തിരുവനന്തപുരം: 1996, ഏപ്രില്‍ ഒന്നിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി കേരളത്തില്‍ ചാരായം നിരോധിക്കുന്നത്. വളരെ വിപ്ലവകരമായ തീരുമാനമെന്ന് പലരും വിശേഷിപ്പിച്ച ഈ തീരുമാനത്തിന്റെ ഫലം എകെ ആൻ്റണിക്കു തിരിച്ചടിയായിരുന്നു. അതേ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എകെ ആന്റണി തോറ്റു തുന്നം പാടി. എന്നിട്ടു കേരളത്തില്‍ നിന്നു ചാരായം അപ്രത്യക്ഷമായോ?
2024 ല്‍ 4812 ലിറ്റര്‍ വാറ്റ് ചാരായമാണ് കേരളത്തില്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തതത്. ചാരായ നിരോധനത്തിനും 28 വര്‍ഷങ്ങള്‍ക്കിപ്പുറവും വാറ്റ് ചാരായത്തിൻ്റെ നിരോധനം ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് ഈ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.
ഔഷധം മാറ്റി നിര്‍ത്തിയാല്‍ നല്ല ഒന്നാന്തരം ചാരായം
തദ്ദേശീയമായി സുലഭമായ സസ്യങ്ങളെ ഉപയോഗിച്ചു ഗോവന്‍ ഫെനി മുതല്‍ ഉത്തരേന്ത്യയിലെ 'ദേസി ദാരു' വരെ വാറ്റിയെടുത്ത സമൂഹമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ കേരളത്തിൻ്റെ ചരിത്രത്തില്‍ മലയാളികളുടെ കുടി ശീലത്തെ മാറ്റിമറിച്ചായിരുന്നു ചാരായത്തിൻ്റെ കടന്നു വരവെന്ന് പ്രശസ്‌ത ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പനങ്കള്ളും തെങ്ങിന്‍ കള്ളും കുടിച്ചു ശീലിച്ച സാധാരണകാര്‍ക്ക് ചാരായം പരിചയപ്പെടുത്തിയത് നീറ്റ് വൈദ്യവും വാറ്റ് വൈദ്യവുമായി ആറാം നൂറ്റാണ്ട് മുതല്‍ കേരളത്തിലേക്ക് എത്തി തുടങ്ങിയ ആര്യവൈദ്യന്മാരാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
"ചാരായത്തിൻ്റെ വരവ് വാ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആര്യവൈദ്യന്മാര്‍ കേരളത്തില്‍ എത്തിയ കാലത്താണെന്ന് വ്യക്തമാണ്. കാരണം അക്കാലത്ത് വാറ്റ് ചാരായത്തിൻ്റെ ഉപയോഗം ആര്യ വൈദ്യത്തില്‍ മാത്രമാണ്. വൈദ്യന്മാര്‍ വാറ്റിയെടുക്കുന്ന അരിഷ്‌ടങ്ങളിലെയും കഷായങ്ങളിലെയും ഔഷധം മാറ്റി നിര്‍ത്തിയാല്‍ നല്ല ഒന്നാന്തരം ചാരായമാണ്." -വെള്ളനാട് രാമചന്ദ്രന്‍
റോമൻ മദ്യ സംസ്‌കാരം
ഗോത്ര മേധാവികളായിരുന്ന മൂപ്പന്മാര്‍ക്ക് ആംഫോറ (Amphora) എന്ന് പേരുള്ള വമ്പന്‍ ഭരണികളില്‍ റോമാക്കാര്‍ മദ്യമെത്തിച്ചിരുന്ന കാലത്തെ കുറിച്ച് റോമന്‍ എഴുത്തുകാരന്‍ പ്ലീനിയുടെ കുറിപ്പുകളില്‍ പറയുന്നുണ്ടെന്നും വെള്ളനാട് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
"ആംഫോറയുടെ ശേഷിപ്പുകള്‍ കണ്ണൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കടല്‍ കടന്നെത്തിയ റോമന്‍ മദ്യം അന്നത്തെ സമൂഹത്തിലെ വരേണ്യര്‍ക്ക് റോമന്‍ കച്ചവടക്കാര്‍ നല്‍കി വന്നിരുന്ന ഉപഹാരമായി തുടര്‍ന്നപ്പോള്‍ സാധാരണകാര്‍ക്ക് കള്ള് മാത്രമായിരുന്നു ആശ്രയം. പിന്നീട് എട്ടാം നൂറ്റാണ്ടില്‍ ആര്യന്മാര്‍ കേരളത്തില്‍ സജീവമായതോടെ ചാരായത്തിൻ്റെ ഉപയോഗം സുലഭമായി തുടങ്ങി," രാമചന്ദ്രന്‍ പറഞ്ഞു.
