എറണാകുളം: സംസാരശേഷിയും കേൾവിയും ഇല്ലാത്തവരുടെ മുന്നിലേക്ക് വർഷങ്ങൾക്ക് മുമ്പ് തൂവെള്ള വസ്‌ത്രം അണിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. വൈകല്യം കൊണ്ട് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടവരെ ചേർത്ത് പിടിക്കാനും ആശ്വാസവചനങ്ങൾ നൽകാനും ആ മാലാഖ ശ്രദ്ധ ചെലുത്തി. വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അവരുടെ ധർമ്മ സങ്കടങ്ങളെ ഉൾക്കൊള്ളാനും മഞ്ഞപ്ര സ്വദേശി സിസ്റ്റർ അഭയക്ക് കഴിഞ്ഞു.
ആശയവിനിമയം ആയിരുന്നു ആദ്യമൊക്കെ പ്രധാന പ്രശ്‌നം. സംസാരശേഷിയില്ലാത്തവർ പരസ്‌പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സൈൻ ലാംഗ്വേജ് സ്വായത്തമാക്കണമെന്ന് അതുകൊണ്ടുതന്നെ സിസ്റ്റർ അഭയ തീരുമാനിച്ചു. വഴിയരികിലും റെയിൽവേ സ്റ്റേഷനിലും പാർക്കുകളിലും കണ്ടുമുട്ടുന്ന ബധിര മൂക വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചു. അങ്ങനെ നേടിയ സൗഹൃദങ്ങളിലൂടെ പതിയെ പതിയെ സൈൻ ലാംഗ്വേജ് എന്ന ഭാഷ സ്വയത്തമാക്കി.

ആംഗ്യഭാഷ പൂർണമായും സ്വന്തം കഴിവിൽ പഠിച്ചെടുത്ത ശേഷമാണ് ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈൻ ലാംഗ്വേജിൽ സിസ്റ്റർ അഭയ പിജി ഡിപ്ലോമ നേടുന്നത്. ശേഷം 1993ൽ എറണാകുളം മാണിക്യമംഗലത്ത് സെയിൻ്റ് പ്ലെയർ ഓറൽ സ്‌കൂൾ ഫോർ ഡഫ് എന്ന സ്ഥാപനം ആരംഭിച്ചു. സംസാരശേഷിയില്ലാത്തവരുടെ വിദ്യാഭ്യാസവും ഉന്നമനവും ആയിരുന്നു ലക്ഷ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാത്രമല്ല ഈ സ്ഥാപനത്തിൽ ചെറിയ കുട്ടികൾക്കുള്ള സ്‌പീച്ച് തെറാപ്പിയും നൽകുന്നു. 1993ൽ ആരംഭിച്ച സ്‌കൂൾ 2012ൽ എയ്‌ഡഡ് സ്ഥാപനമായി. 200ൽ അധികം വിദ്യാർഥികളാണ് പൂർണമായും സൗജന്യമായി ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. സർക്കാർ ഒരു കുട്ടിക്ക് 2000 രൂപ വച്ച് നൽകുന്നുണ്ടെങ്കിലും ഈ പണം ഒന്നിനും തികയില്ല എന്നാണ് സിസ്റ്റർ അഭയ പറയുന്നത്.
സ്‌കൂളിൽ 30ലധികം അധ്യാപകരുണ്ട്. സിസ്റ്റർ അഭയ അടക്കമുള്ള 15ലധികം പേരും കന്യാസ്‌ത്രീമാരായ അധ്യാപകരാണ്. ഇവർക്ക് സർക്കാർ നൽകുന്ന ശമ്പളം പൂർണമായും ഇവിടെയുള്ള വിദ്യാർഥികൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ബധിരമൂക വിഭാഗങ്ങൾക്ക് വേണ്ടി അഹോരാത്രം സേവനമനുഷ്‌ഠിക്കുകയാണ് സിസ്റ്റർ അഭയ. അതോടൊപ്പം തന്നെ പൊലീസ്, കോടതി, ആശുപത്രി എന്നീ മേഖലകളിൽ സംസാര ശേഷിയില്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിസ്റ്റർ അഭയയുടെ സഹായം ഈ മേഖലയിലുള്ള ഉന്നതർ തേടാറുണ്ട്.

