കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചതാണ് പ്രതിസന്ധിയായത്. 90 കോടി രൂപയോളം കുടിശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികള്‍ക്കുള്ള മരുന്ന് വിതരണവും ഉള്‍പ്പെടെ തടസപ്പെടുകയാണ്.
ആശുപത്രിയിലെ ന്യായവില മരുന്നുവിതരണ കേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്‌തതിന് വിതരണക്കാര്‍ക്ക് പണം ലഭിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം അവർക്ക് പണം കിട്ടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മരുന്ന് വിതരണം നിര്‍ത്തി വയ്ക്കുമെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്‍പ്പെടെ കത്ത് നല്‍കിയിരുന്നു. അനുകൂല നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചത്.