കാസർകോട്: വന്ദേ ഭാരതിന് ഏറ്റവും സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളം. നിറയെ യാത്രക്കാരുമായാണ് ദിവസവും വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ട്രെയിൻ യാത്രക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത നൽകി പുത്തൻ വന്ദേ ഭാരത് കേരളത്തിലേക്ക് എത്തുന്നു.
കേരളത്തിൽ സര്‍വീസ് നടത്തുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരതിന് പകരമാണ് 20 കോച്ചുള്ള വന്ദേ ഭാരത് വരുന്നത്. നിലവിൽ ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-മംഗളുരു (20631) ട്രെയിനിന് പകരമാണ് പുതിയ സര്‍വീസ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല.
നിലവിൽ റെയിൽവേ കണക്കുപ്രകാരം ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയിൽ കയറിയും ഇറങ്ങിയും 200 യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മംഗളൂരു-തിരുവനന്തപുരം ട്രെയിനില്‍ (20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
20 റേക്കായാൽ 1246 സീറ്റിലധികം ഉണ്ടാകും. ഇത് യാത്രക്കാർക്ക് ഗുണമാകും. നിലവിൽ എട്ട് റേക്കിൽ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെൽവേലി- ചെന്നൈ വന്ദേ ഭാരതുകൾക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിലും (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്.
ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്. റെയിൽവേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പൻസിയുള്ള 17 വണ്ടികളിൽ ഏറ്റവും മുന്നിലാണ് ഈ ട്രെയിന്‍. ഇതിന് പകരം 20 കോച്ചുള്ള വണ്ടി എത്തുമെന്നും സൂചനയുണ്ട്.
20 കോച്ചുള്ള വന്ദേ ഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്നിറങ്ങിയ രണ്ട് വന്ദേ ഭാരതുകൾ കഴിഞ്ഞ ദിവസമാണ് ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറിയത്.
വന്ദേ ഭാരതിന്‍റെ നീലയും വെള്ളയും നിറം ഒഴിവാക്കിയിരുന്നു. അതുകൊണ്ട് ഓറഞ്ച്, ചാരം, കറുപ്പ് എന്നിവ സംയോജിപ്പിച്ചുള്ള നിറത്തിലാണ് ട്രെയിന്‍ എത്തുക.
Also Read:കോൺക്രീറ്റ് മിക്‌സിങ് യന്ത്രമടങ്ങിയ വാഹനം റെയില്‍വേ ട്രാക്കില്‍; സഡൻ ബ്രേക്കിട്ട് വന്ദേ ഭാരത്, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്.