ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്‌ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
'1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല എന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. രാമക്ഷേത്ര നിർമാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമല്ല എന്നാണ് മോഹൻ ഭഗവത്‍ പറഞ്ഞുവയ്ക്കുന്നത്,' എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. ഈ പ്രസ്‌താവന മറ്റേതൊരു രാജ്യത്തും വിചാരണ ചെയ്യപ്പെടും. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസമാണ് (ജനുവരി 14) ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയിലൂടെയാണെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. അതുവരെ രാജ്യത്ത് സ്വാതന്ത്ര്യം നടപ്പാക്കാനായിരുന്നില്ലെന്നും മോഹൻ ഭാഗവത് ഇൻഡോറിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞിരുന്നു.
2024 ജനുവരി 22നാണ് രാമക്ഷേത്രം തുറന്നത്. എന്നാൽ, ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരം ജനുവരി 11നാണ് വാര്‍ഷികം ആഘോഷിച്ചത്. ഈ ദിനം ‘പ്രതിഷ്‌ഠാ ദ്വാദശി’ യെന്ന പേരിൽ സ്വാതന്ത്രദിനത്തിന് തുല്യമായി കൊണ്ടാടപ്പെടണമെന്നാണ് ആർഎസ്‌എസ് തലവന്‍റെ ആവശ്യം. പ്രാണ പ്രതിഷ്‌ഠ സംബന്ധിച്ച് പല കോണുകളിൽ നിന്ന് സംഘപരിവാറിനും ബിജെപിക്കും എതിരായ വിമർശനങ്ങൾ തുടരുമ്പോഴാണ് ആർഎസ്എസ് മേധാവി അതിനെ ശക്തമായി ന്യായീകരിച്ചത്.