സിനിമയ്‌ക്ക് വേണ്ടിയും പ്രവർത്തിച്ചു
മലയാള സിനിമയിലെ നിരവധി ഊമ കഥാപാത്രങ്ങൾ അവതരിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും സൈൻ ലാംഗ്വേജ് പഠിപ്പിച്ചു കൊടുത്തത് സിസ്റ്റർ അഭയയാണ്. സംസാരശേഷിയില്ലാത്ത വിഭാഗം ജനങ്ങൾക്ക് ദൈവതുല്യമായ സേവനം നൽകുന്ന സിസ്റ്റർ അഭയ എഫ്‌സിസിയുടെ കൂടുതൽ വിശേഷങ്ങൾ വായിക്കാം.
കൃത്യമായി പറഞ്ഞാൽ 1991... ആ വർഷത്തിലാണ് ഒരു യാത്രയ്‌ക്കിടെ ആംഗ്യഭാഷയിലൂടെ സംസാരിക്കുന്ന രണ്ടുപേരെ എറണാകുളം നഗരത്തിൽ എവിടെയോ വച്ച് സിസ്റ്റർ അഭയ കാണാനിടയാകുന്നത്. സമൂഹവുമായി സംവദിക്കാനാകാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന ഇത്തരം ആൾക്കാരോട് തോന്നിയ സഹാനുഭൂതിയാണ് ഒരു പ്രവർത്തന മണ്ഡലത്തിലേക്ക് ജീവിതം പറിച്ചുനടാൻ സിസ്റ്റർ അഭയയെ പ്രാപ്‌തയാക്കിയത്.

പിന്നീട് സമൂഹത്തിൽ എവിടെ ഇത്തരത്തിലുള്ള ആളുകളെ കണ്ടാലും അവരോട് സൗഹൃദം സ്ഥാപിക്കും. അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ തന്നാൽ ആകുന്ന വിധം അത് ചെയ്‌തു കൊടുക്കും. സൈൻ ലാംഗ്വേജ് സ്വയത്തമാക്കിയതോടെ സിസ്റ്റർ അഭയയുടെ സേവനം കൂടുതൽ കൃത്യതയുള്ളതായി. പിന്നീട് ഇത്തരക്കാർക്ക് വേണ്ടി ഒരു സ്‌കൂൾ ആരംഭിച്ചു.
മാണിക്യമംഗലം ബധിര വിദ്യാലയം
സിസ്റ്റർ അഭയ സമൂഹത്തിൽ ചെയ്യുന്ന സേവനങ്ങൾ തിരിച്ചറിഞ്ഞാണ് ഇടിവി ഭാരത് റിപ്പോർട്ടർ സിസ്റ്റർ അഭയ അധ്യാപികയായി പ്രവർത്തിക്കുന്ന മാണിക്യമംഗലം ബധിര വിദ്യാലയത്തിൽ എത്തിയത്. സംസാരശേഷിയില്ലാത്തവർ പരസ്‌പരം ഉപയോഗിക്കുന്ന ആംഗ്യ ഭാഷയെ കുറിച്ചുള്ള വിശദാംശങ്ങളാണ് സിസ്റ്റർ അഭയ ആദ്യം ഞങ്ങളോട് സംസാരിച്ചത്. ഈ ലോകത്ത് ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന തരം നിരവധി സൈൻ ലാംഗ്വേജുകൾ ഉണ്ട്. എങ്കിലും നമ്മുടെ നാട്ടിൽ രണ്ട് തരത്തിലുള്ള സൈൻ ലാംഗ്വേജുകൾ ആണ് പ്രചാരത്തിൽ ഉള്ളത്. ഒന്ന് വിദേശിയും മറ്റൊന്ന് സ്വദേശിയും.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിങ്ങനെയുള്ള വേർതിരിവ് നമ്മുടെ സ്വദേശി സൈൻ ലാംഗ്വേജ് ഭാഷയ്‌ക്ക് ഇല്ല. നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള സൈൻ ലാംഗ്വേജ് സ്വയത്തമാക്കുകയാണെങ്കിൽ ഇന്ത്യയിലെ വിവിധയിടങ്ങളിലെ ബധിരരുമായും ആശയവിനിമയം നടത്താം. ഇപ്പോൾ കോഴിക്കോട് മലയാളവും തിരുവനന്തപുരം മലയാളവും തമ്മിലുള്ള ഒരു വ്യത്യാസം ഉണ്ടല്ലോ. അത്തരമൊരു വ്യത്യാസം മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന സൈൻ ലാംഗ്വേജിൽ സംഭവിക്കാവുന്ന മാറ്റം. സിസ്റ്റർ അഭയ വ്യക്തമാക്കി.
