തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിൻ്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.
ചര്‍ച്ചയ്ക്കു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി പറയുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദിവ്യയുടെ അറസ്റ്റാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ബഹളം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങിയാല്‍ പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാന്‍ മൈക്ക് നല്‍കാമെന്ന് പറഞ്ഞ് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളി ഉച്ചത്തിലായി. ഇതിനിടെ സഭ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.
നേരത്തെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എഡിഎമ്മിൻ്റെ ആത്മഹത്യ പ്രശ്‌നം സഭയിലുയര്‍ത്തിയത്. വിളിക്കാത്ത സഭയില്‍ പോയി ഒരു എഡിഎമ്മിനെ അദ്ദേഹത്തിൻ്റെ സഹപ്രവര്‍ത്തകരുടെയും മേലധികാരിയുടെയും കീഴുദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഴിമതിക്കാരനെന്ന് അധിക്ഷേപിച്ചതെന്ന് സതീശന്‍ പറഞ്ഞു.
'എഡിഎം സിപിഎം കുടുംബാംഗമാണ്. അദ്ദേഹത്തിൻ്റെ മാതാവ് പത്തനംതിട്ടയില്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സിപിഎം സര്‍വ്വീസ് സംഘടനാംഗമാണ്. ഇന്ന് പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വരുമെന്ന് കരുതി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന അമ്മയുടെയും മകളുടെയും അടുത്ത് എത്തുന്നത് മരണവാര്‍ത്തയാണ്. വിളിക്കാത്ത സഭയില്‍ കയറി ഒരുദ്യോഗസ്ഥനെ അഴിമതിക്കാരനെന്ന് വിളിക്കാന്‍ ദിവ്യ ആരാണ്. ധിക്കാരവും അഹങ്കാരവും അവര്‍ക്കു തലയ്ക്കു പിടിച്ചു.' അവര്‍ക്കെതിരായി കേസെടുത്ത് അവരെ അറസ്‌റ്റ് ചെയ്യണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Also Read:'എഡിഎമ്മിന്‍റെ മരണം കൊലപാതകത്തിന് തുല്യം, സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നത്': വിഡി സതീശന്‍