വായനയുടെ പ്രാധാന്യത്തെയും മഹത്വത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു വായന ദിനം കൂടി. പുസ്‌തകങ്ങളുടെയും വായനയുടെയും ഈ പുതിയ ലോകത്തും വായനാ ദിനത്തിന്‍റെ പ്രാധാന്യം കുറയുന്നില്ല. വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. 1995 ജൂണ്‍ 19 നാണ് ആ അതികായന്‍ വിടപറഞ്ഞത്.
1926 ല്‍ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച അദ്ദേഹം, കേരള ഗ്രന്ഥശാല സംഘം രൂപീകരിക്കുന്നു. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു.
മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമാണ്. വീടുകളില്‍ പുസ്‌തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ പൊതുവായിൽ നാരായണ പണിക്കർ ആളുകളെ പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു.
വായനയിലൂടെ അറിവിന്‍റെയും ഭാവനയുടെയും ലോകം നമുക്കു മുന്നില്‍ തുറക്കപ്പെടുന്നു. ഒരു വ്യക്തി തന്‍റെ ചുറ്റു പാടുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ,ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലുമെല്ലാം വായനാ ശീലത്തിന് വലിയ പങ്കുണ്ട്.