കേരളം

kerala

ETV Bharat / state

പ്രിയങ്കയടക്കം 11 പേരും അതിഥി സ്ഥാനാർഥികൾ; വയനാട്ടിലെ സ്വതന്ത്രരെ അറിയാം

പ്രിയങ്ക ഗാന്ധിയടക്കം മലയാളികൾ അല്ലാത്ത 11 അന്യ സംസ്ഥാന സ്ഥാനാർഥികളാണ് ഇത്തവണ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത്.

WAYANAD NON MALAYALI CANDIDATES  WAYANAD LOKSABHA BYELECTION 2024  വയനാട്ടിലെ അതിഥി സ്ഥാനാര്‍ഥികള്‍  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്
Non Keralite candidates contesting in Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 9:59 PM IST

തിരുവനന്തപുരം:വയനാട് തെരഞ്ഞെടുപ്പിൽ ആകെ 16 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. എന്നാല്‍ അവരിൽ വെറും അഞ്ച് പേർ മാത്രമേ മലയാളികളുള്ളൂ എന്ന് എത്ര പേർക്കറിയാം? പ്രിയങ്ക ഗാന്ധിയടക്കം മലയാളികൾ അല്ലാത്ത 11 അന്യ സംസ്ഥാന സ്ഥാനാർഥികൾ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട് എന്നതാണ് വാസ്‌തവം.

പതിമൂന്ന് സ്ഥാനാർഥികളിൽ തന്നെ എട്ട് പേര്‍ സ്വതന്ത്ര സ്ഥാനാർഥികളാണ്. ബാക്കി അഞ്ച് പേർ അധികം പറഞ്ഞ് കേൾക്കാത്ത ചില രാഷ്‌ട്രീയ പാർട്ടികളുടെ കീഴിലാണ് മത്സരിക്കുന്നത്. സ്വതന്ത്രരായി മത്സരിക്കുന്നവരിൽ പ്രമുഖർ ആരുമില്ലെങ്കിലും പലപ്പോഴായി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ചിലരെ അവിടെ കാണാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജയിക്കാനല്ലെങ്കിൽക്കൂടി പല ഉദ്ദേശ്യ ലക്ഷ്യങ്ങളുമായാണ് ഇവർ മത്സരിക്കാനിറങ്ങുന്നത്. ചിലർ പ്രശസ്‌തിക്ക് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ ചിലർ തങ്ങളുടെ നിലപാടുകൾക്ക് വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. പ്രമുഖരല്ലാത്ത ആ 10 സ്ഥാനാർഥികൾ ആരൊക്കെയാണെന്നും അവർക്ക് പറയാനുള്ളത് എന്താണെന്നും നമുക്കൊന്ന് നോക്കിവരാം.

രുക്‌മിണി:

കര്‍ണാടകയിലെ ബെല്ലാരി സ്വദേശിനിയാണ് 43 കാരിയായ രുക്‌മിണി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വയനാട്ടില്‍ മത്സരിക്കുന്നത്. രണ്ടാമതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കര്‍ണാടകയിലെ കൊപ്പല്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. 5285 വോട്ട് കിട്ടി. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചു.

വിദ്യാ സമ്പന്നരായ ആളുകളുടെ നാടാണ് കേരളമെന്നും വയനാട്ടിലെ ആദിവാസികളുടെ വികസനമാണ് തന്‍റെ ലക്ഷ്യം എന്നുമാണ് രുക്‌മിണി പറയുന്നത്. അതിനുള്ള 25 ഗ്യാരണ്ടികളടങ്ങിയ പ്രകടന പത്രിക മുന്നില്‍ വെച്ചാണ് മല്‍സരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. ആളും കോളും അണികളുമില്ല. ഒറ്റയ്ക്കാണ് പ്രചാരണം.

നാമനിര്‍ദേശ പത്രികയില്‍ ഒപ്പ് വെക്കാന്‍ നാട്ടുകാരുടെ സഹായം ലഭിച്ചെന്നും രുക്‌മിണി പറയുന്നു. ജനങ്ങളാണ് യജമാനന്‍മാര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളൊക്കെ സമന്മാരാണ്. എതിരാളിയുടെ വലിപ്പം നോക്കാറില്ലെന്നും രുക്‌മിണി പറഞ്ഞു.

ഡോ. കെ. പദ്‌മരാജന്‍:

കെ. പദ്‌മരാജന്‍ (ECI)

തമിഴ്‌നാട് സ്വദേശിയായ പദ്‌മരാജന്‍ ഇത് 245-ാ മത്തെ തെരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. 1988 മുതല്‍ മത്സരിക്കുന്നു. വാജ്പേയി, കരുണാനിധി, നരസിംഹ റാവു, യെദിയൂരപ്പ, സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍, ജയലളിത, എകെ ആന്‍റണി, വയലാര്‍ രവി, എസ്.എംകൃഷ്‌ണ, സിദ്ധരാമയ്യ, രാഹുല്‍ ഗാന്ധി, ദ്രൗപതി മുര്‍മു, ജഗദീപ് ധന്‍കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരേയും മത്സരിച്ചു. ഒരിക്കല്‍പ്പോലും കെട്ടിവെച്ച പണം തിരിച്ചു കിട്ടിയിട്ടില്ല. 2019 ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ പദ്‌മരാജന് 1887 വോട്ട് കിട്ടി.

അജിത്കുമാര്‍:

അജിത്കുമാര്‍ (ECI)

തിരുവനന്തപുരം കൊടുങ്ങാനൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ റോഷ് ഹൗസില്‍ അജിത് കുമാര്‍ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍റെ ബാനറിലാണ് വയനാട്ടില്‍ മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം പുരുഷ ഇരകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ വേണ്ടി പ്രവൃത്തിച്ചു വരുന്നതിന്‍റെ ഭാഗമാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് എത്തുന്നത്. നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി മാനസികമായി അടുപ്പമുണ്ടെന്ന് അജിത് പറയുന്നു.

