കേരളം

kerala

ETV Bharat / state

ലോകത്തിലാദ്യമായി റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടി മലയാളി ശാസ്‌ത്രജ്ഞ - MALAYALI WINS CHINESE AWARD

GENE EDITING TECHNOLOGY  HOMOZYGOUS RUBBER SEEDLINGS  CHINESE GOVERNMENT AWARD  AWARD FOR PRODUCING SEEDLINGS
DR. Jinu Udayabhanu (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

പത്തനംതിട്ട: ലോകത്തില്‍ ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉത്‌പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. അടൂര്‍ അങ്ങാടിക്കല്‍ സ്വദേശിനി ഡോ. ജിനു ഉദയഭാനുവിനാണ് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് ലഭിച്ചത്. ചൈനയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ റബര്‍ ചൈനീസ് അക്കാദമി ഓഫ് ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ (ആര്‍ആര്‍ഐ) ശാസ്ത്രജ്ഞയാണ് ഡോ. ജിനു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മികച്ച ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ കണ്ടുപിടിച്ചതിനുള്ള ചൈനീസ് ട്രോപ്പിക്കല്‍ ക്രോപ്‌സ് സൊസൈറ്റിയുടെ പ്രശസ്‌തി പത്രമാണ് ഡോ. ജിനു ഉദയഭാനുവിന് ലഭിച്ചത്. റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനയുടെ ഈ കണ്ടുപിടിത്തത്തിൻ്റെ പ്രധാന ചുമതലക്കാരിയാണ് ജിനു. കണ്ടുപിടുത്തത്തിന് കഴിഞ്ഞ വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അത്യുത്‌പാദന ശേഷിയുള്ള റബര്‍ തൈകള്‍ ജനിതക പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്‌തിരിക്കുന്നത്.

ഒരു ടിഷ്യൂവില്‍ നിന്നും 20 റബര്‍ തൈകള്‍ ഉല്‍പാദനം നടത്തി ഇവയില്‍ നിന്നും വീണ്ടും 70 റബര്‍ തൈകള്‍ വര്‍ധിപ്പിക്കുന്നതാണ് കണ്ടുപിടിത്തം. മിനിസ്ട്രി ഓഫ് സയന്‍സ് ടെക്‌നോളജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫോറിന്‍ എക്‌സ്‌പെര്‍ട്ട് യങ് ടാലൻ്റ് പോളിസി വഴി ഫോറിന്‍ എക്‌സ്‌പെര്‍ട്ട് ആയി 2021 - 22 കാലയളവില്‍ ഡോ. ജിനു ഉദയഭാനുവിന് ചൈനീസ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2019ല്‍ ഉയര്‍ന്ന കാര്യക്ഷമത ഉളള ജീന്‍ എഡിറ്റിങ് രൂപകല്‍പ ന ചെയ്‌തതിന് റിസര്‍ച്ച് ഡെവലപ്പ്‌മെൻ്റ് ബ്യൂറോ ഓഫ് സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോസ്റ്റ് ഡോക്‌ടറല്‍ ഫെലോഷിപ്പ്) ലഭിച്ചിട്ടുണ്ട്.

ഇന്ത്യ, ചൈന, മലേഷ്യ, തായ്‌ലാൻ്റ്, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളിലുള്ള റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തില്‍ അത്യുത്‌പാദന ശേഷിയുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതും രോഗങ്ങള്‍ ചെറുക്കാന്‍ കഴിയുന്നതുമായ ജനിതക വ്യതിയാനം വരുത്തിയ റബര്‍ ചെടികള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഡോ. ജിനു നടത്തി വരികയാണ്.

2019 - 2024 മാര്‍ച്ച് കാലയളവില്‍ ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനിതക വ്യതിയാനം വരുത്തിയ റബര്‍ ചെടികള്‍ ഉത്‌പാദിപ്പിച്ചു. ചൈനയില്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. കംബോഡിയ, തായ്‌ലാൻ്റ് മുതലായ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. എന്നാല്‍ ആവശ്യത്തിനനുസരിച്ചുള്ള ഉത്‌പാദനം കുറവായിരുന്നു. ഈ വിഷയം ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടര്‍മാര്‍ ഡോ. ജിനുവിനോട് അവതരിപ്പിച്ചു. തുടര്‍ന്ന് വളരെ എളുപ്പവും ചെലവ് കുറവുള്ളതും സമയ നഷ്‌ടമില്ലാത്തതുമായ ഒരു സാങ്കേതിക വിദ്യ ജിനു കണ്ടെത്തി.

