തൃശൂര്‍: തൃശൂര്‍ മേയറും സുനിൽ കുമാറും തമ്മില്‍ പോര് മുറുകുന്നു. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്.
തൻ്റെ വീട്ടിലേക്ക് വരുന്നവര്‍ അഥിതികളാണ്. ആര് കേക്ക് കൊണ്ടു വന്നാലും വാങ്ങിക്കുമെന്നും കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നുമാണ് തൃശൂർ മേയർ പറഞ്ഞത്. വാർത്താ സമ്മേളനത്തിലായിരുന്നു തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിൻ്റെ പ്രതികരണം.
‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിൻ്റെ ചട്ടകൂടിൽ ഇവിടുത്തെ പുരോഗതിക്കായി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്‌മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് സുരേഷ്ഗോപി വന്നു കേക്ക് തന്നു. അദ്ദേഹത്തിന് ഞാനൊരു കേക്ക് കൊടുത്തു. അതൊരു തെറ്റാണോ?.’- എന്നും മേയര്‍ ചോദിച്ചു
ഞാൻ ഒരു ക്രിസ്‌ത്യാനിയാണ്, ക്രിസ്‌മസിന് കേക്ക് നല്‍കുന്നത് സ്‌നേഹം പങ്കിടലാണ്. എല്ലാ ക്രിസ്‌മസിനും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കേക്ക് നല്‍കാറുണ്ട്. ക്രിസ്‌മസ് ദിനത്തിൽ വീട്ടിൽ ഞാൻ ലോക രക്ഷകനെ കാത്തിരിക്കുന്ന ദിവസമായിരുന്നു. അന്ന് ആരോടും ചോദിക്കാതെയാണ് ഇവർ വീട്ടിലേക്ക് കടന്നു വന്നത്.
അവരെനിക്ക് കേക്ക് തന്നു, ഞാനും ഒരു പീസ് കേക്ക് കൊടുത്തു. ഇതിൽ എന്താണ് തെറ്റ്? എനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന്, എവിടെ നിന്നാണ് കണ്ടതെന്ന് സുനിൽ കുമാറിനോട് ചോദിക്കണമെന്ന് മേയര്‍ എംകെ വർഗീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മേയർ എന്ന നിലയിൽ എന്നെ ഏൽപിച്ച ജോലി ഞാൻ ചെയ്യുന്നുണ്ട്. ഇന്നത്തെ തൃശൂരിന് എന്തെല്ലാം മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പഴയ തൃശൂർ അല്ല ഇന്ന്. എൻ്റെ ഉത്തരവാദിത്വം ചെയ്യുന്നുണ്ട്. അല്ലാതെ ബാലിശമായ കാര്യങ്ങൾ ചെയ്യുകയല്ല വേണ്ടത്. ബിജെപി അവരുടെ ആശയങ്ങളും പ്രസ്‌താനകളുമായി മുന്നോട്ട് പോകുന്നു. അന്നേ ദിവസം കോൺഗ്രസുകാരോ എൻ്റെ സ്വന്തം പാർട്ടിയിൽ നിന്നോ കേക്ക് കൊണ്ടു വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സുനിൽ കുമാറിന് തന്നോടിത്ര സ്‌നേഹം എന്താണെന്നും അദ്ദേഹം പരിഹസിച്ചു.
സുനിൽ കുമാറിൻ്റെ പരാമര്‍ശം
കെ സുരേന്ദ്രൻ ക്രിസ്‌മസ് ദിവസം എംകെ വർഗീസിൻ്റെ വീട്ടിലെത്തി കേക്ക് കൊടുത്തതാണ് വിവാദമായത്. ഇതിന് പിന്നാലെ മേയറെ വിമർശിച്ചുകൊണ്ട് സുനിൽ കുമാർ രംഗത്ത് വന്നിരുന്നു. ബിജെപി പ്രസിഡൻ്റിൻ്റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമല്ലെന്നാണ് സുനിൽ കുമാർ പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിൻ്റെ ചെലവില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് സുനിൽ കുമാർ പറഞ്ഞത്. ഇതോടെയാണ് തൃശൂർ മേയർ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്.