കണ്ണൂര്‍:ഓപ്പറേഷന്‍ എലഫന്‍റിന്‍റെ ഭാഗമായി ആറളം ഫാമില്‍ നിന്നും തുരത്തിയ കാട്ടാനകള്‍ വീണ്ടും തിരിച്ചെത്തിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറളം ഫാമില്‍ നിന്നും ആദിവാസ പുനരധിവാസ മേഖലയില്‍ നിന്നുമായി 50 ലേറെ കാട്ടാനകളെയാണ് പദ്ധതിയുടെ ഭാഗമായി വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. പദ്ധതി വിജയിക്കുമോയെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു.
ആശങ്ക നിലനില്‍ക്കവേയാണ് ആനകളുടെ തിരിച്ചുവരവ്. ഫാമിലെ 7, 10, 11, 13 ബ്ലോക്കുകളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ പടക്കം പൊട്ടിച്ചാണ് പ്രദേശവാസികള്‍ ആനകളെ തുരത്തുന്നത്. ഇവ വനത്തിലേക്ക് മടങ്ങാതെ ആറളം പഞ്ചായത്തിലെ വനമേഖലയില്‍ നിലയുറപ്പിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് അതിര്‍ത്തികളില്‍ സോളാര്‍ തൂക്കൂവേലി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.