കേരളം

kerala

ETV Bharat / state

എഡിഎമ്മിന്‍റെ മരണത്തിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല, ഗൂഢാലോചനയിൽ സിപിഎമ്മിനും പങ്കെന്ന് വിഡി സതീശൻ

നവീൻ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് കൊന്നതിനേക്കാൾ വലിയ ക്രൂരത, അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും വിഡി സതീശൻ.

By ETV Bharat Kerala Team

Published : 6 hours ago

VD SATHEESAN AGAINST CPM AND CM  ADM NAVEEN BABU DEATH  CM PINARAYI VIJAYAN  adm death investigation
Opposition Leader VD Satheesan (ETV Bharat)

വയനാട്:എഡിഎം നവീൻ ബാബുവിന്‍റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അതിൽ അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിഎം അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചത് കൊന്നതിനേക്കാള്‍ വലിയ ക്രൂരതയാണെന്നും, പ്രശാന്തന്‍ ഏത് സിപിഎം നേതാവിന്‍റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സംഭവമുണ്ടായത് മുഖ്യമന്ത്രിയുടെ ജില്ലയിലായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ പ്രതികരിക്കാത്തത് വിസ്‌മയകരമാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചന കുറിപ്പ് പോലും പുറത്തിറക്കിയില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാവ് പങ്കാളിയായ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വരുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat)

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും, പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എഡിഎം മരിച്ചിട്ടും പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്ന വ്യാജ രേഖ സിപിഎം സൃഷ്‌ടിച്ചെന്നും ഇത് തെളിയിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രശാന്തന്‍ ഉണ്ടാക്കിയിരിക്കുന്ന പാട്ടക്കരാറിലെയും പരാതിയിലെയും പേരും ഒപ്പും രണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വ്യാജമായി രേഖയുണ്ടാക്കി എഡിഎം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യത്തില്‍ കലക്‌ടറുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് കലക്‌ടര്‍ മൗനം പാലിച്ചതെന്നും ചോദിച്ചു.

ഡിപ്പാര്‍ട്ട്‌മെന്‍റ് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് വന്നതെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്‍റ് , മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കലക്‌ടര്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കലക്‌ടര്‍ കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. എഡിഎമ്മിനെ അപമാനിക്കുന്നതിന് വേണ്ടി വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, അല്ലാതെ വെറുതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അതുവഴി പോയപ്പോള്‍ വന്ന് പ്രസംഗിച്ചതല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഗൂഢാലോചന നടത്തി വീഡിയോഗ്രാഫറുമായി എത്തി എഡിഎമ്മിനെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന് സിപിഎമ്മും കൂട്ടു നിന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊന്നതിനേക്കാള്‍ വലിയ ക്രൂരകൃത്യമാണ് മരിച്ചതിനു ശേഷം എഡിഎം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമം. നവീന്‍ ബാബുവിനെ മാത്രമല്ല അദ്ദേഹത്തിന്‍റെ കുടുംബത്തെ കൂടിയാണ് അപമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണം പ്രതിപക്ഷം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പ്രശാന്തന് പെട്രോള്‍ പമ്പിന് വേണ്ടി നാലര കോടി മുടക്കാനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചോ​ദിച്ച വിഡി സതീശൻ, പ്രശാന്തന്‍ ഏതു സിപിഎം നേതാവിന്‍റെ ബിനാമിയാണെന്ന് കൂടി അന്വേഷിച്ചേ മതിയാകൂവെന്നും വ്യക്തമാക്കി.

Also Read:നവീൻ ബാബുവിന്‍റെ മരണം; അന്വേഷണ പരിധിയിൽ കണ്ണൂർ ജില്ലാ കളക്‌ടറെയും ഉൾപ്പെടുത്തണമെന്ന് വിഡി സതീശൻ

ABOUT THE AUTHOR

...view details