ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്. രണ്ട് മാസത്തിന് ശേഷമാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് നടപടിയെടുക്കുന്നത്. സംഭവത്തിന് ശേഷം കണ്‍ട്രോള്‍ റൂമിലും കമ്മിഷണര്‍ ഓഫിസിലും വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അതിജീവിത കോടതിയില്‍ മൊഴി നല്‍കി.
കഴിഞ്ഞ ഒക്‌ടോബര്‍ നാലിനാണ് സഹോദരിക്കൊപ്പം കടയില്‍ പോയ യുവതി ബലാത്സംഗത്തിന് ഇരയായത്. സഹോദരിക്കൊപ്പം രാത്രി എട്ട് മണിക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയ യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണം തടഞ്ഞ യുവതിയെ സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു.
യുവതിയുടെ സഹോദരി സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ഉടൻ തന്നെ വഴിയാത്രക്കാരൻ്റെ ഫോണ്‍ വാങ്ങി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അതിജീവിതയും കുടുംബവും ആരോപിക്കുന്നത്. കമ്മിഷണര്‍ ഓഫിസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയതായും യാതൊരു നടപടിയും പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അതിജീവിത പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കോടതി ഇടപെട്ടതോടെയാണ് പൊലീസ് ഇപ്പോള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.