'മാളികപ്പുറം', 'നൈറ്റ് ഡ്രൈവ്', 'കെടാവർ' തുടങ്ങീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി പേരെടുത്ത തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. 'മാളികപ്പുറം' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ ആദ്യമായാണ് ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ഒന്നിച്ചത്. ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മാര്‍ക്കോ' തിയേറ്ററുകളില്‍ വിജയക്കൊടി പാറിച്ച സാഹചര്യത്തില്‍ നടനുമായുള്ള സൗഹൃദ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അഭിലാഷ് പിള്ള.
'മാർക്കോ' എന്ന സിനിമയുടെ വിജയം ഒരുപക്ഷേ ഉണ്ണി മുകുന്ദനേക്കാൾ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് തന്നെ ആയിരിക്കുമെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. ഇതേകുറിച്ചുള്ള തിരക്കഥാകൃത്തിന്‍റെ വാക്കുകള്‍ നോക്കാം.
"ഏറ്റവുമധികം ബ്രൂട്ടൽ വയലൻസും ആക്ഷനുമുള്ള ഒരു ചിത്രമാണ് മാർക്കോ. സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത് എ സർട്ടിഫിക്കറ്റാണ്. എന്നിട്ട് കൂടി കേരളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാകാൻ മാർക്കോയ്‌ക്ക് സാധിച്ചു. കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇപ്പോഴും മാർക്കോ തരംഗം തുടരുകയാണ്. ഉണ്ണിമുകുന്ദൻ എന്ന വ്യക്‌തി അർഹിച്ച ഒരു വിജയമാണിത്. എത്രയോ വർഷമായി ജീവിതത്തിൽ ഇതുപോലൊരു വിജയം നേടാൻ അദ്ദേഹം പരിശ്രമിക്കുന്നു. അദ്ദേഹത്തിന്‍റെ കഷ്‌ടപ്പാടുകൾ നേരിട്ട് അറിയാവുന്ന ഒരു വ്യക്‌തിയാണ് ഞാൻ. അത് ഉൾക്കൊണ്ട് തന്നെ പറയട്ടെ ഉണ്ണി മുകുന്ദനേക്കാൾ മാർക്കോയുടെ വിജയം സന്തോഷിപ്പിക്കുന്നത് ഉണ്ണിയുടെ പ്രിയപ്പെട്ട സുഹൃത്തായ എന്നെ തന്നെയാണ്," അഭിലാഷ് പിള്ള പറഞ്ഞു.
മാളികപ്പുറം എന്ന സിനിമയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദം ദൃഢമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. "എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്, ഉണ്ണി മുകുന്ദൻ എന്ന വ്യക്‌തി ജീവിക്കുന്നത് തന്നെ സിനിമയ്ക്ക് വേണ്ടിയാണ്. ഒരു സിനിമയ്ക്ക് വേണ്ടി അയാൾ ചെയ്യുന്ന കഠിനാധ്വാനം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അയാൾ പരമാവധി ശ്രമിക്കുന്നു. വരുംവർഷങ്ങളിൽ ഉണ്ണി മുകുന്ദൻ സിനിമകൾ മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതപ്പെടുന്ന സിനിമകളായി മാറും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിൽ ഒരു ആവശ്യവുമില്ലാതെ ഏറ്റവും കൂടുതൽ പഴികേട്ട നടൻ ഉണ്ണി മുകുന്ദന്‍ ആണെന്നും മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം പഴികേട്ട തിരക്കഥാകൃത്ത് താനാണെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഇതേകുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"മാളികപ്പുറം എന്ന സിനിമ, ഒരു അജണ്ട പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടി മാത്രം എടുത്ത ചിത്രമാണെന്ന് വലിയൊരു പരാമർശം ഉടലെടുത്തു. വിവാദം എന്ന ഉദ്ദേശശുദ്ധിയോടു കൂടി മാത്രം ചെയ്‌ത ചിത്രമാണ് മാളികപ്പുറം എന്ന് പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്‌തു. ഇത്തരം വിവാദങ്ങളും സംസാരങ്ങളും സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഉടലെടുത്തിരുന്നു. പക്ഷേ മിക്ക സമയങ്ങളിലും ഞങ്ങൾ സംയമനം പാലിക്കാനാണ് ശ്രമിച്ചത്. കാരണം മാളികപ്പുറം റിലീസ് ചെയ്യുമ്പോൾ ഈ പറയുന്ന വിവാദങ്ങൾക്കും അപവാദങ്ങൾക്കും സിനിമ തന്നെ മറുപടി പറയുമെന്ന് കരുതി," തിരക്കഥാകൃത്ത് പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാതെ പറഞ്ഞു കൂട്ടുന്ന കാര്യങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെ തന്നെ വിലക്കിയത് ഉണ്ണിമുകുന്ദൻ ആണെന്നും അദ്ദേഹം പറഞ്ഞു.
