കറികളിലും മറ്റുമായി മല്ലിയില ഉപയോഗിക്കാത്തവര്‍ കുറവാണ്. ഏറെ പേരും വിപണിയെയാണ് മല്ലിയിലയ്‌ക്കായി ആശ്രയിക്കുന്നത്. രാസ കീടനാശിനി ഉള്‍പ്പെടെ തളിച്ചാണ് ഇവ വളര്‍ത്തിയെടുക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്.
എന്നാല്‍ ഒന്നുമനസുവച്ചാല്‍ വീട്ടില്‍ തന്നെ എളുപ്പം വളര്‍ത്തി എടുക്കാന്‍ കഴിയുന്നവയാണ് മല്ലിയില. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഒരല്‍പ്പം പണവും ഇതുവഴി ലാഭിക്കുകയും ചെയ്യാം. മല്ലിയില വീട്ടില്‍ വളര്‍ത്തുന്നതിന് ശ്രദ്ധേക്കേണ്ടത് ഇത്രമാത്രം...
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കണ്ടെയ്‌നറുകളിലാണ് മല്ലിയില വളര്‍ത്തുന്നതെങ്കില്‍ 20 ഇഞ്ച് വീതിയും 10 ഇഞ്ച് ആഴവുമുള്ള പാത്രം തിരഞ്ഞെടുക്കേണ്ടതുണ്ട്. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ കണ്ടെയ്‌നറുകളില്‍ ഡ്രെയിനേജ് ദ്വാരങ്ങള്‍ ഉറപ്പാക്കുകയും വേണം. അയഞ്ഞതും, നല്ല നീർവാർച്ചയുള്ളതും, ചെറുതായി അമ്ലത്വമുള്ളതുമായ മണ്ണില്‍ മല്ലിയിലച്ചെടി നന്നായി വളരും.
നടീല്‍ മണ്ണില്‍ ജൈവ കമ്പോസ്റ്റും കലർത്താം. മല്ലിച്ചെടിയുടെ വിത്തുകൾ നേരിട്ട് മണ്ണിൽ വിതയ്ക്കുന്നതാണ് നല്ലത്, കാരണം പറിച്ചുനടുന്നത് ചെടിയെ ദോഷമായി ബാധിക്കും. വിത്തുകൾ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ നടുകയും ഏകദേശം 2 ഇഞ്ച് അകലം പാലിക്കുകയും ചെയ്യുക. വിതച്ചതിനുശേഷം വിത്തുകൾക്ക് മൃദുവായി നനയ്ക്കുക.
ALSO READ: ബൊഗെയ്‌ന്‍വില്ല ചെടി 'ഭ്രാന്ത് പിടിച്ച്' പൂക്കും; സൂത്രമിതാ... - BOUGAINVILLEA FLOWERING TIPS
മണ്ണ് ഈർപ്പമുള്ളതായി നിലനിർത്തുക, എന്നാല്‍ നനവ് ഏറരുത്. പ്രത്യേകിച്ച് മുളയ്ക്കുന്ന സമയത്ത് (ഏകദേശം 7-10 ദിവസം). ചെടി വളര്‍ന്നതിന് ശേഷം ഈർപ്പം നിലനിർത്താനും കളകളെ നിയന്ത്രിക്കാനും ചുവട്ടിൽ ചെറിയ രീതിയില്‍ പുതയിടുന്നത് നല്ലതാണ്. പൂർണ്ണ സൂര്യപ്രകാശത്തിൽ വളരുന്നവയാണ് മല്ലിച്ചെടി. അതിനാൽ പ്രതിദിനം കുറഞ്ഞത് 4–5 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലത്താവണം കണ്ടെയ്‌നര്‍ വയ്‌ക്കേണ്ടത്.
10°C മുതൽ 30°C വരെയുള്ള താപനിലയാണ് മല്ലിച്ചെടി ഇഷ്‌ടപ്പെടുന്നത്. വളരെ ചൂടുള്ള കാലാവസ്ഥയിലാണ് താമസിക്കുന്നതെങ്കിൽ, ഭാഗിക തണൽ സസ്യങ്ങൾ വാടിപ്പോകുന്നത് ഒഴിവാക്കാൻ സഹായിച്ചേക്കാം. മല്ലിച്ചെടി വളര്‍ന്ന് ആറ് ഇഞ്ച് ഉയരത്തിലെത്തിയാല്‍ വിളവെടുത്ത് തുടങ്ങാം.
പുറം ഇലകൾ മുറിച്ച്, വളർച്ച തുടരാൻ മധ്യഭാഗം വിട്ടാവണം ഇലകൾ വിളവെടുക്കേണ്ടത്. ഇതു ചെടിയില്‍ പുതിയ ഇലകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൂവിടുന്നത് വൈകിപ്പിക്കുകയും ചെയ്യും. ഒരു പാത്രത്തില്‍ നിന്ന് അഞ്ച് തവണ വിളവെടുക്കാം.