കാസർകോട്: നല്ല സ്‌പൈസി പരിപ്പുവട, പിന്നെ പഴപൊരിയും കപ്പയും ഇലയടയും ചായയും കാപ്പിയും ഉച്ചയ്ക്ക് ഊണും ബിരിയാണിയും. മലയാളികൾക്കിടയിൽ മാത്രമല്ല ഉത്തരേന്ത്യക്കാർക്കിടയിലും പ്രിയപ്പെട്ടതാവുകയാണ് ഡൽഹിയിലെ കഫേ കുടുംബശ്രീ. സ്പൈസി പരിപ്പുവടക്കാണ് ഡിമാൻഡ് കൂടുതൽ. പൂർണമായും ഇലക്ട്രിക് കിച്ചൻ വഴിയാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് എന്ന പ്രത്യേകത കൂടി ഈ കഫേ കുടുംബശ്രീക്കുണ്ട്.
രാജ്യ തലസ്ഥാനത്ത് ആദ്യമായാണ് കുടുബശ്രീ കഫേ ആരംഭിക്കുന്നത്. ലീന സുരേന്ദ്രനും എംആർ രഞ്ജിനിയുമാണ് നടത്തിപ്പ്. ഇരുവരും കാസർകോട് സ്വദേശിനികളാണ്. കുടുംബശ്രീ കാസർകോട് ജില്ല മിഷന്‍റെ നേതൃത്വത്തിൽ വർഷങ്ങളായി 'സൽക്കാര' എന്ന സംരംഭക യൂണിറ്റ് നടത്തുന്നവരാണ് ഇരുവരും.

ഡൽഹിയിൽ 'കഫേ കുടുംബശ്രീ'യിലൂടെ ഭക്ഷണമൊരുക്കാനുള്ള കുടുംബശ്രീ സംസ്ഥാന മിഷൻ്റെ ക്ഷണം ഇരുകൈയും നീട്ടിയാണ് ഇവർ സ്വീകരിച്ചത്. കഴിഞ്ഞ മാസം 29നാണ് കഫേ പ്രവർത്തനം ആരംഭിച്ചത്. പരിപ്പുവടയും പഴംപൊരിയും ആദ്യം ഉണ്ടാക്കി. ഉത്തരേന്ത്യക്കാരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചത്തോടെ അവർ സ്‌പൈസി പരിപ്പ് വട ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്‌പൈസി പരിപ്പ് വട ഉണ്ടാക്കിയതെന്ന് രഞ്ജിനി പറഞ്ഞു.
ഇലക്ട്രിക്ക് കിച്ചനിൽ വിഭവങ്ങൾ ഉണ്ടാക്കുക എന്നത് ആദ്യം വെല്ലുവിളി ആയിരുന്നു. എന്നാൽ പിന്നീട് അത് എളുപ്പമായി. ഇലയടയ്ക്കും കപ്പയ്ക്കും ഇവിടെ നല്ല ഡിമാൻഡാണ്. ഒരു ദിവസം ഊണ് ഉണ്ടാക്കി, ഇനി കേരള ബിരിയാണിയും വിളമ്പുമെന്ന് രഞ്ജിനി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലെ അതേ വിലയാണ് വിഭവങ്ങൾക്ക് ഡൽഹിയിലും. എണ്ണ പലഹാരങ്ങൾക്ക് 10 രൂപയും ഊണിന് 50 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. പഴത്തിന് കേരളത്തെക്കാളും ഇരട്ടി വില ഉണ്ടെങ്കിലും പഴം പൊരിക്കും 10 രൂപ തന്നെ. വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങളും കഫേയിൽ ഉണ്ടാകും.
വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ലീന സുരേന്ദ്രനും എംആർ രഞ്ജിനിക്കുമുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ സേവനം ലഭിക്കും. കഫേ കുടുംബശ്രീയുടെ സമീപത്ത് തന്നെയുള്ള ഫ്ലാറ്റിലാണ് ഇരുവരുടെയും താമസം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ കഫേ കുടുംബശ്രീ ഡൽഹിയിൽ ഹിറ്റായി കഴിഞ്ഞു.