ന്യൂഡല്‍ഹി: അച്‌ഛനുമായി പിണങ്ങിയ മകന്‍ ഷേവിങ് റേസര്‍ വിഴുങ്ങുമ്പോള്‍ അദ്ദേഹത്തെ ഒന്ന് ഭയപ്പെടുത്തണമെന്നേ വിചാരിച്ചുള്ളൂ. എന്നാല്‍ കളി കാര്യമായി. വയറ്റിലെത്തിയ റേസര്‍ ജീവന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഒടുവില്‍ ആശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയിലൂടെ പുറത്തെടുക്കേണ്ടി വന്നു.
സംഭവം നടന്നത് അങ്ങ് ഡല്‍ഹിയിലാണ്. ഇരുപതുകാരനായ യുവാവാണ് കഥയിലെ നായകന്‍. റേസര്‍ രണ്ട് ഭാഗങ്ങളായാണ് വിഴുങ്ങിയത്. ഇത് ജീവന് വെല്ലുവിളി ആയേനെ എന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയുമുള്ള യുവാവാണ് റേസര്‍ വിഴുങ്ങിയത്. യുവാവിന്‍റെ പിതാവിനും മാനസിക പ്രശ്‌നങ്ങളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌കാന്‍ ചെയ്‌ത് നോക്കിയപ്പോഴാണ് റേസര്‍ വയറ്റിലുണ്ടെന്ന് മനസിലായത്. പിന്നീട് ഇത് വന്‍കുടലിലേക്ക് നീങ്ങി. തുടർന്ന് ഡോ.തരുണ്‍ മിത്തലിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ശസ്‌ത്രക്രിയാ വിദഗ്ദ്ധരാണ് റേസര്‍ പുറത്തെടുത്തത്. ഡോ. അന്‍മോൽ അഹൂജ, ഡോ. ശ്രേഷ്‌ഠ മംഗലിക്, ഡോ. രാകേഷ് എസ്, ഡോ.കാര്‍ത്തിക് കൃഷ്‌ണ, ഡോ. തനുശ്രീ നഹത തുടങ്ങിയവരാണ് ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
വയര്‍ തുറന്ന് വയറ്റില്‍ കുടുങ്ങിയ ബ്ലേഡ് നീക്കം ചെയ്‌തു. പിന്നീട് കുടലില്‍ ആയ ഭാഗം ചെറിയ ലൈറ്റും ക്യാമറയും ഉപയോഗിച്ചുള്ള സിഗ്‌മോയ്‌ഡോസ്‌കോപ്പി എന്ന രീതിയുപയോഗിച്ച് കണ്ടെത്തിയ ശേഷം പുറന്തള്ളി.
ഇത് പ്രത്യേക സംഭവമാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. കാരണം ശരീരത്തില്‍ മറ്റൊരു വസ്‌തു എത്തിയെന്നത് മാത്രമല്ല മറിച്ച് രോഗിയുടെ മാനസിക പ്രശ്‌നങ്ങളും ചികിത്സയില്‍ വെല്ലുവിളിയായെന്ന് ഡോ. മിത്തല്‍ പറഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പലരും ഭയവും നാണക്കേടും കാരണം ചികിത്സ തേടാന്‍ മടിക്കുന്നു. ഇത് അപകടകരമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നുവെന്നും ഡോ.മിത്തല്‍ പറഞ്ഞു.
ഈ യുവാവ് ദേഷ്യവും വൈകാരിക പിരിമുറുക്കവും കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയത്. മാനസികാരോഗ്യ ബോധവത്ക്കരണത്തിന്‍റെയും പിന്തുണയുടെയും ആവശ്യമാണ് ഇവിടെ അടിവരയിട്ട് ഓര്‍മ്മിപ്പിക്കുന്നത്.
ശസ്‌ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ചു. വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കുമുള്ള ചികിത്സയ്ക്കായി അദ്ദേഹത്തെ കൗണ്‍സിലിങിനായി വിട്ടു. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ മാനസികാസ്വസ്ഥ്യങ്ങള്‍ക്കും ചികിത്സ തേടാന്‍ കുടുംബം ഒരുങ്ങുകയാണ് ഇപ്പോള്‍.
യുവാവിന് ചികിത്സ നല്‍കിയ ഡോക്‌ടര്‍മാര്‍ക്ക് കുടുംബം നന്ദി അറിയിച്ചു. മകന്‍റെ ജീവന്‍ രക്ഷിച്ചതില്‍ ഡോക്‌ടര്‍മാരോട് നന്ദിയുണ്ടെന്ന് അമ്മ പറഞ്ഞു. അതിസങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയ നടത്തിയ സംഘത്തെ അഭിനന്ദിക്കുന്നുവെന്ന് ശസ്‌ത്രക്രിയ നടന്ന സര്‍ ഗംഗാറാം ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു. ഇത്തരം വ്യക്തികളുടെ മാനസികാരോഗ്യ ചികിത്സയില്‍ തങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.