കേരളം

kerala

ETV Bharat / state

നായർ പടയാളികളുടെ മെയ്‌വഴക്കവും ആയുധവിദ്യയും; കാഴ്‌ച്ചക്കാർക്ക് മുന്നിൽ വിസ്‌മയമായി വെള്ളാട്ട് - NAIR VELLATTU ASTOUNDS THE AUDIENCE

അപൂർവം നായർ തറവാടുകളിലെ കാവുകളിൽ മാത്രമാണ് ഇപ്പോള്‍ പടവീരന്മാരുടെ വെള്ളാട്ടും തിറയും അരങ്ങേറുന്നത്.

NAIR VELLATTU ART FORM  NAIR VELLATTU PERFORMANCE VIDEO  KOZHIKODE KANNADIKKAL VELLATTU  നായർ വെള്ളാട്ട് കോഴിക്കോട്
From Nair Vellattu Performance (ETV Bharat)

By ETV Bharat Kerala Team

Published : Jan 31, 2025, 3:46 PM IST

കോഴിക്കോട്: പതികാലത്തിൽ തുടങ്ങി ആസുരഭാവം പൂണ്ട് ചെണ്ടയിൽ നോക്ക് താളം മുറുകി. പടത്തിൽ പയറ്റി തെളിഞ്ഞ പടനായകനായി ദൈവിക പരിവേഷം ലഭിച്ച നായകൻ്റെ പുറപ്പാടാണ്. തലയിൽ തൊപ്പിയും മുഖത്ത് തത്ത കുറിയും, നെഞ്ചിൽ കൂമ്പാളയും അരയിൽ അരയടയും, ഏലസും പടി ഉറുക്കും.. ഇരു കൈകളിലും കൈപ്പടവും കാലിൽ ചിലമ്പുമണിഞ്ഞാണ് പടനായകനായ നായരുടെ വെള്ളാട്ട്.

കോഴിക്കോട് കണ്ണാടിക്കൽ പാട്ടാംകുളങ്ങര ഗുരു ഭഗവതി ക്ഷേത്രത്തിലാണ് ഇത്തവണയും നായർ വെള്ളാട്ട് അരങ്ങേറിയത്. അപൂർവം നായർ തറവാടുകളിലെ കാവുകളിലും ക്ഷേത്രങ്ങളിലുമാണ് ഈ പടവീരന്മാരുടെ വെള്ളാട്ടും തിറയും അരങ്ങേറുന്നത്. പണ്ടുകാലത്തെ പടനായകന്മാരുടെ ആയോധനകലകളാണ് വെള്ളാട്ടിലൂടെ ചിത്രീകരിക്കുന്നതെന്ന് വെള്ളാട്ട് കലാകാരന്‍ ശ്രീജിത്ത് പെരുവണ്ണാൻ പറഞ്ഞു.

കാഴ്‌ച്ചക്കാർക്ക് മുന്നിൽ വിസ്‌മയമായി വെള്ളാട്ട് (ETV Bharat)

ആയോധന കലകളിൽ അഗ്രഗണ്യനാണ് നായർ പടയാളി. ആ കഴിവുകളോരോന്നും ഭക്തർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് നായർ വെള്ളാട്ടിലെ പ്രത്യേകത. തൊഴുതു കുമ്പിട്ട് പുറപ്പാട് ആരംഭിക്കുമ്പോൾ കൈകളിൽ കുന്തവുമായാണ് പകർനാട്ടക്കാർ കാവിന്‍റെ തിരുമുറ്റത്തെത്തുന്നത്. പിന്നെ ചെണ്ടയുടെ താളത്തിനൊത്ത് ചടുല താളത്തിൽ കൈകളിൽ കുന്തവുമായി ചുവടുവക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കൂടെ മെയ്യഭ്യാസവും ആയുധമികവും പ്രദർശിപ്പിക്കും. വെള്ളാട്ടിൻ്റെ അവസാനമാകുന്നതോടെ കാഴ്‌ചക്കാരെ മുൾമുനയിൽ നിർത്തിയുള്ള വാൾ പയറ്റ് കാഴ്‌ച വിസ്‌മയം തീർക്കും. സന്ധ്യാസമയത്തെ ഇളങ്കാറ്റിൽ കാവിന്‍റെ തിരുമുറ്റത്ത് എരിഞ്ഞു കത്തുന്ന മേലേരിയിലെ തീക്കനലിൽ നായർ പടയാളികളുടെ ദൈവിക പരിവേഷ കോലധാരികൾ തീഷ്‌ണ ഭാവത്തോടെ കനലാട്ടം നടത്തും.

ചെണ്ടയുടെ താളം ഉച്ചസ്ഥായിയിൽ എത്തുന്നതോടെ രൗദ്രഭാവം പൂണ്ട നായർ പടവീരന്മാരുടെ മുടിയഴിക്കും. തങ്ങളുടെ ഇഷ്‌ടമൂർത്തിയെ നേരിട്ട് കണ്ട പ്രതീതിയാണ് ഉത്സവത്തിനെത്തിയ ഓരോ ഭക്തർക്കും നായർ വെള്ളാട്ടിലൂടെ അനുഭവപ്പെട്ടത്. അതോടൊപ്പം അഞ്ചടിയിലും തോറ്റംപാട്ടിലും വാമൊഴിയിലും കേട്ട നായർ പടവീരന്മാരുടെ വീരഗാഥകൾ നേരിട്ട് കണ്ട അനുഭൂതിയാണ് നായർ വെള്ളാട്ടിലൂടെ ലഭിച്ചത്.

കാവും കെട്ടിയാട്ടവും ഉള്ളിടത്തോളം കാലം മൺമറഞ്ഞ വീര നായകന്മാരുടെ വീരചരിതവുമായി ദൈവിക കോലധാരികൾ തിറയിലും വെള്ളാട്ടിലൂടെയും നിറഞ്ഞാടും.

Also Read:വിദ്യാർഥികളേ... വരൂ സംരംഭകരാകാം; ജെൻ - Z നായി കുടുംബശ്രീയുടെ കെ ബിസിനസ്

ABOUT THE AUTHOR

...view details