എറണാകുളം : മാസപ്പടി കേസില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയുടെ ഫോറൻസിക് ഓഡിറ്റിന് കെഎസ്ഐഡിസി ആവശ്യപ്പെട്ടത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി). സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തെ തുടർന്ന് വിഷയം പരസ്യമായതിന് ശേഷം മാത്രമാണ് നടപടിയെടുത്തതെന്ന് ആര്‍ഒസി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍ കെഎസ്ഐഡിസി എന്നിവയെക്കുറിച്ച് എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്‌ത കെഎസ്ഐഡിസിയുടെ ഹർജിയിൽ ആര്‍ഒസി സത്യവാങ്മൂലം സമർപ്പിച്ചു. ബോർഡ് ചർച്ചകൾ കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഭരണത്തിലെ ബലഹീനതകൾ തുറന്നുകാട്ടുന്നതാണെന്ന ആര്‍ഒസി ചൂണ്ടിക്കാട്ടി.
സിഎംആര്‍എല്ലിന്‍റെ രേഖകള്‍ 2019 ജനുവരി 25ന് പിടിച്ചെടുത്തെങ്കിലും കെഎസ്ഐഡിസിയുടെ ആദ്യ പ്രതികരണം വരുന്നത് 2023 ഓഗസ്റ്റ് 14ന് മാത്രമാണെന്നും ആര്‍ഒസി പറഞ്ഞു. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരം കെഎസ്ഐഡിസി അന്വേഷണത്തെ പിന്തുണയ്ക്കണമെന്ന് ആർഒസി വ്യക്തമാക്കി.