തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസിൽ മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി പറഞ്ഞു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പെരിയ മുന്‍ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, എ മുരളി, ടി. രഞ്ജിത്ത്, ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവർക്കെതിരെയാണ് കുറ്റം തെളിഞ്ഞത്. 10 പ്രതികളെ വെറുതെ വിട്ടു.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഒന്നാം പ്രതിയായ കേസിൽ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന കെവികുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്‌ഠൻ, പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എൻ ബാലകൃഷ്‌ണൻ, പാക്കം ലോക്കൽ സെക്രട്ടറിയായിരുന്ന രാഘവൻ വെളുത്തോളി ഉൾപ്പടെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
തനിക്ക് വധശിക്ഷ നൽകണമെന്ന് പെരിയ ഇരട്ടക്കൊല കേസിലെ പതിനഞ്ചാം പ്രതി സുരേന്ദ്രൻ പറഞ്ഞു. കരഞ്ഞുകൊണ്ടായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു പ്രതികൾ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർഥിച്ചു. കുടുംബ പ്രാരാബ്‌ധങ്ങളായിരുന്നു പ്രതികൾ പ്രധാനമായും ബോധിപ്പിച്ചത്. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികളിൽ ചിലർ പറഞ്ഞു. പതിനെട്ടാം വയസിലാണ് ജയിലിൽ കയറിയതെന്ന് ഏഴാം പ്രതി അശ്വിൻ പറഞ്ഞു. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായി കാണാൻ കഴിഞ്ഞിട്ടില്ല. ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അശ്വിൻ കോടതിയോട് പറഞ്ഞു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസിൽ സിബിഐ അന്വേഷണം തടയുന്നതിന് സംസ്ഥാന സർക്കാർ, സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. കേസിലെ വിധി സിപിഎമ്മിനും, സർക്കാറിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കേസിലെ 24 പ്രതികളിൽ 16 പേർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ബാക്കിയുള്ളവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ജനുവരി 3ന് ശിക്ഷാ വിധി പ്രഖ്യാപിക്കും.
Also Read:പെരിയ ഇരട്ടക്കൊലക്കേസ്: വിധി ഇന്ന്; കുടുംബം കൊച്ചിയിൽ എത്തി, കല്യോട് കനത്ത സുരക്ഷ