എറണാകുളം : കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്‌ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദർ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മിഷണർ.
യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തും. അന്വേഷണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. അതേസമയം എറണാകുളം ജനറല്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ചയുടനെ കുഞ്ഞിൻ്റ വായും മൂക്കും പൊത്തി പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമികമായ ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് കുറ്റ സമ്മതം നടത്തിയത്.
കുഞ്ഞ് കരയുന്ന ശബ്‌ദം വീട്ടുകാർ കേൾക്കാതിരിക്കാനായിരുന്നു ഇത്തരത്തിൽ ചെയ്‌തത്. നേരത്തെ തന്നെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് പ്രസവാനന്തരം കുഞ്ഞിനെ ഇല്ലാതാക്കിയത്. വെള്ളിയാഴ്‌ച രാവിലെ അഞ്ചു മണിയോടെ പ്രസവം നടന്നുവെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തി എന്ത് ചെയ്യണമെന്ന് അറിയാതെ കിടപ്പുമുറിയിൽ വാതിൽ അടച്ച് ഇരിക്കുകയായിരുന്നു. ഇതിനിടയിൽ ആത്മഹത്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയതോടെയാണ് കൂടുതൽ പരിഭ്രാന്തയായത്. തുടർന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ശരീരം സമീപത്തെ വൃക്ഷ ശിഖിരങ്ങളിൽത്തട്ടി റോഡിൽ വീഴുകയായിരുന്നു. ഇതോടെ കൂടുതൽ പരിഭ്രാന്തയായി മുറിയിൽ തുടരുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.