കാസർകോട് : പെരിയ കേസിൽ വീണ്ടും പണപ്പിരിവുമായി സിപിഎം. പാർട്ടി മെമ്പർമാരിൽ നിന്നും 500 രൂപ വീതം പിരിച്ച് രണ്ട് കോടി സമാഹരിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഈ മാസം 20നകം ഏരിയ കമ്മറ്റികൾ ജില്ല കമ്മിറ്റിയെ ഏൽപ്പിക്കണമെന്നാണ് നിർദേശം.
ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് നിർദേശം. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചാണ് പിരിവ്.
അതേസമയം ഒരുതരത്തിലുള്ള വീഴ്‌ചയും ഈ കാര്യത്തിൽ ഉണ്ടാകരുതെന്നും ഏരിയാ കമ്മിറ്റി നേരിട്ട് മോണിറ്റർ ചെയ്യണമെന്നും ഈ മാസം 20നകം പണം ജില്ലാ കമ്മിറ്റിക്ക് കൈമാറാനുമാണ് ജില്ലാ കമ്മിറ്റി നൽകിയ നിർദേശം. പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021 നവംബർ - ഡിസംബറിൽ വലിയതോതിൽ പണം പിരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജില്ല കമ്മിറ്റി ഓഫിസിന്‍റെ അന്തിമ ജോലികൾക്കെന്ന് പറഞ്ഞാണ് അന്ന് പണം പിരിച്ചത്. അന്നും പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമായിരുന്നു പിരിവ്. നിലവിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കല്ലാതെ മറ്റാർക്കും പാർട്ടി ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴാണ് സ്‌പെഷൽ ഫണ്ടെന്ന പേരിൽ പ്രതികളുടെ നിയമ പോരാട്ടത്തിനും കുടുംബങ്ങളുടെ സംരക്ഷണത്തിനുമായി പണപ്പിരിവ് നടത്തുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് ഈ പണപ്പിരിവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഇന്ന് (ജനുവരി 15) വൈകിട്ട് പെരിയ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗവും സിപിഎം സംഘടിപ്പിക്കുന്നുണ്ട്. പി ജയരാജൻ, കെവി കുഞ്ഞിരാമൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.