കോഴിക്കോട് :ഞെളിയൻ പറമ്പിൽ ജൈവ വളമാക്കാൻ സൂക്ഷിച്ച് വെച്ച ജൈവ വേസ്‌റ്റിന് തീ പിടിച്ചു. ഇന്നലെ (ഏപ്രിൽ 14) രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്‍റിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ മീഞ്ചന്ത അഗ്നിശമന സേനയെ വിവരമറിയിച്ചു.
ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ ഇ ശിഹാബുദ്ദീൻ്റെ നേതൃത്വത്തിൽ ഫയർ റസ്ക്യൂ ടീം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രി 11 മണിയോടെയാണ് തീ അണച്ചത്. ഓഫിസർമാരായ പി കെ അജികുമാർ, കെ എം ജിഗേഷ്, സി അൻവർ സാദിഖ്, ഹോം ഗാർഡ് കെ ശ്രീകാന്ത് എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി. തീപിടിത്തം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി അണക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഡല്‍ഹി ഗാന്ധി നഗർ മാർക്കറ്റിൽ വന്‍ തീപിടിത്തം :ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ അടുത്തിടെ വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നാല് നിലകളുള്ള കടയിലാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 9 ന് വൈകുന്നേരമാണ് സംഭവം നടന്നതെന്നും തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് ഫയർ സർവീസസ് വകുപ്പ് അറിയിച്ചു.