പാലക്കാട്:മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിട്ടുനിന്നത് മൂലമാണ് വയനാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത പരിപാടികളിൽ മുസ്‌ലിം ലീഗിൻ്റെ കൊടി വിലക്കിയതുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രതിക്ഷേധമാണ് വോട്ടെടുപ്പിൽ കണ്ടത്.
വയനാട്ടിൽ കണ്ടത് യുഡിഎഫിനോട് ജനങ്ങൾക്കുള്ള എതിർപ്പാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത പരിപാടികളിൽ മുസ്‌ലിം ലീഗിൻ്റെ കൊടിക്ക് വിലക്കായിരുന്നു. സ്വാഭാവികമായും ലീഗ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയില്ല.
കോൺഗ്രസ് നേതാക്കളുടെ നിലപാടിനോട് ലീഗ് പ്രവർത്തകർക്കുള്ള പ്രതിഷേധം പാലക്കാട് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. പാലക്കാട്ട് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ് മതേതര വോട്ടുകൾ സമാഹരിച്ച് എങ്ങനെയെങ്കിലും ജയിച്ചു കയറാനാണ് കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.