കോഴിക്കോട് :മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവിയിലുള്ള കോൺഗ്രസിന്‍റെ കെ സി വാസന്തിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കാൻ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് ഇന്ന് നോട്ടിസ് കൈമാറും. നിലവിൽ പ്രസിഡന്‍റ് പദവിയിലുള്ള കെസി വാസന്തിയോട് രാജി സമര്‍പ്പിക്കാൻ കോണ്‍ഗ്രസ് ജില്ല നേതൃത്വം ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെസി വാസന്തി ജില്ല നേതൃത്വത്തിന്‍റെ ഉള്‍പ്പടെ നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ രാജി വയ്‌ക്കുന്നതിന് ഇവരോട് ജില്ല കോൺഗ്രസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയതിനെ തുടർന്ന് യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്‍റെ ജില്ലാ നേതൃത്വം അനുരഞ്ജന സംഭാഷണം നടത്തി. എന്നാൽ അതും കെ സി വാസന്തി തള്ളിക്കളഞ്ഞിരുന്നു.
പിന്നീട് മെയ് 27ന് വൈകുന്നേരം 5 മണി വരെ രാജി വയ്ക്കാൻ സമയമനുവദിച്ചു. എന്നാൽ രാജി സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങിയത്. നിലവിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ജനറൽ സീറ്റിൽ മത്സരിച്ചാണ് കെ സി വാസന്തി വിജയിച്ചത്.
ആകെ 18 സീറ്റുകൾ ഉള്ള മാവൂർ ഗ്രാമപഞ്ചായത്തിൽ 9 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐയും ആണ് വിജയിച്ചത്. കൂടാതെ 7 സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ ആദ്യത്തെ ഒന്നരവർഷം മുസ്ലിം ലീഗും അടുത്ത ഒരു വർഷം ആർഎംപിഐക്കും അവസാന രണ്ടര വർഷം കോൺഗ്രസിനും ആണ് പ്രസിഡന്‍റ് പദവി.