സോള്‍: ദക്ഷിണ കൊറിയയിലെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്‍റ് യൂണ്‍ സുക്ക് യോളിനെ അറസ്റ്റ് ചെയ്‌തു. സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.
അഴിമതി വിരുദ്ധ ഏജന്‍സിയുടെ ആസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോകുന്ന അദ്ദേഹത്തിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തന്‍റെ രാജ്യത്ത് നിയമവാഴ്‌ച പൂര്‍ണമായും തകര്‍ന്നുവെന്നാണ് യൂണിന്‍റെ അഭിപ്രായം. അറസ്റ്റ് വാറണ്ട് നടപ്പാക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രസിഡന്‍റ് സ്വമേധയാ ചോദ്യം ചെയ്യലിന് എത്തുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണ ഏജന്‍സി അനുവദിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉന്നത ഉദ്യോഗസ്ഥരാണ് യൂണിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ നൂറ് കണക്കിന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ പ്രവേശിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇക്കുറി കാര്യമായ എതിര്‍പ്പുകളില്ലാതെ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി. കറുത്ത നിറത്തിലുള്ള നിരവധി എസ്‌യുവികള്‍ പൊലീസിന്‍റെ അകമ്പടിയോടെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക മന്ദിരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിന്നീട് യൂണുമായി ഒരു വാഹനം ഏജന്‍സിയുെട ഗ്വാച്ചിയോണ്‍ നഗരത്തിന് സമീപമുള്ള ഓഫീസില്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.
യൂണിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്. ആഴ്ചകളായി സോളിലെ വസതിയിൽ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാൻ 1,000-ത്തിലധികം പൊലീസുകാരെയും അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയിരുന്നു. സൈനിക നിയമ പ്രഖ്യാപനത്തിനും തുടർന്നുള്ള ഇംപീച്ച്‌മെൻ്റിനും ശേഷം ഡിസംബർ 12 മുതൽ യൂണ്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ്. വിമത കുറ്റത്തിന് ചൊവ്വാഴ്ച കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അഴിമതി വിരുദ്ധ ഏജന്‍സിയും പൊലീസും സൈന്യവും ചേര്‍ന്നാണഅ യൂണിന്‍റെ പട്ടാള നിയമ പ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പട്ടാള നിയമം പ്രഖ്യാപിച്ച ശേഷം ഒരു കലാപത്തിനാണ് അദ്ദേഹം ശ്രമിച്ചതെന്നാണ് ആരോപണം.
ഔദ്യോഗിക വസതിയുടെ വളപ്പിന് പുറത്തുള്ള കവാടത്തില്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കുന്നിന്‍മുകളിലുള്ള അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തിച്ചേരാനായത്. പൊലീസുദ്യോഗസ്ഥര്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ബസിന് മുകളില്‍ ഏണി സ്ഥാപിച്ച് ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചില ഉദ്യോഗസ്ഥര്‍ ലോഹകവാടത്തിന് സമീപമുള്ള സുരക്ഷാ വാതില്‍ കടന്ന് വസതിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും കാണാം. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബസ് അവിടെ നിന്ന് നീക്കി. പിന്നീട് അകത്ത് നിന്ന് ഗേറ്റില്‍ ബാരിക്കേഡ് സ്ഥാപിച്ചു.
തയാറെടുപ്പുകളും ആശങ്കകളും
സംഘര്‍ഷം തുടരുന്നതിനിടെ ആക്രമണങ്ങള്‍ ഉണ്ടാക്കരുതെന്ന് നിലവിലെ ദക്ഷിണ കൊറിയന്‍ നേതാവും ഉപപ്രധാനമന്ത്രിയുമായി ചോയ് സാങ് മോക്ക് നിര്‍ദ്ദേശിച്ചു. യൂണിന്‍റെ അനുയായികളും വിമര്‍ശകരും തമ്മില്‍ അദ്ദേഹത്തിന്‍റെ വസതിക്ക് പുറത്ത് ഏറ്റുമുട്ടി. അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നാണ് ഒരു പക്ഷത്തിന്‍റെ വാദം.
ഡിസംബർ 14-ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്‌തതിനെത്തുടർന്ന് യൂണിന്‍റെ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോൾ ഭരണഘടനാ കോടതിയിലാണ്. 204-85 വോട്ടുകൾക്കാണ് യൂണിനെ ഇംപീച്ച് ചെയ്‌തത്.