മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് എറണാകുളം:മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ കമ്പനിയെ മുഖ്യമന്ത്രി സഹായിച്ചതിന് തെളിവുകളുണ്ടെന്ന് മാത്യു കുഴൽനാടൻ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു (Mathew Kuzhalnadan Against Pinarayi Vijayan in Masapapdi Row).
കമ്പനി നഷ്‌ടത്തിലാണെന്നും, ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും കാട്ടി 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചിരുന്നു. ഇതിൽ ഒപ്പിട്ടശേഷം ആവശ്യമായ നടപടി സ്വീകരിക്കാൻ പിണറായി വിജയൻ നിർദ്ദേശിച്ചതായും നിവേദനത്തിൻ്റെ പകർപ്പ് പുറത്തുവിട്ട് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഈ നിവേദനത്തിൽ നിന്നു് സിഎംആർഎൽ കമ്പനിയുടെ ആവശ്യം എന്തായിരുന്നെന്ന് മനസിലാക്കാൻ കഴിയും. അവർക്ക് വേണ്ട ഇൽമനൈറ്റ് കുറഞ്ഞ വിലയ്ക്ക് ലഭിക്കണമെന്നായിരുന്നു സിഎംആർഎല്ലിൻ്റ ആവശ്യം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ നിർദ്ദേശിച്ചത് പ്രകാരം കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്‌പിൽവേയിലെ അഴിമുഖത്തെ മണൽ വാരാൻ അനുമതി നൽകുകയായിരുന്നു.
Also Read:എക്‌സാലോജിക് വിധി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിനേറ്റ കനത്ത പ്രഹരം ; മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് പ്രതിപക്ഷം
ഏറ്റവും കുറഞ്ഞ നിരക്കിലാണ് ധാതു ലവണ സാന്നിധ്യമുള്ള മണൽ നൽകിയത്. സംസ്ഥാനത്തിൻ്റെ താല്‍പര്യങ്ങൾ ഹനിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ തോട്ടപള്ളിയിലെ മണൽ വില്‍പനയിലൂട കഴിയുമായിരുന്നു. എന്നാൽ ഇതിന്‍റെ ലാഭം നേടിയത് സിഎംആർഎൽ ആണെന്നും, അതിൻ്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ ആരോപിച്ചു. 2017 നഷ്ടത്തിൽ പ്രവർത്തിച്ച സിഎംആർഎൽ മുഖ്യമന്ത്രിയുടെ ഇടപെട്ടതിനാലാണ് നാല് വർഷം കൊണ്ട് എഴുപത് ശതമാനം ലാഭത്തിലെത്തിയതെന്നും കുഴൽനാടൻ ആരോപിച്ചു.