കോടതി മുറിയിലെ ആംഗ്യഭാഷ
ബധിര മൂക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച തൻ്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചും സിസ്റ്റർ അഭയ വെളിപ്പെടുത്തി. അതിലൊന്ന് കോടതിയുമായി ബന്ധപ്പെട്ട സംഭവവികാസമാണ്. സിസ്റ്റർ അഭയ വിശദീകരിക്കാൻ ആരംഭിച്ചു. തൻ്റെ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന പല വിദ്യാർഥികളും സമൂഹത്തിൻ്റെ പല ഉന്നതസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരിലൂടെയാണ് ഞാൻ ചെയ്യുന്ന സേവനത്തെക്കുറിച്ച് പലപ്പോഴും സമൂഹം മനസിലാക്കിയിട്ടുള്ളത്. അങ്ങനെയിരിക്കയാണ് സൈൻ ലാംഗ്വേജ് അറിയാമെന്നുള്ളതിൻ്റെ അടിസ്ഥാനത്തിൽ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഒരു വിളിയെത്തുന്നു. എൻ്റെ വിദ്യാർഥികളിൽ ആരോ ഒരാൾ വഴി തന്നെയാണ് കോടതിക്ക് തന്നെ കുറിച്ചുള്ള അറിവ് ലഭിക്കുന്നത് എന്നും സിസ്റ്റർ അഭയ പറയുന്നു.
ഒരു അതിർത്തി തർക്കം സംബന്ധിച്ച് കേസിലെ പ്രതിയും വാദിയും സംസാരശേഷി ഇല്ലാത്തവരായിരുന്നു. ഇവർ പറയുന്നത് കോടതിക്ക് മനസിലാകുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് തന്നെ കോടതിയിലേക്ക് വിളിച്ച് വരുത്തിയതെന്ന് സിസ്റ്റർ അഭയ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു കോടതിയിൽ കയറാൻ പോകുന്നത്. അതിൻ്റെ ഒരു പേടി ഉള്ളിൽ ഉണ്ടായിരുന്നു.
കോടതിയിൽ എത്തിയപ്പോൾ എല്ലാവരും എന്നെ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. കന്യാസ്‌ത്രീയുടെ വസ്‌ത്രവും ധരിച്ച് ഒരു സിസ്റ്റർ കോടതിയിലേക്ക് കയറി ചെല്ലുന്നു. ഈ സിസ്റ്റർ എന്ത് തെറ്റാകും ചെയ്‌തതെന്ന് ചിലരൊക്കെ മുറുമുറുക്കുന്നത് കേട്ടതായി സിസ്റ്റർ അഭയ പറഞ്ഞു. ബധിരരായ പ്രതിക്കും വാദിക്കും വേണ്ടി ആംഗ്യഭാഷ കോടതിക്ക് മുമ്പാകെ തർജ്ജുമ ചെയ്‌തു. ഈ സംഭവത്തെ തുടർന്ന് സംസാരശേഷി ഇല്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരവധി തവണ കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങിയിട്ടുള്ളതായി സിസ്റ്റർ അഭയ പറഞ്ഞു. ആ സംഭവങ്ങളിൽ ഹൃദയത്തിൽ തൊടുന്ന ഒരു കാര്യത്തെക്കുറിച്ച് സിസ്റ്റർ അഭയ വാചാലയായി.
