ന്യൂഡല്‍ഹി: എഎപിയെ തുറന്ന് കാട്ടാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്‍റെ ബൂത്ത് ഏറ്റവും ശക്തമായ ബൂത്ത്' എന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്ന അഴുക്കുചാലുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളുടെയും ചിത്രങ്ങള്‍ എടുത്ത് പ്രദേശം സഹിതം പങ്കുവയ്ക്കാനും മോദി നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഎപിയുടെ പൊള്ളത്തരം പുറത്ത് കൊണ്ടുവരേണ്ടത് ബിജെപിയുടെ ബൂത്ത് തല പ്രവര്‍ത്തകരുടെ വലിയ ഉത്തരവാദിത്തമാണ്. നിങ്ങളുടെ ബൂത്തിലെ ഓരോ തെരുവിന്‍റെയും ചിത്രങ്ങളെടുക്കുക, ദൃശ്യങ്ങളെടുക്കുക, മലിനജലം ഒഴുകുന്നതിന്‍റെയും തകര്‍ന്ന അഴുക്കു ചാലുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവയ്‌ക്കാനും മോദി കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഡല്‍ഹിയെ എഎപി കൊണ്ടു ചാടിച്ചിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കുക. ഇത് സാധ്യമായാല്‍ മാത്രമേ ഡല്‍ഹിയെ വികസിത ഇന്ത്യയുടെ വികസിത തലസ്ഥാനമാക്കി മാറ്റാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സംഘടനയുടെ ശക്തി ഡല്‍ഹിയിലാണ്. മൂന്ന് നാല് തലമുറയില്‍പ്പെട്ട പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലുമുണ്ട്. ഇക്കുറിയും ബിജെപിക്ക് ഇവിടെ നിന്ന് വലിയ വിജയം നേടാനാകും.
കോണ്‍ഗ്രസും എഎപിയും അവരുടെ ഭരണകാലത്ത് ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചെന്നും മോദി ആരോപിച്ചു. ഇപ്പോള്‍ ഡല്‍ഹി ജനത എഎപിയുടെ നുണകളിലും ചതികളിലും പെട്ട് ഉഴലുകയാണ്.
രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ല് ഇടത്തരക്കാരാണെന്നും മോദി ചൂണ്ടിക്കാട്ടി. ആരോഗ്യം മുതല്‍ വിദ്യാഭ്യാസം വരെ വിവിധ മേഖലകളില്‍ ഇടത്തരക്കാര്‍ക്കായി വിവിധ ആധുനിക സൗകര്യങ്ങള്‍ ബിജെപി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍ ഈ വിനാശകാരികളായ എഎപി ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്ക് കഷ്‌ടപ്പാടുകളും പ്രശ്‌നങ്ങളും മാത്രമാണ് നല്‍കുന്നത്.
ഡല്‍ഹിയിലെ ഇടത്തരക്കാരുടെ ജീവിതവും യാത്രയും സുഗമമാക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ വലിയ തുകകള്‍ മാറ്റി വയ്ക്കുന്നു. ബിജെപി ഡല്‍ഹിയിലെ ഇടത്തരം ജനതയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് വേണ്ടി നിലകൊള്ളുന്നു. മെട്രോ ഡല്‍ഹിയിലെ ഓരോ മുക്കിലും മൂലയിലുമെത്തിയിരിക്കുന്നു. ഇവിടെ ദേശീയപാതകളുടെയും അതിവേഗ പാതകളുടെയും ശൃംഖല ഉണ്ടായിരിക്കുന്നു. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ പരിശ്രമ ഫലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എഎപിക്കാര്‍ കോണ്‍ഗ്രസിലേക്ക് പോകാനായി രണ്ടടി വച്ച് നില്‍ക്കുകയാണ്. ഏഴുപതിറ്റാണ്ടായി രാജ്യത്തെ നശിപ്പിച്ച് കൊണ്ടിരുന്ന ഭൂതമാണ് കോണ്‍ഗ്രസ്. എന്നാല്‍ എഎപി കേവലം ഏഴ് മാസം കൊണ്ട് അവരുടെ എല്ലാ തിന്‍മകളും സ്വന്തമാക്കി. ഒന്‍പത് വര്‍ഷമായി അവര്‍ ചെയ്‌ത തിന്‍മകളെല്ലാം ഇരട്ടിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് 256 മണ്ഡലങ്ങളിലും 70 നിയമസഭാ മണ്ഡലങ്ങളിലും 13000 പൂത്തുകളിലും നിന്നായി പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയത്.
അടുത്ത മാസം അഞ്ചിനാണ് രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. എഎപി, ബിജെപി, കോണ്‍ഗ്രസ് തമ്മിലുള്ള ത്രികോണ മത്സമാണ് അരങ്ങേറുന്നത്.
പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരണം കയ്യാളിയ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടു. ഒരൊറ്റ സീറ്റില്‍ പോലും ഇവര്‍ക്ക് വിജയിക്കാനായില്ല. 70ല്‍ 62 സീറ്റുകള്‍ നേടിയാണ് 2020ല്‍ എഎപി അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ നേടാനായി.
Also Read: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സ്വഭാവമല്ല നിയമസഭ തെരഞ്ഞെടുപ്പിന്: വിദഗ്‌ധർ പറയുന്നതിങ്ങനെ