"സിനിമ റിലീസ് ചെയ്യട്ടെ. സിനിമയെ മുന്നിൽ നിർത്തി നമുക്ക് എല്ലാ വിവാദങ്ങൾക്കും മറുപടി പറയാം എന്നായിരുന്നു ഉണ്ണിമുകൻ പറഞ്ഞത്. പക്ഷേ സിനിമ റിലീസ് ചെയ്‌തതോടെ കേരളത്തിലെ സാധാരണ പ്രേക്ഷകർക്ക് മാധ്യമങ്ങളിലൂടെ ലഭിച്ച തെറ്റിദ്ധാരണ മാറി എന്നുള്ളതാണ് വാസ്‌തവം. സീക്രട്ട് ഏജന്‍റ് എന്ന യൂട്യൂബറുമായി ഒരു വാക്കേറ്റം ഉണ്ടായി എന്നത് ഒഴിച്ചാൽ മാളികപ്പുറം എന്ന സിനിമയുടെ റിലീസിന് ശേഷം ഒരു പ്രശ്‌നവും ഉടലെടുത്തില്ല. ഒരു സിനിമ എന്നതിനപ്പുറത്തേക്ക് മാളികപ്പുറം എന്ന ചലച്ചിത്രം ഒരു അജണ്ടയും ചർച്ച ചെയ്യുന്നില്ലെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെട്ടു. മാധ്യമങ്ങൾ കള്ളം പറയുകയാണെന്ന് ജനങ്ങൾക്ക് വ്യക്‌തമായെന്നും അഭിലാഷ് പിള്ള പറഞ്ഞു.
യൂട്യൂബര്‍ സീക്രട്ട് ഏജന്‍റുമായുള്ള വാക്കേറ്റത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സീക്രട്ട് ഏജന്‍റിന്‍റെ പ്രവൃത്തി ഉണ്ണി മുകുന്ദനെ ചൊടിപ്പിക്കാനുണ്ടായ കാരണവും അഭിലാഷ് പിള്ള വ്യക്‌തമാക്കി.
"സീക്രട്ട് ഏജന്‍റുമായുള്ള വാക്കേറ്റത്തെ പിന്നീട് ഉണ്ണിമുകുന്ദൻ ലഘൂകരിക്കുകയായിരുന്നു. ഉണ്ണി മുകുന്ദനുമായി വാക്കേറ്റം ഉണ്ടായത് അയാൾ റെക്കോർഡ് ചെയ്‌ത് ജനങ്ങളിലേക്ക് എത്തിച്ചു. എനിക്ക് വരുമാനം ലഭിക്കാനാണ് ഇങ്ങനെ ചെയ്‌തത്. അരി വാങ്ങാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ പല രീതിയിൽ നടത്തുമെന്ന് സീക്രട്ട് ഏജന്‍റ് പറഞ്ഞതോടെ ഉണ്ണി മുകുന്ദൻ പിൻവാങ്ങി. ഉണ്ണി മുകുന്ദനെ കുറ്റം പറഞ്ഞതുകൊണ്ട് അയാൾക്ക് അരി വാങ്ങാനുള്ള വരുമാനം ലഭിക്കുമെങ്കിൽ അയാൾ തന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് ഉണ്ണി മുകുന്ദൻ പിന്നീട് പ്രതികരിച്ചത്. എന്നാല്‍ സീക്രട്ട് ഏജന്‍റ്, മാളികപ്പുറം എന്ന സിനിമയുടെ പേരിൽ ഒരു പരിധിവിട്ട് സ്വകാര്യ കാര്യങ്ങളിലേക്ക് കടന്നു കയറിയതാണ് സത്യത്തിൽ ഉണ്ണി മുകുന്ദനെ ചൊടിപ്പിച്ചത്," അദ്ദേഹം പറഞ്ഞു.
