തിരുവനന്തപുരം :മാസപ്പടി കേസിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന് വീണ്ടും ആരോപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഹാജരാക്കിയുള്ള വാർത്താ സമ്മേളനത്തിലാണ് തെളിവുകളെന്ന് അവകാശപ്പെടുന്ന രേഖകൾ പുറത്തു വിട്ടത്. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള മൈനിങ് ആൻഡ് ജിയോളജി ഡയറക്‌ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ട കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്‌ടർ നൽകിയ കത്ത് എന്നിവ ഉൾപ്പെടെ വാർത്താ സമ്മേളനത്തിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ടു.
അതേ സമയം മാത്യു ഹാജരാക്കിയ രേഖകൾ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ വേണ്ട തെളിവുകളാണോയെന്ന് കോടതി ചോദിച്ചു. കേസിൽ വീണ്ടും വാദം കേൾക്കണമെന്ന് മാത്യു ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. തൊട്ടപള്ളി സ്‌പിൽ വേയിലെ മണ്ണ് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്നും ഇത് സിഎംആർഎല്ലിന് ലഭിച്ചത് സ്വഭാവികമല്ലെന്നും മാത്യു ആരോപിച്ചു.