ചാരായം കുടിക്കാന്‍ തുടങ്ങിയ വിവാഹ സല്‍ക്കാരങ്ങള്‍
കേരളത്തില്‍ 17, 18 ആം നൂറ്റാണ്ടുകളിലാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നത്, അതിന് മുന്‍പ് ഇണയെ കണ്ടെത്തുന്നത് മലയാളികള്‍ ആഘോഷമാക്കിയിരുന്നില്ലെന്ന് വെള്ളനാട് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
"വിവാഹത്തിന് ചാരായം കുടിക്കാന്‍ വേണ്ടി മാത്രമായി തലേ ദിവസമേ ആഘോഷങ്ങള്‍ തുടങ്ങി. വിവാഹത്തിനും മരണത്തിനും ഓരോ തരം ചാരായങ്ങള്‍ നല്‍കുമെന്ന് പറയുമെങ്കിലും ഇതിന് രേഖകളില്ല. എന്നാല്‍ ആഘോഷചടങ്ങുകള്‍ ദിവസങ്ങളോളം നീണ്ടത് ചാരായം കുടിക്കാന്‍ വേണ്ടിയാകാം. മലയാള മണ്ണിലേക്ക് എത്തിയ പശ്ചാത്യ സംസ്‌കാരത്തിൻ്റെ സ്വാധീനവും ഈ മാറ്റങ്ങള്‍ക്ക് കാരണമാകാമെന്ന വാദം തള്ളികളയാനാകില്ല." -വെള്ളനാട് രാമചന്ദ്രന്‍
കള്ളിന് പകരം ചാരായം, ചാരായത്തിന് പകരം ചായ
കോഴിക്കോട് സാമൂതിരിയുടെ കാലത്ത് കൂട്ടായ്‌മയുടെ കേന്ദ്രങ്ങളായി ചാരായ ഷാപ്പുകള്‍ മാറിയിരുന്നുവെന്ന് ചരിത്ര വിദ്യാര്‍ഥി എന്‍ വൈ മനോജ് തന്‍റെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഒരുമിച്ചിരുന്നു സംസാരിക്കാനും പണി കഴിഞ്ഞെത്തുന്ന തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും ചാരായ ഷാപ്പുകള്‍ അഭയകേന്ദ്രങ്ങളായി. ബ്രിട്ടീഷുകാരും ക്രൈസ്‌തവ മിഷണറിമാരും കുടി ശീലം മാറ്റിയെടുക്കാന്‍ ധാരാളം പ്രയത്‌നിച്ചു. ഒത്തുചേരലുകളില്‍ ചാരായത്തിന് പകരമായി കാപ്പിയും ചായയുമാണ് വിദേശികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും എന്‍ വൈ മനോജ് പറയുന്നു.
ഇതിനായി ഔദ്യോഗിക കൂടിക്കാഴ്‌ചകളില്‍ ചായയും കാപ്പിയും ഇടം പിടിച്ചു തുടങ്ങി. തേയിലയുടെ വ്യാപനവും ഇതിലൂടെ ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടിരുന്നു. പതിയെ പശ്ചാത്യ സമൂഹത്തിൻ്റെ സ്വാധീനം പ്രാദേശിക സമൂഹത്തിലും പ്രതിഫലിച്ചു തുടങ്ങി. നാടന്‍ സായിപ്പുമാരില്‍ തുടങ്ങിയ ചായ കുടി ശീലം തേയില സുലഭമായിത്തുടങ്ങിയതോടെ സാധാരണക്കാരിലേക്കുമെത്തിയെന്ന് മനോജ് നിരീക്ഷിക്കുന്നു. വിസ്‌കി, റം, ബ്രാന്‍ഡി ഉള്‍പ്പെടെയുള്ള വിദേശ മദ്യയിനങ്ങളുടെ വ്യാപനവും ഇക്കാലത്ത് സാമാന്തരമായി നടന്നു.
കാവുകളിലെ കള്ള് സമര്‍പ്പണം
ദൈവത്തിൻ്റെ കള്ളിനും, മനുഷ്യൻ്റെ ചാരായത്തിനും മറ്റെല്ലാ ലഹരികള്‍ക്കും മുന്‍പേ മലയാളിയുടെ ശീലം പനങ്കള്ളും തെങ്ങിന്‍ കള്ളുമായിരുന്നുവെന്നും വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു. കള്ളിനെ ദിനചര്യയാക്കിയ സമൂഹത്തില്‍ ദൈവങ്ങള്‍ക്ക് പോലും മലയാളി കള്ള് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. കുട്ടനാട്, ആലപ്പുഴ മുതലുള്ള വടക്കന്‍ കേരളത്തിലെ കാവുകളിലെ കള്ള് സമര്‍പ്പണം ഇന്നും തുടരുന്നു. ചാരായം വന്നപ്പോഴും ദൈവത്തിന് ചാരായം സമര്‍പ്പിക്കാന്‍ ആരും തുനിഞ്ഞില്ല. ഇതില്‍ നിന്നും കള്ളിൻ്റെ സ്ഥാനം നേടാന്‍ ചാരായത്തിന് കഴിഞ്ഞില്ലെന്ന് വ്യക്തമാണ്.
പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യാന്‍ പുറപ്പെട്ട കുടിയേറ്റക്കാർ പ്രതിഷ്‌ഠകള്‍ക്ക് കള്ള് നല്‍കാന്‍ ഏറെ പണിപ്പെട്ടു. തെങ്ങിൻ്റെയും പനയുടെയും ലഭ്യത കുറവായിരുന്നു ഇതിന് കാരണം. അപ്പോഴും ചാരായം വാറ്റി കുടിച്ചവര്‍ അതു ദൈവത്തിന് നല്‍കിയില്ല. പതിയെ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന വിദേശ മദ്യം ദൈവത്തിന് നല്‍കാന്‍ അര്‍ഹമാണെന്ന് കണ്ടെത്തുകയും വിദേശ മദ്യം ദൈവികമാവുകയും ചെയ്‌തുവെന്നും വെള്ളനാട് രാമചന്ദ്രന്‍ പറഞ്ഞു.
Also Read: