ഇടുക്കി :അസർബൈജാനില്‍കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ മലയാളി യുവാവിനെ നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഇടുക്കി തങ്കമണി നീലിവയല്‍ സ്വദേശി അബിൻ ടോമിയാണ് അപകടത്തില്‍പ്പെട്ട് കിടപ്പിലായത്.
പതിനൊന്ന് മാസം മുൻപാണ് നീലിവയല്‍ സ്വദേശി വെട്ടിയാങ്കല്‍ ടോമിയുടെ മകൻ അബിൻ ജോലിക്കായി അസർബൈജാനിലേക്ക് പോയത്. അവിടെ ഹോട്ടലില്‍ ഷെഫായാണ് ജോലി ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് അബിൻ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും താഴെ വീണത്.
ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഗബാല ഹോസ്‌പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സകള്‍ക്കായി ഇതിനോടകം ലക്ഷങ്ങള്‍ ചെലവായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുവാവിനെ നാട്ടിലേക്ക് കൊണ്ടുവരാൻ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌തിരുന്നു. പിന്നീട് അസർബൈജാൻ എയർപോർട്ടില്‍ എത്തിച്ചു. എന്നാല്‍ ഡോക്‌ടറില്ലാതെ വിമാനത്തില്‍ അയക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
ഡോക്‌ടറെയും കൂടെ വരാൻ സഹായിയേയും തയാറാക്കിയപ്പോഴേക്കും ടിക്കറ്റ് റദ്ദായി. നിലവില്‍ എയർപോർട്ട് ക്ലിനിക്കില്‍ ലക്ഷങ്ങളാണ് ചികിത്സയ്ക്ക് ചെലവാകുന്നത്. അതിനാല്‍ ശസ്ത്രക്രിയ പോലും മാറ്റി വച്ചു.
നാട്ടിലെത്തിച്ച് ശസ്ത്രകിയ ഉള്‍പ്പെടെയുള്ള തുടർ ചികിത്സയ്ക്കും വിമാന ടിക്കറ്റിനും മറ്റും വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ് കുടുംബം. അബിന്‍റെ പിതാവ് ടോമി ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം കഴിയുന്നത്.
Also Read:പൊലീസ് സ്‌റ്റേഷൻ ഇല്ലാത്ത ഏക വിനോദ സഞ്ചാരകേന്ദ്രമായി ചിന്നക്കനാൽ; പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം