കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങാത്ത സംഭവത്തില്‍ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. സംഭവിച്ച കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കോടതിയോട് മാപ്പ് അപേക്ഷിക്കുന്നുവെന്നും ബോബി പറഞ്ഞു. മാധ്യമപ്പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയ പ്രതികരണമായിരുന്നു ജയിലിനു പുറത്ത് നടത്തിയതെന്നായിരുന്നു ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ അറിയിച്ചത്.
ഇന്നലെ റിലീസിങ് ഉത്തരവ് അഭിഭാഷകന് ലഭിച്ചതേയുണ്ടായിരുന്നുള്ളൂ. മെട്രോയുടെ പണി നടക്കുന്നതിനാൽ ഇന്നലെ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. നിരുപാധികം മാപ്പ് രേഖാമൂലം സമർപ്പിക്കാമെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ മറുപടി. ഇതിനുപിന്നാലെ ബോബിയുടെ മാപ്പപേക്ഷ സ്വീകരിച്ച കോടതി, കര്‍ശന താക്കീതും നല്‍കി. ബോബി മാപ്പ് പറഞ്ഞതിന് പിന്നാലെ സ്വമേധയാ കോടതി എടുത്ത കേസ് തീര്‍പ്പാക്കുകയും ചെയ്‌തു.
കോടതിയെ അപമാനിക്കുന്നതാണ് ബോബി ചെമ്മണ്ണൂരിന്‍റെ നടപടിയെന്ന് ഹൈക്കോടതി ആവർത്തിച്ചു. നീതിന്യായ വ്യവസ്ഥയോട് ബോബി ചെമ്മണ്ണൂർ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഹൈക്കോടതി വിലയിരുത്തി. ജയിലിന് പുറത്തേക്ക് വന്നത് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ലഭിച്ചതിന് സമാനമാണെന്നും കോടതി വ്യക്തമാക്കി. ഇതിനിടെയാണ് ബോബി മാപ്പ് അപേക്ഷിച്ചത്.
കോടതിയോട് ബഹുമാനം മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി. ബോബി ഇനി വാ തുറക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിക്കരുതെന്ന് കോടതി ബോബിയ്‌ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നു.
റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണ്ണൂര്‍ ആരാണ് എന്ന് ചോദിച്ച കോടതി നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും ഓർമിപ്പിച്ചിരുന്നു. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ അറിയാമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also: നാടകം കളിക്കരുത്, വേണ്ടി വന്നാല്‍ അകത്താക്കും; ബോബി ചെമ്മണ്ണൂരിനെതിരെ കടുപ്പിച്ച് ഹൈക്കോടതി