എറണാകുളം : ബോബി ചെമ്മണ്ണൂരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിന്‍റെ നിലപാടിലാണ് ഹൈക്കോടതി വിമര്‍ശനം. നാടകം കളിക്കരുതെന്ന് കോടതി ബോബിയ്‌ക്ക് താക്കീത് നല്‍കി.
ബോബി ചെമ്മണ്ണൂരിനെ വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണ്ണൂര്‍ ആരാണ് എന്ന് ചോദിച്ച കോടതി നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും ഓർമിപ്പിച്ചു. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ അറിയാമെന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകനെ ബോബി ചെമ്മണ്ണൂർ അപമാനിച്ചുവെന്നും ഹൈക്കോടതി വിലയിരുത്തി.
നിയമത്തിനും മുകളിലാണെന്നു തോന്നുന്നുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി
മാധ്യമശ്രദ്ധയായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടിയിരുന്നതെന്നും കുറ്റപ്പെടുത്തി.
12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നൽകാൻ ബോബി ചെമ്മണ്ണൂരിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ ജയിൽ മോചിതനായി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് ഇന്നലെ ജാമ്യം ലഭിച്ചിട്ടും ബോബി ജയിലിൽ തുടര്‍ന്നത്. സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ബോബിയുടെ അസാധാരണമായ നടപടി.
ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി, പ്രതിഭാഗം അഭിഭാഷകനോട് ഉൾപ്പടെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ പ്രതിഭാഗം അഭിഭാഷകർ ജയിലിൽ എത്തി, നടപടികൾ പൂർത്തിയാക്കി ബോബിയെ പുറത്ത് ഇറക്കുകയായിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വേണ്ടിയാണ് താൻ ജയിലിൽ തുടർന്നതെന്ന് ബോബി ആവർത്തിച്ചു. എന്നാല്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമോയെന്ന ഭയത്തിലായിരുന്നു പ്രതിഭാഗം അഭിഭാഷകർ രാവിലെ പത്തുമണിയോടെ തന്നെ ബോബിയെ പുറത്തിറക്കിയത്.
ചൊവ്വാഴ്‌ച ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിക്കുകയായിരുന്നു. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ അധികൃതരെ അറിയിച്ചു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ കടുത്ത വിമര്‍ശനം വന്നിരിക്കുന്നത്.
Also Read: ബോചെയ്‌ക്ക് ജാമ്യം വേണ്ട; ജയിലിൽ തുടരുമെന്നും തടവുകാർക്ക് ഐക്യദാർഢ്യമെന്നും ബോബി ചെമ്മണ്ണൂർ