അങ്ങനെയാണ് ഒരു ടിഷ്യൂവില്‍ നിന്ന് 70 തൈകള്‍ വരെ ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ടിഷ്യു കള്‍ച്ചര്‍ റബര്‍ തൈകളുടെ ഉത്‌പാദന നിരക്ക് വളരെ അധികം വര്‍ധിപ്പിക്കാന്‍ സാധിച്ചു. സാധാരണയായി ടിഷ്യു കള്‍ച്ചര്‍ പ്രക്രിയയില്‍ ഒരു എക്‌സ് പ്ലാൻ്റില്‍ നിന്നും 20 തൈകള്‍ ആണ് ലഭ്യമാവുന്നത്. എന്നാല്‍ ജിനു കണ്ടുപിടിച്ച പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു എക്‌സ് പ്ലാൻ്റിലൂടെ 70 ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്നു.

ചൈനയുടെ അഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള റബര്‍ തൈകള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കുന്നതിനും മറ്റു രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാനും സാധിക്കുന്നു. ജനിതക വ്യതിയാനം നടത്താന്‍ ഉപയോഗിക്കുന്ന വൈറല്‍ പ്രൊമോട്ടേഴ്‌സിന് പകരം ചെടികളില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കാവുന്ന 3 പ്ലാസ് ബേസ്‌ഡ് പ്രമോട്ടേഴ്‌സിനെ കണ്ടുപിടിച്ചു. ഇതിന് ചൈനീസ് നാഷണല്‍ പേറ്റൻ്റ് ലഭിച്ചു. ഈ നേട്ടങ്ങള്‍ കണക്കിലെടുത്ത് ചൈനീസ് ഗവണ്‍മെൻ്റിൻ്റെ ഏറ്റവും പുതിയ പദ്ധതിയില്‍ ജോലി ചെയ്യാന്‍ ജിനുവിന് സാധിച്ചു. 30ല്‍ പരം അന്തര്‍ദേശീയ ലേഖനങ്ങള്‍ ജിനുവിൻ്റേതായി പുറത്ത് വന്നിട്ടുണ്ട്. റബര്‍ ചെടികളിലെ ഹെറ്ററോസൈഗസ് സ്വഭാവം കാരണം ജനിതകമാറ്റം വളരെ ദുഷ്‌കരമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പലപ്പോഴും, ജനിതകമാറ്റം നടന്നാല്‍ പോലും അതു പിന്നീടുള്ള വര്‍ഷങ്ങളില്‍ നിലനില്‍ക്കാതെ അതിൻ്റെ യഥാര്‍ഥ ജീനിലേക്ക് മാറുന്നത് ഗവേഷണങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തില്‍ ആദ്യമായ് ഹോമോസൈഗസ് റബര്‍ ചെടികള്‍ ഉത്‌പാദിപ്പിച്ചു. ഇതോടെ ഏത് റബര്‍ ചെടികളും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വികസിപ്പിക്കാന്‍ കഴിയും. ഈ കണ്ടുപിടിത്തം ചൈനയില്‍ ദേശീയശ്രദ്ധ നേടി.

ഇപ്പോള്‍ റബ്ബര്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും ലോകത്ത് അഞ്ചാം റാങ്കില്‍ നില്‍ക്കുന്ന ചൈനയ്ക്ക് ഒന്നാം റാങ്ക് എന്ന സ്വപ്‌നത്തിലേക്കുള്ള വഴിയാകും ഈ കണ്ടുപിടിത്തവും ഇനി വരുന്ന ഗവേഷണ ഫലങ്ങളും. ഇന്‍ഡസ്ട്രിയല്‍ കോര്‍പ്‌സ് ആന്‍ഡ് സയന്‍സ് എന്ന ജേര്‍ണലില്‍ ഇതു സംബന്ധിച്ച ജിനുവിൻ്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ അങ്ങാടിക്കല്‍ പുതുശ്ശേരില്‍ പരേതനായ വിമുക്തഭടന്‍ പികെ ഉദയഭാനുവിൻ്റെയും റിട്ടേര്‍ഡ് ഹെഡ്‌മിസ്ട്രസ് സികെ ഓമനയുടെയും മകളാണ് ഡോ. ജിനു ഉദയഭാനു. കോഴിക്കോട് കക്കോടി സ്വദേശി റിയാദില്‍ ബിസിനസ് നടത്തുന്ന ലിജീഷ് ആണ് ഭര്‍ത്താവ്. വര്‍ഷിക ആണ് മകള്‍. ബയോടെക്‌നോളജിയില്‍ ഡോക്‌ട്രേറ്റ് നേടിയിട്ടുള്ള ജിനു ഉദയഭാനു 2019 ജനുവരി മുതല്‍ ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സേവനം അനുഷ്‌ഠിക്കുന്നത്.

Also Read:ലോക ചെസ്സില്‍ ഇനി ഇന്ത്യന്‍ വസന്തം; ചതുരംഗക്കളം വാഴാന്‍ ഡി ഗുകേഷ് മുതല്‍ വിദിത് ഗുജറാത്തി വരെ

ABOUT THE AUTHOR

...view details