കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തിയില്‍ കരിവെള്ളൂർ ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്തെത്തുമ്പോൾ പൂരക്കളി പാട്ടിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേൾക്കാം. വടക്കേ മലബാറിൽ പൂരക്കാലം ആയിട്ടില്ലല്ലോ... പിന്നെന്താണ് ഈ ഡിസംബറിൽ പൂരക്കളിക്ക് ഇത്ര സവിശേഷത...?
കൂടുതൽ അടുത്തേക്ക് ചെന്നപ്പോഴാണ് സംഗതി പിടികിട്ടിയത്. അടുത്ത മാസം ആദ്യ വാരമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. മത്സരത്തില്‍ പങ്കെടുക്കാന്‍ 12 പേർ കാവി മുണ്ട് ധരിച്ച് പരിശീലനത്തിന്‍റെ കൊടുമുടിയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2004 മുതൽ ഇന്നേവരെ പൂരക്കളിയിലെ ഒന്നാം സ്ഥാനപ്പട്ടം കരിവെള്ളൂർ ഹയർ സെക്കന്‍ഡറി സ്‌കൂൾ മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ല. ഹൈസ്‌കൂൾ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഇത്തവണ പൂരക്കളിയിൽ സംസ്ഥാന തലത്തിൽ ജില്ലയിൽ നിന്ന് മത്സരിക്കുന്നത് അയല്‍പക്കക്കാരായ രണ്ട് സ്‌കൂളുകൾ ആണ് എന്നത് മറ്റൊരു കൗതുകം. ഹൈസ്‌കൂൾ വിഭാഗത്തിൽ വെള്ളൂരും ഹയർ സെക്കന്‍ഡറിയില്‍ കരിവെള്ളൂരും.
പാറശാല മുതൽ കാസർകോട് വരെ പല വിദ്യാലയങ്ങൾ പല തവണ പൊരുതി നോക്കിയിട്ടും കരിവെള്ളൂരിന്‍റെ കുത്തക തകർക്കാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. 2007 മുതൽ കരിവെള്ളൂർ സ്‌കൂളിന്‍റെ പൂരക്കളി സംഘത്തെ പരിശീലിപ്പിക്കുന്ന അപ്യാൽ പ്രമോദ് എന്ന പരിശീലകന് 2025 ലെ റിസൾട്ടിനെ കുറിച്ചും ഒട്ടും ഭയം ഇല്ല.
യൂണിവേഴ്‌സിറ്റി സബ്‌ജില്ല കലോത്സവങ്ങളിൽ ജഡ്‌ജ് ആയി ഇരിക്കുന്ന അധ്യാപകൻ കൂടിയാണ് പ്രമോദ്. സംസ്ഥാനത്ത് തന്നെ പൂരക്കളിയിൽ ഏറ്റവും കടുത്ത മത്സരം കാഴ്‌ച വെക്കുന്നത് കാസർകോട് ജില്ലയിലെ ചെറുവത്തൂർ സബ്‌ജില്ലയും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സബ്‌ജില്ലയുമാണ് എന്നാണ് പ്രമോദിന്‍റെ പക്ഷം.
കാസർകോട് ജില്ലയിലെ പിലിക്കോടും, ഉദിനൂരും ആണ് ഇത്തവണ ഹൈസ്‌കൂൾ, ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ മത്സരിക്കാൻ കാസർകോട് നിന്ന് തെക്കോട്ടേക്ക് വണ്ടി കയറുന്നത്. വേഷത്തിൽ തുടങ്ങി പാട്ടിലും താളത്തിലും ചുവടിലും ഒത്തൊരുമയിലും അടവ് തെറ്റാതെ വേണം പൂരക്കളി വേദിയിൽ നിന്ന് കളിച്ചിറങ്ങാൻ.
ചല്ലണം, ഉറുമാൽ, ചൊറ എന്നിവയാണ് പൂരക്കളിയുടെ പ്രാധന വേഷ വിധാനം. 20 മിനുട്ട് നീളുന്ന മത്സര ഇനത്തിൽ ഓരോ വർഷവും വ്യത്യസ്‌തമായ കളികൾ ആണ് പഠിപ്പിക്കുന്നത് എന്ന് പ്രമോദ് പറയുന്നു.
18 നിറങ്ങളാണ് പൂരക്കളിയിൽ ഉള്ളത്. നിറങ്ങൾ എന്നാൽ പൂരക്കളിയുടെ വിവിധ ഭാഗങ്ങൾ. ഒന്നാം നിറവും കായിക പ്രാധാന്യം ഉള്ള നാലും അഞ്ചും ആണ് കലോത്സവ വേദികളിലെ പ്രധാനികൾ. ഒന്നാം നിറവും അഞ്ചാം നിറവും ഉൾപ്പെടെ വൻ കളികളിൽ പെടുന്ന ഗണപതി പാട്ടും ഉൾപ്പടെയുള്ള ചുവടുകളും ഇത്തവണ കലോത്സവ വേദിയിൽ കരിവെള്ളൂരിന്‍റേതായുണ്ടാകും.
രാമായണവും മഹാഭാരതവും ഉപകഥകളും ആസ്‌പദമാക്കി കൊണ്ടാണ് പൂരക്കളി പാട്ടുകൾ ഒക്കെയും മുന്നോട്ടു പോകുന്നത്. പുതിയ കാലഘട്ടത്തിൽ നവോത്ഥാന രാഷ്ട്രീയ പുരോഗമന ആശയങ്ങൾ ഉൾപ്പെടെയുള്ള പാട്ടുകളും പൂരക്കളിയുടെ മാറ്റ് കൂട്ടുന്നു.
മുമ്പൊക്കെ 14 ജില്ലകളിൽ നിന്നുമുള്ള ടീം ഉണ്ടാവാറില്ലെന്നും എന്നാൽ അടുത്ത കാലത്തായി അപ്പീലുകൾ ഉൾപ്പെടെ 17 ടീമുകൾ പൂരക്കളി വേദിയിൽ അരങ്ങിലെത്തിയിട്ടുണ്ടെന്നും പ്രമോദ് പറയുന്നു.
പൂരക്കളി എന്ന കലാരൂപം
ഭഗവതി കാവുകളാൽ സമ്പന്നമാണ് കണ്ണൂർ, കാസർകോട് ജില്ലകൾ. മീന മാസത്തിലെ കാർത്തിക നക്ഷത്രം മുതൽ പൂരം നക്ഷത്രം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന ആഘോഷമാണ് പൂരം. ഇതിനോട് അനുബന്ധിച്ചുള്ള അനുഷ്‌ഠാന കലാവിശേഷമാണ് പൂരക്കളി.
കുട്ടികൾ മുതൽ വൃദ്ധൻമാർ പ്രായഭേദമന്യേ ഇതിൽ പങ്കെടുക്കുന്നു. കളരി സംസ്‌കാരവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്‌കാരത്തിൽ നിന്നാവണം പിറവികൊണ്ടതെന്ന് ചരിത്രകാരന്മാർ പറയുന്നു.
ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്ക് മാത്രമേ പൂരക്കളിയിലെ ചുവടുകൾ പഠിച്ചെടുക്കാൻ പറ്റൂ. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിന് സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കേണ്ടതുണ്ട്.