എറണാകുളം ഹൈക്കോടതിയിൽ ഒരു അമ്മ മകളുടെ ഭർത്താവിൻ്റെ പേരിൽ ഒരു കേസ് ഫയൽ ചെയ്യുന്നു. മകള്‍ക്ക് സംസാരശേഷിയില്ല. പെൺകുട്ടിയെ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു എന്നുള്ളതാണ് കേസ്. പെൺകുട്ടിയോട് ജഡ്‌ജി ചോദിക്കുന്ന കാര്യങ്ങൾ അമ്മ സൈൻ ലാംഗ്വേജിലൂടെ ചോദിച്ചു മനസിലാക്കി തർജ്ജുമ ചെയ്യും.
പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുത്തതിൽ അഭിമാനം
എന്നാൽ പെൺകുട്ടി സൈൻ ലാംഗ്വേജിലൂടെ പറയുന്നതും അമ്മയുടെ വാക്കുകളും തമ്മിൽ പൊരുത്തക്കേട് ഉള്ളതായി ജഡ്‌ജിന് അനുഭവപ്പെട്ടു. അങ്ങനെയാണ് പെൺകുട്ടിക്ക് വേണ്ടി സംസാരിക്കാൻ കോടതി എന്നെ ക്ഷണിക്കുന്നത്. കേസിൻ്റെ ട്രയൽ ഉള്ള ദിവസം രാവിലെ ഞാൻ കോടതിയിൽ എത്തി. കോടതി വരാന്തയിൽ ആ പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ ആ പെൺകുട്ടി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആംഗ്യഭാഷയിൽ - സിസ്റ്റർ ഇവിടെ വന്നല്ലോ എൻ്റെ ജീവിതം രക്ഷപ്പെട്ടു എന്നാണ് ആ പെൺകുട്ടി പറഞ്ഞത്.
കേസിന് ആസ്‌പദമായ സംഭവം വാസ്‌തവമായിരുന്നില്ല എന്നാണ് ആ പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ ഭർത്താവ് അവളെ ഉപദ്രവിച്ചിട്ടില്ല. പെൺകുട്ടിയുടെ അമ്മയ്‌ക്ക് അവളെ മറ്റൊരാളെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. അയാൾ ലക്ഷക്കണക്കിന് രൂപയും കുറെ പുരയിടവും മകളെ കെട്ടിച്ചു കൊടുക്കാൻ അമ്മയ്‌ക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. പണക്കൊതി മൂത്താണ് ആ അമ്മ ഇത്തരത്തിൽ ഒരു വ്യാജ പരാതിയുമായാണ് കോടതിയിൽ എത്തിയത്. പെൺകുട്ടിക്ക് തൻ്റെ ഭർത്താവിനോടൊപ്പം പോയാൽ മതിയെന്നാണ്. കേസ് വിളിച്ചപ്പോൾ പെൺകുട്ടിക്ക് വേണ്ടി ഞാൻ കോടതിയിൽ സംസാരിച്ചു.
അമ്മ പറഞ്ഞതിൽ പൊരുത്തക്കേടുകൾ മനസിലായ ജഡ്‌ജി മറ്റ് കേസുകൾ മാറ്റിവച്ച് സ്വകാര്യ ചേമ്പറിൽ എൻ്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനമെടുത്തു. പെൺകുട്ടി തൻ്റെ ഭർത്താവിന് അനുകൂലമായാണ് സൈൻ ലാംഗ്വേജിൽ എന്നോട് സംസാരിച്ചത്. ഞാൻ അതുപോലെ ജഡ്‌ജിയോട് തർജ്ജുമ ചെയ്‌തു. അമ്മയിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ചും ആ പെൺകുട്ടി കരഞ്ഞുകൊണ്ട് തുറന്നു പറഞ്ഞു. അന്ന് താൻ അവിടെ എത്തിയത് കൊണ്ടാണ് പെൺകുട്ടിക്ക് നീതി ലഭിച്ചതെന്ന് സിസ്റ്റർ അഭയ പറയുകയുണ്ടായി.