എ നൂര്‍ മുഹമ്മദ്:

എ നൂര്‍ മുഹമ്മദ് (ECI)

തമിഴ്‌നാട് സ്വദേശിയായ നൂര്‍ മുഹമ്മദിന്‍റെ 45-ാമത്തെ മത്സരമാണ് വയനാട്ടിലേത്. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇതുവരെ മത്സരിച്ചതില്‍ കെട്ടിവെച്ച പണം തിരികെ ലഭിച്ചിട്ടില്ല. നിരന്തരം മത്സരിക്കുമ്പോള്‍ ഒരു തവണയെങ്കിലും ജയിക്കാനാകും. വയനാട്ടിലെ മത്സരം പത്രത്തിലൂടെയാണ് അറിഞ്ഞത്. വയനാട്ടില്‍ ഒരിക്കല്‍ ജയിക്കും. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്വന്തമായി അണികളില്ല. പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും നൂര്‍ മുഹമ്മദ് പറയുന്നു.

ഗോപാല്‍ സ്വരൂപ് ഗാന്ധി:

ഗോപാല്‍ സ്വരൂപ് ഗാന്ധി (ECI)

കിസാന്‍ മജ്‌ദൂര്‍ ബെറോജ്‌ഗാര്‍ സംഘ് പാര്‍ട്ടിയുടെ കീഴിലാണ് ഗോപാല്‍ സ്വരൂപ് ഗാന്ധി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ്‌ സ്വദേശിയാണ്. ഗാന്ധിജിയോടുള്ള ആരാധന കൊണ്ടാണ് പേരിന്‍റെ കൂടെ ഗാന്ധി എന്ന് ഔദ്യോഗികമായി ചേര്‍ത്തത്. ഇതുവരെ ആറ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. എല്‍എല്‍ബി, എംഎ ഇംഗ്ലീഷ്, എംഎ എക്കണോമിക്‌സ്, ബി. എഡ് ബിരുദങ്ങളുണ്ട്.

ജയേന്ദ്ര കെ റാത്തോഡ്:

ജയേന്ദ്ര കെ റാത്തോഡ് (ECI)

റൈറ്റ് ടു റീക്കോള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് 40 കാരനായ ജയേന്ദ്ര കെ റാത്തോഡ്. ഗുജറാത്ത് സ്വദേശിയാണ്. ഗുജറാത്ത് ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ നിന്ന് സൈബര്‍ സെക്യൂരിട്ടി ആന്‍ഡ് ഇന്‍സിഡന്‍റ് റിപ്പോര്‍ട്ടിങ്ങില്‍ എംടെക് ബിരുദം നേടിയിട്ടുണ്ട്.

ഷെയ്ഖ് ജലീല്‍:

ഷെയ്ഖ് ജലീല്‍ (ECI)

ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് ജലീല്‍ നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസമാണ് ഷെയ്ഖ് ജലീലിനുള്ളത്.

ദുഗ്ഗിരള നാഗേശ്വര റാവു:

ദുഗ്ഗിരള നാഗേശ്വര റാവു (ECI)

41 കാരനായ ദുഗ്ഗിരള നാഗേശ്വര റാവു ഹൈദരാബാദ് സ്വദേശിയാണ്. ജാതീയ ജനസേന എന്ന പാര്‍ട്ടിയുടെ കീഴിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ തെലുഗ് ബിരുദധാരിയാണ്.

എ സീത

എ സീത (ECI)

ചൈന്നൈ സ്വദേശിനിയായ എ സീതയാണ് (52) വയനാട്ടിലെ മറ്റൊരു സ്ഥാനാര്‍ഥി. ബഹുജന്‍ ദ്രാവിഡ പാര്‍ട്ടിയുടെ കീഴിലാണ് സീത വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

ഇസ്‌മയില്‍ സബി ഉള്ള:

ഇസ്മയില്‍ സബി ഉള്ള (ECI)

65 കാരനായ ഇസ്‌മയില്‍ സബി ഉള്ള കര്‍ണാടകയിലെ ബിദാര്‍ സ്വദേശിയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വയനാട്ടില്‍ മത്സരിക്കുന്നത്.

സോനു സിങ് യാദവ് :

സോനു സിങ് യാദവ് (ECI)

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയാണ് സോനു സിങ് യാദവ്. 56 വയസാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സോനു സിങ് യാദവ് വയനാട്ടില്‍ മത്സരിക്കുന്നത്.

ആര്‍ രാജന്‍:

ആര്‍ രാജ്‌ (ECI)

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആര്‍ രാജന്‍ വയനാട് കല്‍പറ്റ സ്വദേശിയാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് ബിഎ എക്കണോമിക്‌സ് ബിരുദം നേടിയിട്ടുണ്ട്.

സന്തോഷ്‌ പുളിക്കല്‍:

സന്തോഷ്‌ പുളിക്കല്‍ (ECI)

സ്വതന്ത്ര സ്ഥാനാര്‍ഥിയായ സന്തോഷ്‌ പുളിക്കല്‍ തൃശൂര്‍ ജില്ലയിലെ കാരൂര്‍ സ്വദേശിയാണ്. എസ്എസ്എല്‍സി വിദ്യാഭ്യാസമാണുള്ളത്.

Also Read:ആവേശം വിതച്ച് പ്രചാരണ ഗാനങ്ങള്‍; പാരഡിയിലും പോരടിച്ച് വയനാട്ടിലെ തെരഞ്ഞെടുപ്പങ്കം

ABOUT THE AUTHOR

...view details