തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങാന്‍ കുടുംബം. സമാധി പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (ജനുവരി 16) രാവിലെ 11 മണിക്ക് അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രൻ ഗോപൻ സ്വാമിയുടെ കുടുംബത്തിന് വേണ്ടി വക്കാലത്ത് സർപ്പിക്കും. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധി പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗോപൻ സ്വാമിയുടെ സമാധി വിവരം പോസ്‌റ്റർ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. പോസ്‌റ്റർ പതിച്ചപ്പോഴാണ് മരണ വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. തുടർന്ന് ദുരൂഹത ഉയർത്തി നാട്ടുകാർ രംഗത്തെത്തി.
സമാധി സീൽ ചെയ്‌ത നെയ്യാറ്റിൻകര പൊലീസ്, കലക്‌ടറോട് സമാധി പൊളിക്കാൻ വേണ്ട ഉത്തരവിന് വേണ്ടി അപേക്ഷ നൽകി. അതേസമയം സമീപവാസിയായ വിശ്വംഭരനും ഗോപൻ സ്വാമിയെ കാണാനില്ല എന്ന മിസിങ് കേസ് നെയ്യാറ്റിൻകര സ്‌റ്റേഷനിൽ നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്‌ച (ജനുവരി 13) രാവിലെ അസിസ്‌റ്റന്‍റ് കലക്‌ടർ ആൽഫ്രഡ് ഐഎഎസ് സ്ഥലത്ത് എത്തി സമാധി പൊളിക്കാൻ പൊലീസിന് നിർദേശം നൽകി.
എന്നാൽ തങ്ങൾക്ക് ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പോ, കത്തോ നൽകാതെ താങ്കളുടെ അച്‌ഛന്‍റെ സമാധി പൊളിക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് മക്കൾ ആരോപിച്ചു. ചില താത്‌പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്. ഏതാനും ഹൈന്ദവ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടുകൂടി സ്ഥിതിഗതികൾ വഷളായി. തുടർന്ന് പ്രതിഷേധങ്ങൾ കാരണം പൊലീസിന് പിന്നോട്ട് പോകേണ്ടി വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശേഷം ഡിവൈഎസ്‌പി ഓഫിസിൽ സബ് കലക്‌ടറുടെ സാന്നിധ്യത്തിൽ ഗോപൻ സ്വാമിയുടെ മക്കളുമായി ചർച്ച നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. സംഭവത്തിൽ കുടുംബത്തിന് നോട്ടീസ് നൽകി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ ഈ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
അതേസമയം ഇന്നലെ (ജനുവരി 14) സ്‌റ്റേഷനിലെത്തി മക്കൾ നൽകിയ മൊഴികളിൽ ഗോപന്‍ സ്വാമി സമാധിയായതാണെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ട് പേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. മാത്രമല്ല വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ട് പേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി.
കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് അവശനായ ഗോപൻ സ്വാമി വർഷങ്ങളായി ക്ഷേത്രാചാര ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ അയൽവാസികൾ പോലും കണ്ടിട്ട് ഏറെ നാളായെന്ന് പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീട്ടിൽ നിന്നും 200 മീറ്റർ അധികം ദൂരം വരുന്ന സമാധിസ്ഥലത്തേക്ക് സമാധിക്കായി അച്‌ഛൻ നടന്ന് വരികയായിരുന്നു എന്ന് പറയുന്ന മക്കളുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഹൈക്കോടതിയെ സമീപിച്ച് കൊണ്ട് സമാധി ഇടം പൊളിക്കാനുള്ള നീക്കത്തെ തടയാൻ കുടുംബം ശ്രമിക്കുമ്പോൾ അവയെ പൊലീസ് എങ്ങനെ പ്രതിരോധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.