സ്‌പീച്ച് തെറാപ്പിയിലൂടെ സംസാരശേഷി തിരികെ കിട്ടി
സ്‌പീച്ച് തെറാപ്പിയിലൂടെ ഒരു കുട്ടിയുടെ സംസാരശേഷി വീണ്ടെടുത്തതിനെക്കുറിച്ചും സിസ്റ്റർ അഭയ വിശദീകരിച്ചു. ആരുടെയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംഭവങ്ങൾ മാത്രമാണ് പറയുന്നതെന്ന് സിസ്റ്റർ അഭയ സൂചിപ്പിച്ചിരുന്നു. തൃശൂരിലുള്ള ദമ്പതികൾക്ക് വളരെ വൈകിയാണ് ഒരു കുഞ്ഞു ജനിക്കുന്നത്.
കുഞ്ഞിന് മൂന്നോ നാലോ വയസുള്ളപ്പോൾ ദമ്പതികൾ കുഞ്ഞിനെയും കൊണ്ട് തൃശൂർ പൂരം കാണാൻ പോകുകയുണ്ടായി. വലിയ വെടിക്കെട്ടുകളോടും ശബ്‌ദ കോലാഹലങ്ങളോടും കുഞ്ഞ് പ്രതികരിക്കാത്തത് കണ്ട് ദമ്പതികൾ ഭയന്നു. കുഞ്ഞിന് ചെവി കേൾക്കില്ലേ? എൻ്റെ കുഞ്ഞ് സംസാരിക്കില്ലേ? എന്നൊക്കെ ചിന്തിച്ച് ആ ദമ്പതികൾ വിലപിച്ചു. അങ്ങനെ അവർ കുഞ്ഞിനെയും കൊണ്ട് എൻ്റെ അടുത്തെത്തി.
ആ ദമ്പതികളുടെ മാനസികാവസ്ഥ അക്ഷരാർഥത്തിൽ എന്നെയും തളർത്തി കളഞ്ഞിരുന്നു. പൊട്ടിക്കരയുകയായിരുന്നു അവർ. കുഞ്ഞിനെ ഉറക്കാൻ അവർ പാടിയ താരാട്ടുപാട്ടുകൾ എല്ലാം വെറുതെയായിരുന്നു എന്ന തിരിച്ചറിവ് അവരെ വല്ലാതെ വേദനിപ്പിച്ചു. ഒരുവിധം അവരെ ആശ്വസിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയക്കേണ്ടതായി വന്നു. കുഞ്ഞിനെ എന്നെ ഏൽപ്പിച്ച് കരഞ്ഞുകൊണ്ടാണ് അവർ എൻ്റെ സ്‌കൂളിൻ്റെ പടിയിറങ്ങിയത്. ആ കുഞ്ഞിന് കൃത്യമായി ഞങ്ങൾ സ്‌പീച്ച് തെറാപ്പി നൽകി.
ആ കുഞ്ഞിന് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഞാൻ വൈകാതെ തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ആ കുഞ്ഞ് കരഞ്ഞു. അമ്മയെന്നും അപ്പാ എന്നും വിളിച്ചു.. പാല് വേണമെന്ന് പറഞ്ഞു. ഞാൻ ഉടൻ തന്നെ ഫോൺ എടുത്ത് ആ ദമ്പതികളെ വിളിക്കുകയാണുണ്ടായത്. ഫോണിലൂടെ കുഞ്ഞ് അപ്പാ എന്നും അമ്മാ എന്നും വിളിക്കുന്നത് കേൾപ്പിച്ചു. അമ്മയോട് കുഞ്ഞ് ഫോണിലൂടെ പാല് വേണമെന്ന് പറഞ്ഞു. എങ്ങനെ എന്നറിയില്ല മണിക്കൂറുകൾക്കകം തൃശൂരിൽ നിന്ന് അവർ എൻ്റെ സ്‌കൂളിൽ എത്തി. അവർ കയറിവന്നത് തന്നെ കരഞ്ഞു കൊണ്ടായിരുന്നു. കുഞ്ഞിനെ അവർ വാരിപ്പുണർന്നു.
