പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കന്നിയങ്കത്തില്‍ തന്നെ 18000ത്തില്‍ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ രാഹുല്‍ വിജയക്കൊടി പാറിച്ചത്. ആകെ 52000ത്തില്‍ അധികം വോട്ടുകളാണ് രാഹുല്‍ നേടിയത്. ആദ്യ ഘട്ടത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മുന്നിട്ടുനിന്നുവെങ്കിലും പിന്നീട് കരുത്തനായി രാഹുല്‍ തിരിച്ചുവരുന്ന കാഴ്‌ചയാണ് കണ്ടത്.
ബിജെപിയുടെ ശക്തികേന്ദ്രമായി കരുതുന്ന പാലക്കാട് നഗരസഭയില്‍ നിന്ന് അടക്കം രാഹുലിന് വോട്ടുകള്‍ നേടാനായി. പിന്നീട് യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുലിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. അതേസമയം, നഗരസഭയില്‍ അടക്കം വോട്ടുചോര്‍ന്നത് ബിജെപിക്ക് വൻ തിരിച്ചടിയായി.
കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. 2021 ൽ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 34143 വോട്ട് നേടായിരുന്നു. 2024 ലോക്‌സഭയിൽ 29355 വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.
പാലക്കാട് 2024 നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം
സ്ഥാനാര്‍ഥി
പാര്‍ട്ടി
ആകെ നേടിയ വോട്ടുകള്‍
വോട്ട് ശതമാനം
ഭൂരിപക്ഷം
രാഹുല്‍ മാങ്കൂട്ടത്തില്‍
കോണ്‍ഗ്രസ്/യുഡിഎഫ്
58389
42.27%
18840
സി. കൃഷ്‌ണകുമാര്‍
ബിജെപി/എൻഡിഎ
50220
35.34%
ഡോ. പി. സരിന്‍
സിപിഎം/എല്‍ഡിഎഫ്
37293
27.4%
പാലക്കാട് 2021 നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം
സ്ഥാനാര്‍ഥി
പാര്‍ട്ടി
ആകെ നേടിയ വോട്ടുകള്‍
വോട്ട് ശതമാനം
ഭൂരിപക്ഷം
ഷാഫി പറമ്പില്‍
കോണ്‍ഗ്രസ്/യുഡിഎഫ്
54079
38.06%
3859
ഇ ശ്രീധരൻ
ബിജെപി/എൻഡിഎ
39549
35.34%
സിപി പ്രമോദ്
സിപിഎം/എല്‍ഡിഎഫ്
36433
25.64%
ഇത്തവണ താമര വിരിയുമെന്ന പ്രതീക്ഷയോടെയാണ് ബിജെപി മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയത്. 5000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ബിജിപി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ എൻഡിഎ സ്ഥാനാര്‍ഥി കനത്ത പരാജയം ഏറ്റുവാങ്ങി.
അതേസമയം, മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്‍റേതും നിറം മങ്ങിയ പ്രകടനമായിരുന്നു. ഇത്തവണ അട്ടിമറി ജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് വിട്ടുവന്ന സരിനെയാണ് ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസ് വോട്ടുകളും തങ്ങളുടെ പാളയത്തില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നും ഇടതുപക്ഷം. എന്നാല്‍ വോട്ടെണ്ണല്‍ സമയത്ത് ഒരു ഘട്ടത്തില്‍ പോലും രണ്ടാം സ്ഥാനത്തോ, ഒന്നാം സ്ഥാനത്തോ എത്താൻ സരിന് ആയില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് വീമ്പിളക്കിയ ഇറങ്ങിയ ഇടതുപക്ഷത്തിന് ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായാണ് പത്തനംതിട്ട സ്വദേശി രാഹുല്‍ പാലക്കാട് നിന്നും നിയമസഭയിലെത്തുന്നത്. 1957 മുതല്‍ 2021വരെ 16 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട് മണ്ഡലത്തില്‍നിന്ന് പതിനൊന്നുതവണ കോണ്‍ഗ്രസ്/യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഞ്ചുതവണ ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാമതെത്തിയത്.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതൽ തുടർച്ചയായി മൂന്നുതവണ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഷാഫി വടകരയില്‍ നിന്നും ലോക്‌സയിലെത്തിയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് യുഡിഎഫിന്‍റെ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. 2021ല്‍ മെട്രോമാൻ ഇ ശ്രീധരനെ 3500 വോട്ടുകള്‍ക്കാണ് ഷാഫി വിജയിച്ചത്.