വാറങ്കല്‍: സംക്രാന്തിയുടെ ആഘോഷത്തിമിര്‍പ്പിലായിരുന്നു തെലങ്കാന. സംസ്ഥാനത്തുടനീളം സംക്രാന്തിയുമായി ബന്ധപ്പെട്ട് നിരവധി ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. ഇക്കുട്ടത്തില്‍ വാറങ്കലിലെ നർസാംപേട്ടിൽ നടന്ന കന്നുകാലികളുടെയും പക്ഷികളുടേയും സൗന്ദര്യ മത്സരവും ആസിഫാബാദിലെ കാളവണ്ടി ഓട്ടമത്സരവും ഏറെ ശ്രദ്ധപിടിച്ചുപറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശാന്തി സേന റയ്‌തു സേവാ സംഘമാണ് നർസാംപേട്ടിൽ വളര്‍ത്തുജീവികളുടെ സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. പശുക്കൾ, കാളകൾ, ആടുകൾ, ചെമ്മരിയാടുകള്‍, നായ്ക്കൾ, പൂച്ചകൾ, കോഴി തുടങ്ങിയവയാണ് മത്സരത്തിന്‍റെ ഭാഗമായത്. വ്യത്യസ്‌തമായ രീതിയില്‍ അലങ്കരിക്കുകയും അണിയിച്ച് ഒരുക്കുകയും ചെയ്‌തതോടെ ഇവയുടെ സൗന്ദര്യം ഏറെ വര്‍ധിച്ചു. സന്ദര്യ മത്സരത്തില്‍ വിജയിച്ച ജീവികളുടെ ഉടമകൾക്ക് മുഖ്യാതിഥിയായിരുന്ന എംഎൽഎ ദോന്തി മാധവ റെഡ്ഡി സമ്മാനങ്ങൾ നൽകി.
ആസിഫാബാദ് ജില്ലയിലെ ബാബാപൂർ ഗ്രാമത്തിലായിരുന്നു വീറും വാശിയുമേറിയ കാളവണ്ടി ഓട്ടമത്സരം. ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു അരുവിയുടെ കരയിലായിരുന്നു കാളക്കൂറ്റന്മാര്‍ മത്സരിച്ചോടിയത്. പ്രാദേശിക നേതാവായ അരിഗേല മല്ലികാർജുനാണ് മത്സരം ഫ്ലാഗ് ഓഫ് ചെയ്‌തത്.
പൊടിപാറിച്ച കാളയോട്ട മത്സരം കാണികളില്‍ ആവേശത്തിരയിളക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനക്കൂട്ടം മത്സരം കാണാൻ എത്തിയിരുന്നു. കാളയോട്ട മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയുമായിരുന്നു സമ്മാനം. ഇതു കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലുള്ള പരമ്പരാഗത മുഗ്ഗുലു (രംഗോളി), പട്ടം പറത്തല്‍, കബഡി മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.