Panoor Bomb Blast; CPM Leaders Visited Sharil's House കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷരിലിന്‍റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ തള്ളി പറയുമ്പോഴാണ് പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും പൊയിലൂർ എൽ സി അംഗം എ അശോകനും ഷരിലിന്‍റെ വീട്ടിൽ എത്തിയത്.
ബോംബ് ഉണ്ടാക്കിയ കേസിലെ പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഷരിലിന്‍റെ വീട്ടിലെത്തിയത്. മരിച്ച ഷരിലിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം പുത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാരമടക്കമുള്ള നടപടികളുണ്ട്.
മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് മുമ്പാണ് സിപിഎം നേതാക്കൾ ഷരിലിന്‍റെ വീട്ടിൽ എത്തിയത്. കൂടാതെ എന്തിനാണ് ബോംബ് നിർമിച്ചതെന്നും ആർക്കുവേണ്ടിയാണു നിർമിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇതു വരെയും പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം 4 പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് നിർമാണം പൂർത്തിയാകാത്ത വീടിന്‍റെ ടെറസിൽ വെള്ളിയാഴ്‌ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ലൈഫ് മിഷൻ പ്രകാരം നിർമിക്കുന്ന വീടിന്‍റെ ടെറസിൽ ആയിരുന്നു സ്ഫോടനം. ബോംബ് നിർമാണത്തിനിടെയായിരുന്നു അപകടമെന്നാണ് പൊലീസിന്‍റെ നിഗമനം.
സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ബോംബ് നിർമാണത്തിലെ പ്രധാന പ്രതികളായ ഷിരിലും വിനീഷും സിപിഎം പ്രവർത്തകരെ മർദിച്ച സംഭവമുണ്ടായിരുന്നുവെന്നും നേരത്തെ തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നാണ് എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞത്. എന്നാൽ സംസ്‌കാര ചടങ്ങിലോ മൃതദേഹം ഏറ്റുവാങ്ങുന്നതിലോ പാർട്ടി എന്നനിലയിൽ ആരും പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്‌ദുള്ള പറഞ്ഞത്.
Also Read: പാനൂർ സ്ഫോടന കേസ്; 3 പേര്‍ കസ്റ്റഡിയില്‍ എന്ന് സൂചന, സമാധാന യാത്രയുമായി ഷാഫി പറമ്പില്‍