ഹൈദരാബാദ്: ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയിൽ ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി പുറത്തിറക്കി. സ്റ്റാൻഡേർഡ്, റാലി ഡെസേർട്ട്എക്‌സ് ലൈനപ്പിന് ഇടയിലാണ് ഈ അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്‍റിനേക്കാൾ അധിക ആക്‌സസറികളുമായാണ് ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി വന്നിരിക്കുന്നത്. കൂടാതെ പുതിയ പെയിന്‍റ് സ്‌കീമും ഡെസേർട്ട്എക്‌സ് ഡിസ്‌കവറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിങും ഓഫ്‌റോഡിങും കൂടുതൽ സുഗമമാക്കുന്നതിനുള്ള ഒരു അഡ്വഞ്ചർ ബൈക്കാണിത്.
ഇന്ത്യയിലുടനീളമുള്ള എല്ലാ ഡ്യുക്കാട്ടി ഡീലർഷിപ്പുകളിലും ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി ലഭ്യമാവും. ഈ മോട്ടോർസൈക്കിളിനെ കുറിച്ച് കൂടുതലറിയാം.
വില: ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറിയുടെ എക്‌സ്-ഷോറൂം വില 21,78,200 രൂപയാണ്. ഇത് ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സിന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റിനേക്കാൾ 3.45 ലക്ഷം രൂപ കൂടുതലാണ്. ട്രയംഫ് ടൈഗർ 900 റാലി പ്രോ, ബിഎംഡബ്ല്യു എഫ് 900 ജിഎസ് തുടങ്ങിയ മറ്റ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുമായാണ് ഇന്ത്യയിൽ ഡ്യുക്കാട്ടിയുടെ ഈ ബൈക്ക് മത്സരിക്കുക.
ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി: പുതിയതെന്ത്?
ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറിയിൽ ത്രില്ലിങ് ബ്ലാക്ക്, ഡുക്കാട്ടി റെഡ് എന്നീ നിറങ്ങൾ നൽകിയിട്ടുണ്ട്. ബോഡി പാനലുകളിൽ ഡ്യുക്കാട്ടി റെഡ് കളറാണ് നൽകിയിരിക്കുന്നത്. ശക്തമായ ഹാൻഡ് ഗാർഡ്, ഹീറ്റഡ് ഗ്രിപ്പുകൾ, ഇന്ധന ടാങ്കിന് ചുറ്റും ബുൾ ബാർ, കൂളന്‍റ് പമ്പ് പ്രൊട്ടക്ഷനുള്ള എഞ്ചിൻ ഗാർഡ്, ശക്തമായ സമ്പ് ഗാർഡ്, റേഡിയേറ്റർ ഗ്രിൽ തുടങ്ങിയ ആക്‌സസറികളും വാഹനത്തിനൊപ്പം ലഭിക്കും. സുഖപ്രദമായ ഓഫ്-റോഡ് യാത്രയ്‌ക്കായി ഉയരമുള്ള വിൻഡ്‌സ്‌ക്രീനും അസമമായ പ്രതലങ്ങളിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനായി സെന്‍റർ സ്റ്റാൻഡും നൽകിയിട്ടുണ്ട്. സബ്‌സ്‌ക്രിപ്‌ഷനെ അടിസ്ഥാനമാക്കിയുള്ള ടേൺ-ബൈ-ടേൺ നാവിഗേഷനെ പിന്തുണയ്‌ക്കുന്നതിനായി ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ഉണ്ട്. ഈ സൗകര്യങ്ങൾ എക്‌സ്-ഷോറൂം വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ആദ്യത്തെ അഞ്ച് വർഷത്തേക്ക് ഈ ഫീച്ചറുകൾ സൗജന്യമായി തന്നെ ലഭ്യമാവും.
ഫീച്ചറുകൾ: സ്റ്റാൻഡേർഡ് വേരിയന്‍റിലുള്ള അതേ സവിശേഷതകൾ ഡെസേർട്ട്എക്‌സ് ഡിസ്‌കവറിയിലും ഉണ്ടായിരിക്കും. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, ഡ്യുക്കാട്ടി ലിങ്ക് ആപ്പ് വഴിയുള്ള മ്യൂസിക് കൺട്രോൾ തുടങ്ങിയവയെ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വഴി പിന്തുണയ്ക്കുന്ന 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ടൂറിങ്, സ്‌പോർട്, വെറ്റ്, അർബൻ, എൻഡ്യൂറോ, റാലി എന്നീ ആറ് റൈഡിങ് മോഡുകൾ വാഹനത്തിലുണ്ട്. എഞ്ചിൻ മാപ്പുകൾ, ത്രോട്ടിൽ റെസ്‌പോൺസ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ ഇന്‍റർവെൻഷൻ ലെവലുകൾ എന്നിവയ്‌ക്കായി ഓരോ മോഡും ഇഷ്‌ടാനുസൃതം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. മാത്രമല്ല, അഡ്വഞ്ചർ ടൂററിൽ മൂന്ന് ലെവൽ കോർണറിങ് എബിഎസ്, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്കിങ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സെൽഫ്-കാൻസലിങ് ഇൻഡിക്കേറ്ററുകൾ, സ്റ്റിയറിങ് ഡാംപ്പർ, യുഎസ്ബി ചാർജിങ് പോർട്ട് എന്നിവയും വാഹനത്തിലുണ്ട്.