സീക്രട്ട് ഏജന്‍റുമായി ഉണ്ണി മുകുന്ദൻ ഫോണിലൂടെ പ്രതികരിക്കുന്ന സമയത്ത് താനും ഒപ്പം ഉണ്ടായിരുന്നതായി അഭിലാഷ് പിള്ള വെളിപ്പെടുത്തി. "ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ണിയോട് പറഞ്ഞതാണ് അയാൾ ഈ സംഭാഷണം റെക്കോർഡ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുമെന്ന്. അങ്ങനെ തന്നെ സീക്രട്ട് ഏജന്‍റ് ചെയ്‌തു. ഈ പ്രവൃത്തിയിലൂടെ സീക്രട്ട് ഏജന്‍റ് എന്ന വ്യക്‌തിക്ക് നഷ്‌ടപ്പെടാൻ ഒന്നുമില്ല. മാത്രമല്ല അയാൾ പ്രശസ്‌തനാവുകയും ചെയ്‌തു. അന്ന് ഞങ്ങളെ ഏറ്റവുമധികം സപ്പോർട്ട് ചെയ്‌തത് അഖിൽ മാരാർ ആയിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. ഒരു ചാനൽ ചർച്ചയിൽ ഈ സീക്രട്ട് ഏജന്‍റ് എന്ന് പറയുന്ന വ്യക്‌തി ഉണ്ണി മുകുന്ദനുമായുള്ള വാക്കേറ്റം മനപ്പൂർവം സൃഷ്‌ടിച്ചതാണെന്ന് തുറന്നു പറഞ്ഞു," -അഭിലാഷ് പിള്ള വ്യക്‌തമാക്കി.
ആ ചാനല്‍ ചർച്ചയിൽ താനും പങ്കെടുത്തിരുന്നെന്നും അഖിൽ മാരാറിനേക്കാൾ കൂടുതൽ താനായിരുന്നു ഉണ്ണിക്ക് വേണ്ടി സംസാരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഉണ്ണിയും അഖില്‍ മാരാറും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ട പലരും നിശബ്‌ദരായപ്പോൾ ഞങ്ങൾക്ക് വേണ്ടി അഖിൽ മാരാർ കത്തി കയറിയത്. സ്വന്തം തെറ്റ് അയാളെ ബോധ്യപ്പെടുത്തി കൊടുത്തിട്ടും അയാൾ സ്വയം തിരുത്താൻ തയ്യാറായിട്ടില്ല. മാർക്കോ എന്ന സിനിമ ഇന്ത്യയിലെ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമയായി മാറിയിട്ടും ആ സിനിമയ്‌ക്കെതിരെ അയാൾ ദിവസവും നെഗറ്റീവ് റിവ്യൂ ഇട്ടുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ എന്തിനാണ് ഇപ്പോഴും പലരും ശത്രുവായി കരുതുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു സിനിമ നല്ലതാണെങ്കിൽ അതിനെ നല്ലതാണെന്ന് പറഞ്ഞുകൂടെ എന്നുള്ളതാണ് എന്‍റെ ചോദ്യം," അദ്ദേഹം പറഞ്ഞു.
