തിരുവനന്തപുരം: ഏറെ പ്രമാദമായ ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി. ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 14 വര്‍ഷക്കാലം ജയില്‍വാസമനുഭവിച്ചതും സ്‌ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് ജയില്‍ മോചനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്‌ത് അകാലവിടുതല്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കണ്ണൂര്‍ വനിതാ ജയിലിന്‍റെ ഉപദേശക സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നിയമവകുപ്പിന്‍റെ അഭിപ്രായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍മോചിതയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നൽകിയത്
2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവായ കാരണവർ വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിനായിരുന്നു കേസിൽ ഒന്നാം പ്രതി. ഷെറിന്‍റെ സുഹൃത്തുക്കളും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.
ഭാസ്‌കര കാരണവര്‍ കൊലക്കേസിന്‍റെ നാള്‍വഴികള്‍: 2009 നവംബര്‍ 7നായിരുന്നു ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ മരുമകള്‍ ഷെറിന്‍ കേസില്‍ ഒന്നാം പ്രതിയായി ജയിലിലേക്ക് പോകുമ്പോള്‍ മകള്‍ക്ക് നാല് വയസ് മാത്രമായിരുന്നു പ്രായം.
അക്കാലത്ത് വ്യാപകമായിരുന്ന സമൂഹ മാധ്യമമായ ഓര്‍കുട്ട് വഴി ഷെറിന്‍ പരിചയപ്പെട്ട കോട്ടയം സ്വദേശി ബിബീഷ് ബാബു എന്ന ബാസിതായിരുന്നു കേസിലെ രണ്ടാം പ്രതി, ഷെറിന്‍റെ സുഹൃത്തും കേസിലെ മൂന്നാം പ്രതിയുമായ കളമശേരി സ്വദേശി നിഥിന്‍, നാലാം പ്രതി കൊച്ചി സ്വദേശി ഷാനു റഷീദ് എന്നിവരാണ് അന്ന് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നത്.
ഉറക്കത്തിനിടയില്‍ ശ്വാസം മുട്ടിച്ചാണ് ഭാസ്‌കര കാരണവരെ പ്രതികള്‍ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിൽ പ്രതികള്‍ പിടിയിലാകുമ്പോള്‍ പൊലീസ് അന്വേഷണ സംഘത്തിന് കേസ് തെളിയിക്കാന്‍ വഴി കാട്ടിയായത് ഷെറിന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴികളിലെ വൈരുധ്യമാണ്. പ്രായം പരിഗണിച്ച് 2010 ജൂണ്‍ 11ന് പ്രതികളെ ജീവപര്യന്തത്തിന് വിധിച്ചപ്പോള്‍ മാവേലിക്കര അതിവേഗ കോടതി ജഡ്‌ജി എന്‍ അനില്‍കുമാര്‍ വിധി പ്രസ്‌താവനയില്‍ ഇത് പ്രത്യേകം സൂചിപ്പിച്ചിരുന്നതായി അന്നത്തെ വാര്‍ത്ത മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്.
87 സാഹചര്യ തെളിവുകളായിരുന്നു അന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ഷെറിനെതിരെ നിരത്തിയത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ചയ്ക്കിടെ ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും 277 പേജുള്ള വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വഴിവിട്ട ബന്ധങ്ങളും സ്വത്ത് തര്‍ക്കവും: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇളയമകന്‍ ബിനുവിന് എന്നുമൊരു കൂട്ടാകുമെന്നു കണ്ടാണ് ഭാസ്‌കര കാരണവര്‍ 2001ല്‍ ഷെറിനുമായുള്ള മകന്‍റെ വിവാഹം നടത്തുന്നത്. വിവാഹ ശേഷം മകനെയും മരുമകളേയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്‌തു. വര്‍ഷങ്ങളായി അമേരിക്കയില്‍ ഉദ്യോഗസ്ഥനായിരുന്നു ഭാസ്‌കര കാരണവര്‍.
കൊല നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ഷെറിനെയും മകനെയും ഇയാള്‍ നാട്ടിലേക്കയുക്കുകയും ചെയ്‌തു. പിന്നാലെ വിശ്രമജീവിതം നാട്ടിലാകാമെന്ന് കരുതി ഭാസ്‌കരകാരണവരും തിരികെ നാട്ടിലേക്ക് മടങ്ങി. ചെങ്ങന്നൂരില്‍ കുടുംബ ഓഹരിയായി ലഭിച്ച വസ്തുവില്‍ ഇതിനായി വീടും വെച്ചു. ഷെറിന്‍റെ സുഹൃത്ത് ബന്ധങ്ങളില്‍ കാരണവരുടെ എതിര്‍പ്പാണ് അസ്യാരസ്യങ്ങളുടെ തുടക്കമെന്ന് അന്നത്തെ വാര്‍ത്തകളില്‍ വിശദീകരിക്കുന്നു.
പലരില്‍ നിന്നായി ഷെറിന്‍ പണം കടം വാങ്ങുകയും ഇത് ഭാസ്‌കര കാരണവര്‍ വീട്ടുന്ന സാഹചര്യം വരെയുണ്ടായി. ഷെറിന്‍റെ മറ്റ് പുരുഷന്മാരുമായുള്ള വഴിവിട്ട ബന്ധവും മറ്റ് പ്രശ്‌നങ്ങളും കൂടിയായതോടെ മകന്‍റെയും മരുമകളുടെയും പേരില്‍ സ്വത്തുകള്‍ എഴുതിയ വില്‍പത്രം ഭാസ്‌കര കാരണവര്‍ റദ്ദ് ചെയ്‌തു. ഇതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്. കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് വരുത്തി തീര്‍ക്കുന്ന നിലയിലാണ് ഷെറിന്‍ സംഭവം ആസൂത്രണം ചെയ്‌തത്. സുഹൃത്തുക്കളായ ബാസിത്, ഷാനറു റഷീദ്, നിഥിന്‍ എന്നിവരാണ് ഭാസ്‌കര കാരണവരെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.
ജയിലിനുള്ളിലും വിവാദങ്ങള്‍: 2010 ജൂണ്‍ 11നായിരുന്നു മാവേലിക്കര അതിവേഗ കോടതി ഷെറിന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ ജീവപര്യന്തത്തിന് ശിക്ഷിക്കുന്നത്. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പിന്നീട് നെയ്യാറ്റിന്‍കര വനിത ജയിലിലേക്കുമാണ് ഷെറിനെ മാറ്റിയത്. നെയ്യാറ്റിന്‍കര വനിത ജയിലില്‍വച്ചാണ് ഷെറിന്‍ വീണ്ടു വാര്‍ത്തകളില്‍ നിറയുന്നത്.
മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് അധികൃതര്‍ കണ്ടെത്തുകയും ഷെറിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ഷെറിനെ 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിയ്യൂരില്‍ വച്ചാണ് ജയില്‍ ഡോക്‌ടര്‍ ഷെറിന് വെയില്‍ കൊള്ളാതിരിക്കാന്‍ കുട അനുവദിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരെ ഷെറിന്‍ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്. ഇതോടെ 2017 മാര്‍ച്ചില്‍ ഷെറിനെ തിരുവനന്തപുരം വനിത ജയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഷെറിന്‍ ഉള്ളത്.
Also Read: 'ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ ലഭിക്കില്ല'; നിയമവിദഗ്‌ധൻ പറയുന്നതിങ്ങനെ...