാഹന ഗതാഗതം നിരോധിച്ചു.
തോട്ടയ്ക്കാട്ടുകര ജങ്‌ഷനിൽ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് സൈഡിൽ വാഹന പാർക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സർവീസ് പാടില്ല.
26നു രാത്രി 10 മുതൽ പിറ്റേന്നു രാവിലെ 10 വരെ തൃശൂർ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങൾ കളമശേരിയിൽ തിരിഞ്ഞു കണ്ടെയ്‌നർ റോഡ് വഴി അത്താണി ജങ്‌ഷനിലൂടെ പോകണം.