ആ അമ്മയും അച്ഛനും എൻ്റെ കാലിൽ വീണു. അങ്ങനെ പാടില്ലായിരുന്നു. പക്ഷേ പ്രതീക്ഷിക്കാതെ അങ്ങനെ ചെയ്‌തപ്പോൾ അവരെ തടയാനായില്ല. സിസ്റ്റർ അഭയ വൈകാരികമായി ആ സംഭവങ്ങളെക്കുറിച്ച് വിവരിച്ചു. സഹായങ്ങൾക്ക് വേണ്ടി ദിവസവും സംസാര ശേഷിയില്ലാത്ത കുട്ടികളും മുതിർന്നവരും തന്നെ ഫോണിലൂടെ വീഡിയോ കോൾ ചെയ്‌ത് വിളിക്കാറുണ്ടെന്ന് സിസ്റ്റർ അഭയ വെളിപ്പെടുത്തി. അങ്ങനെ ഒരു വീഡിയോ കോളിലൂടെ ഒരു ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയുടെ ജീവിതത്തിൽ വെളിച്ചം വീശിയതിനെക്കുറിച്ചും സിസ്റ്റർ അഭയ വ്യക്തമാക്കി. സംസാരശേഷിയില്ലാത്തതിനാൽ വിദ്യാഭ്യാസം നൽകാതെ അടുക്കളയിൽ തളച്ചിടാൻ ആ ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാർ തീരുമാനിക്കുന്നു.
വളരെ ബുദ്ധിമതിയായ കുട്ടിയാണ് അവൾ. പത്താം ക്ലാസ് അവൾ പാസായിട്ടുണ്ട്. അതിനുമുകളിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് പോലും പഠിക്കാൻ അവിടെ സാഹചര്യം ഇല്ല. ഇൻ്റർനെറ്റിലൂടെ എങ്ങനെയോ എൻ്റെ നമ്പർ സംഘടിപ്പിച്ച് അവളെന്നെ വീഡിയോ കോൾ ചെയ്‌തു. എന്നെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചു. നിനക്ക് നല്ലൊരു ഭാവി വേണമെങ്കിൽ ഇങ്ങോട്ടേക്ക് കയറിപ്പോരേ എന്നാണ് ഞാൻ പറഞ്ഞത്. ഒരുപാട് പ്രയത്‌നത്തിനുശേഷം അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ അവളെ കേരളത്തിലേക്ക് കൊണ്ടുവന്നു. അവർക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകി. ഒരു വാശിയോടെയാണ് ആ കുട്ടി പഠിക്കുന്നത്. എങ്ങനെയും പഠിച്ച് ഒരു സർക്കാർ ജോലി വാങ്ങണം അതാണ് അവളുടെ ലക്ഷ്യം.
അവളുടെ വീട്ടുകാരെല്ലാം കൂലിപ്പണി ചെയ്യുന്നവരാണ്. അവർക്ക് ഒരു നല്ല ജീവിത നിലവാരം നൽകണം. ഇത്തരത്തിലുള്ള കുട്ടികൾക്ക് അങ്ങനെ ഒരു വാശി ഉണ്ടാകും. അതിന് എൻ്റെ പിന്തുണ. ആ കുട്ടിയുടെ സഹോദരിയും കഴിഞ്ഞവർഷം കേരളത്തിൽ എത്തി. വിദ്യാഭ്യാസം തന്നെയാണ് ലക്ഷ്യം. അവർക്കൊപ്പം എപ്പോഴും ഞാൻ ഉണ്ട്. സിസ്റ്റർ അഭയ പറഞ്ഞു. ഈ മെയ് മാസത്തിൽ സർവീസിൽ നിന്നും വിരമിക്കുകയാണെങ്കിലും സേവന പാതയിൽ നിന്ന് വ്യതിചലിക്കില്ല എന്നാണ് സിസ്റ്റർ അഭയ വ്യക്തമാക്കിയത്. സംസാരശേഷി ഇല്ലാത്തവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന പ്രവണത വളരെ കൂടിവരുന്നു. അങ്ങനെ ഒരു കുറവിൻ്റെ പേരിൽ ആരെയും മാറ്റി നിർത്താൻ തൻ്റെ ജീവനുള്ളിടത്തോളം സമ്മതിക്കില്ല എന്നാണ് സിസ്റ്റർ അഭയയുടെ തീരുമാനം.