ഒരു സിനിമ മോശമായാൽ പല നിരൂപകരും ആ സിനിമയിലെ നടനെയും അണിയറ പ്രവർത്തകരെയും ഒരു ശത്രുവിനെ പോലെയാണ് കണക്കാക്കുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു. "ഇവിടെ ഒരാളും മോശമാകണമെന്ന് കരുതി ഒരു സിനിമയും എടുക്കാറില്ല. എല്ലാവരുടെയും ആഗ്രഹം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തി ഒരു സിനിമ ചെയ്യണം എന്നുള്ളത് തന്നെയാണ്. ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് കാമറൂണിന് പോലും സങ്കൽപ്പിച്ച് പറയാൻ ആകില്ല. ഒരിക്കലും ഒരു മോശം സിനിമ ചെയ്‌ത് പ്രേക്ഷകരെ വെറുപ്പിക്കാൻ ഇവിടെ ആരും ശ്രമിക്കാറില്ല. സിനിമ പരാജയപ്പെട്ടാൽ ആ സിനിമ മോശമാണെന്ന് ഉൾക്കൊണ്ട് അവരുടെ അടുത്ത സിനിമയ്ക്ക് വേണ്ടി ആശംസിക്കുക. എന്തിനാണ് പരാജയപ്പെട്ടവരെ ശത്രുക്കളായി കാണുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല," അഭിലാഷ് പിള്ള പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ ചെയ്‌ത് കൊണ്ട് പലരും സംസാരിക്കാറുണ്ടെന്നും സിനിമ മോശമാകുന്നത് ആരുടെയും തെറ്റ് കൊണ്ടല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. "തക്ക മറുപടി നൽകാൻ അറിയാത്തത് കൊണ്ടല്ല. മോശം കമന്‍റുകൾ ഇടുന്നവരെ അതുപോലെ നേരിട്ടാൽ ഞങ്ങളും അവരും തമ്മിൽ പിന്നെ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല. പരിധി വിട്ട് സംസാരിക്കുന്നവർക്കെതിരെ നിയമപരമായി നീങ്ങാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ കാലം വരെ ഉണ്ണി മുകുന്ദൻ എന്ന നടനെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിനുകൾ നടന്നു. അതൊക്കെ സത്യത്തിൽ എന്തിനായിരുന്നു എന്ന് പ്രേക്ഷകരായ നിങ്ങൾ ചിന്തിക്കണം. പക്ഷേ ഇപ്പോൾ മാർക്കോ വിജയിച്ചപ്പോൾ എല്ലാവരും അയാളെ പൊക്കി പറയുന്നു. കേരളത്തിലെ മാധ്യമങ്ങൾ അയാളെ പ്രശംസിക്കുന്നു. ഒരു മാധ്യമം ഒഴിച്ച്. എന്തിനായിരുന്നു ഇത്രയധികം വെറുപ്പ് എന്നതിനുള്ള ഉത്തരം ലഭിച്ചില്ലെങ്കിലും ഒരാൾ വിജയിച്ചാൽ മലയാളികൾ ഒപ്പം നിൽക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് മാർക്കോ," തിരക്കഥാകൃത്ത് പറഞ്ഞു.
പ്രേക്ഷകർ തങ്ങളെ പോലുളളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നും എല്ലാവരെയും സംതൃപ്‌തിപ്പെടുത്തിക്കൊണ്ട് ആർക്കും ഒന്നും ഇവിടെ സൃഷ്‌ടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒരു സൃഷ്‌ടിയുടെ വിജയ പരാജയങ്ങൾ ഒരാളെ ശത്രുവോ മിത്രമോ ആക്കുന്നതിന് മാനദണ്ഡം ആക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത ചിത്രമാണ് 'ആനന്ദ് ശ്രീബാല'. തിയേറ്ററുകളിൽ വലിയ വിജയമായ 'ആനന്ദ് ശ്രീബാല' ഇപ്പോൾ ഒടിടിയില്‍ പ്രദർശനം തുടരുകയാണ്. 2024 നവംബര്‍ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ട് മാസങ്ങള്‍ക്ക് ശേഷം 2025 ജനുവരി 17നാണ് ആമസോണ്‍ പ്രൈമീലൂടെ ഒടിടിയില്‍ സ്‌ട്രീമിംഗിനെത്തിയത്. നിലവില്‍ അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'സുമതി വളവി'ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.