- ഡിസ്‌പ്ലേ: സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ
- കണക്‌ടിവിറ്റി: ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ എസ്എംഎസ് അലേർട്ടുകൾ, ഡ്യുക്കാട്ടി ലിങ്ക് ആപ്പ് വഴി മ്യൂസിക് കൺട്രോൾ
- റൈഡിങ് മോഡുകൾ: ടൂറിങ്, സ്‌പോർട്, വെറ്റ്, അർബൻ, എൻഡ്യൂറോ, റാലി
- കസ്റ്റമൈസേഷൻ: കസ്റ്റമൈസബിൾ എഞ്ചിൻ മാപ്പുകൾ, ത്രോട്ടിൽ റെസ്‌പോൺസ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ ഇന്‍റർവെൻഷൻ ലെവലുകൾ
- സുരക്ഷാ ഫീച്ചറുകൾ: കോർണറിങ് എബിഎസ്, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്കിങ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ
- മറ്റ് ഫീച്ചറുകൾ: സെൽഫ്-കാൻസലിങ് ഇൻഡിക്കേറ്ററുകൾ, സ്റ്റിയറിങ് ഡാംപ്പർ, യുഎസ്ബി ചാർജിങ് പോർട്ട്, ഹീറ്റഡ് ഗ്രിപ്പുകൾ, ബുൾ ബാർ, സെന്‍റർ സ്റ്റാൻഡ്
- സുരക്ഷാ ആക്‌സസറികൾ: ശക്തമായ ഹാൻഡ് ഗാർഡുകൾ, കൂളന്‍റ് പമ്പ് സംരക്ഷണമുള്ള എഞ്ചിൻ ഗാർഡ്, ശക്തമായ സമ്പ് ഗാർഡ്, റേഡിയേറ്റർ ഗ്രിൽ
- വിൻഡ് ഷീൽഡ്: സുഖകരമായ യാത്രയ്ക്കായി ഉയരമുള്ള വിൻഡ്‌സ്ക്രീൻ
- നാവിഗേഷൻ സബ്‌സ്‌ക്രിപ്‌ഷൻ: ആദ്യത്തെ അഞ്ച് വർഷത്തേക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ സൗജന്യം
ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി: സ്പെസിഫിക്കേഷനുകൾ
മെക്കാനിക്കൽ സവിശേഷതകൾ പരിശോധിക്കുമ്പോൾ ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് ഡിസ്‌കവറി സ്റ്റാൻഡേർഡ് വേരിയന്‍റിന് സമാനമാണ്. 937 സിസി ലിക്വിഡ്-കൂൾഡ് ടെസ്റ്റസ്ട്രെറ്റ എഞ്ചിനാണ് ഈ അഡ്വഞ്ചർ ബൈക്കിൽ നൽകിയിരിക്കുന്നത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുകൾ ഉള്ള 6 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 9,250 ആർപിഎമ്മിൽ 108.4 ബിഎച്ച്‌പി പവറും, 6,500 ആർപിഎമ്മിൽ 92 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. കൂടാതെ കെവൈബി അപ്സൈഡ്-ഡൌൺ ടെലിസ്കോപ്പിക് ഫോർക്കും കെവൈബി മോണോഷോക്കും നൽകിയിട്ടുണ്ട്. ഇവ രണ്ടും പൂർണ്ണമായും ക്രമീകരിക്കാനാവും.
ഫ്രണ്ട് ബ്രേക്കിൽ ട്വിൻ 320 എംഎം ഡിസ്‌ക്കുകളും പിൻവശത്ത് 256 എംഎം സിംഗിൾ ഡിസ്‌ക്കുമാണ് നൽകിയിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ ട്യൂബ്‌ലെസ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 21 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കുമുണ്ട്.
Also Read:
- കറുപ്പഴകിൽ തിളങ്ങി സ്‌കോർപിയോ എൻ: കാർബൺ എഡിഷന്‍റെ വിലയും സവിശേഷതകളും
- പുതിയ കാർ വാങ്ങല്ലേ... മാരുതി സുസുക്കിയുടെ പുതിയ മോഡലുകൾ വരുന്നു: 2025ൽ പുറത്തിറക്കുന്ന കാറുകൾ
- എന്‍റെ മോനെ... കിടിലൻ വിന്‍റേജ് ലുക്ക്..!!! C6 ഇന്ത്യയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ് ഫ്ലൈയിങ് ഫ്ലീ
- ഒറ്റ ചാർജിൽ 248 കിലോമീറ്റർ റേഞ്ച്: സിംപിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ പുതിയ പതിപ്പ് വരുന്നു
- പുതിയ കളർ ഓപ്‌ഷനുകൾ, കൂടുതൽ ഫീച്ചറുകൾ: വെസ്‌പയുടെ പുതിയ മോഡലുകൾ പുറത്തിറക്കി