ന്യൂഡല്‍ഹി: പാണ്ടു രോഗമുള്ളവരെ കേന്ദ്ര സേനകളില്‍ നിയമിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) അസിസ്റ്റ് കമാന്‍ഡന്‍റ് തസ്‌തികയിലെ തന്‍റെ അപേക്ഷ തള്ളിയതിനെതിരെ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അതേസമയം ശരീരത്തില്‍ മറ്റുള്ളവര്‍ക്ക് കാണാനാകാത്ത ഭാഗത്താണ് പാണ്ടെങ്കില്‍ സൈന്യത്തില്‍ നിയമനം നല്‍കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വ്യോമസേനയിലെ ഇത്തരമൊരു അംഗത്തിന്‍റെ കാര്യം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളപ്പാണ്ട് ഒരു അയോഗ്യത ആയാണ് ഐടിബിപിയിലെ നിയമനത്തിന് പരിഗണിക്കുന്നതെന്ന് ഐടിബിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ആശിഷ് ദീക്ഷിത് ചൂണ്ടിക്കാട്ടി. ഇക്കാര്യം വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ലെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേ ശങ്ങളിലും വെള്ളപ്പാണ്ട് അയോഗ്യതയാണെന്നും അപേക്ഷ നിരസിക്കാനുള്ള കാരണമാണെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങള്‍ ജസ്റ്റിസുമാരായ നവീന്‍ ചവ്‌ലയും ശൈലേന്ദര്‍ കൗറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. പിന്നീട് ചിലപ്പോള്‍ ഇതില്‍ മാറ്റം വരുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവിലെ നിയമപ്രകാരം ഇത് അയോഗ്യതയാണ്. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അപേക്ഷകര്‍ പാലിക്കണം.
വെള്ളപ്പാണ്ട് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഒരു അസുഖമാണ്. ചര്‍മ്മത്തിന് നിറവ്യത്യാസമുണ്ടാകുന്നതാണ് ലക്ഷണം. ത്വക്കിലെ മെലാനിന്‍റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണം.
Also Read: ഇന്ത്യന്‍ ആര്‍മിക്ക് കാണ്‍പൂര്‍ ഐഐടിയുടെ ചാവേര്‍ ഡ്രോണ്‍; 180 കിലോമീറ്റര്‍ വേഗം, 2 കിലോ ഭാരവാഹന ശേഷി