ഇടുക്കി: കേന്ദ്ര മന്ത്രി ജോർജ് കുര്യന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജോർജ് കുര്യനും ആർഎസ്എസ്എസും ബിജെപിയുമെല്ലാം കേരളത്തിനെതിരാണ്. അവരുടെ ലക്ഷ്യം കേരളമാണ്. അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് പറയുന്നത്. സാമ്പത്തിക പ്രതിരോധവും ആശയ പ്രതിരോധവും സൃഷ്‌ടിക്കാനാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രമമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
എഐ വിഷയത്തിൽ ഇപ്പോഴും അതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി. എഐ സംവിധാനം മുഴുവൻ കുത്തക മുതലാളിമാരുടെ കൈയ്യിലാണ്. എഐ സാങ്കേതികവിദ്യ വഴി ഉത്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും.
കോടിയേരിയെപ്പറ്റി ശോഭാ സുരേന്ദ്രൻ നടത്തിയ പരാമർശത്തിനും എംവി ഗോവിന്ദൻ മറുപടി നൽകി. സിപിഎം സമ്മേളന നഗരികൾക്കെല്ലാം കോടിയേരിയുടെ പേരാണ് നൽകിയിരിക്കുന്നത്. കോടിയേരി നൽകിയത് അതുല്യമായ സംഭാവനയാണ്. അങ്ങനെ ഒരാളെ അധിക്ഷേപിക്കുന്ന ആർഎസ്എസുകാരെപ്പറ്റി എന്ത് പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയെ അധിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായില്ലെന്നും അത് സംബന്ധിച്ച് ആലോചന നടക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന് കിട്ടേണ്ട നികുതി കേന്ദ്രം ജിഎസ്‌ടി ഇനത്തിൽ കൊണ്ടുപോകുന്നു. അതിൻ്റെ ഭാഗമായി എന്തൊക്കെ ചെയ്യണമെന്ന് കിഫ്ബിയുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. നിലവിൽ അത്തരം ചർച്ചകളിലേക്കൊന്നും പോയിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്‌തമാക്കി.
ബ്രൂവറി വിഷയത്തിൽ ജനങ്ങൾക്ക് വിഷമമുണ്ടാകുന്ന ഒരു തുള്ളി വെള്ളം പോലും ഉപയോഗിച്ചുകൊണ്ട് പദ്ധതി ഉണ്ടാകില്ലെന്ന് എംവി പറഞ്ഞു. മുകേഷിൻ്റെ കാര്യത്തിൽ കോടതി വിധി വന്നതിന് ശേഷം മാത്രം നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികത നോക്കി എംഎൽഎ സ്ഥാനം രാജിവച്ചാൽ ധാർമികത അനുസരിച്ച് എംഎൽഎ സ്ഥാനം തിരിച്ച് കിട്ടുമോയെന്ന മറുചോദ്യം മാധ്യമപ്രവർത്തകരോട് അദ്ദേഹം ആരാഞ്ഞു. കോടതി വിധി വരുമ്പോൾ കേട്ടതല്ല ശരിയെന്ന് വന്നുകഴിഞ്ഞാൽ എംഎൽഎ സ്ഥാനം തിരിച്ച് കിട്ടുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
Also Read: ബിജെപിക്ക് പിന്നാലെ കാസർകോട് സിപിഎമ്മിലും പുതുമുഖത്തിന് സാധ്യത; പരിഗണനയിൽ രണ്ട് എംഎൽഎമാർ