തിരുവനന്തപുരം:കേരളത്തിൽ വോട്ടർമാരെ പീഡിപ്പിച്ച ഇലക്ഷനായിരുന്നു ഇന്നലെ (ഏപ്രില്‍ 26) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ നടത്തിയതെന്ന രൂക്ഷ വിമർശനവുമായി ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ. കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവണ്ണം തെരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയ ഇലക്ഷൻ ആണ് ഇന്നലെ നടന്നത്. വോട്ടർ പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മഹാഭൂരിപക്ഷവും സിപിഎമ്മുകാരാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
മൂന്ന് ശതമാനത്തോളം സ്ഥലങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായി. മൂന്ന് മണിക്കൂർ നേരം വരെ പോളിങ് നടന്നില്ല. വോട്ടെടുപ്പ് താമസം വന്ന ബൂത്തുകളിൽ 90 ശതമാനവും യുഡിഎഫിന് മേധാവിത്വമുള്ള ബൂത്തുകൾ ആയിരുന്നു.
കുടിക്കാൻ വെള്ളം നൽകുന്നതിനുള്ള സംവിധാനം പോലും ഒരുക്കിയില്ല. ബൂത്തുകളിൽ ലൈറ്റിങ് സംവിധാനവും ഉണ്ടായിരുന്നില്ല. ഇലക്‌ട്രൽ സിസ്റ്റം മുഴുവൻ സിപിഎം ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്‍റെയെല്ലാം ആകെത്തുക പോളിങ് ശതമാനം കുറച്ചുകൊണ്ടു വരിക എന്നതാണ്.
കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊരു ഇലക്ഷൻ നടത്തിയിട്ടില്ല. ഇതിനെയൊക്കെ അതിജീവിക്കാനുള്ള യുഡിഎഫ് അനുകൂല തരംഗമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ വിരുദ്ധ വികാരം അലയടിച്ചത് കൊണ്ട് പതിനെട്ട് അടവ് പയറ്റിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കണ്ടതും തെറ്റ്:എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ജയരാജനിൽ മാത്രം ഒതുങ്ങുന്നതാണോ സിപിഎമ്മിന്‍റെ ബിജെപി ബാന്ധവമെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു താനും അദ്ദേഹത്തിനെ കാണാൻ പോയിരുന്നു, ഇടയ്‌ക്കിടയ്‌ക്ക് കാണാറുണ്ട്, അതിൽ ഒരു തെറ്റുമില്ല, ജയരാജനെ ജാവദേക്കർ വീട്ടിൽ പോയി കണ്ടതിലും തെറ്റില്ല എന്ന്.
എന്നാൽ, ഇന്നിപ്പോൾ പറയുന്നു അത് ഗുരുതരമായ തെറ്റാണെന്ന്. ജയരാജൻ കണ്ടത് തെറ്റാണെങ്കിൽ മുഖ്യമന്ത്രി കണ്ടതും തെറ്റാണ്. മുഖ്യമന്ത്രി ഇന്നലെ ജാവദേക്കറിനെകുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് വളരെ വ്യക്തമായ ഡീലാണ്. കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി ഈ ഡീൽ നടന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ആ ഏജൻസികളുടെ ശ്രമങ്ങളെ ന്യൂട്രലൈസ് ചെയ്യുന്നതിന് വേണ്ടി ബിജെപിയുമായി ഒരു അവിഹിത ബന്ധത്തിന് വേണ്ടി കൃത്യമായ കളമൊരുക്കുകയാണ്. അത് വെളിച്ചതായപ്പോൾ ജയരാജൻ പ്രതിയായി. മുഖ്യമന്ത്രിക്കെതിരായ കേസുകളിൽ എന്ത് നടപടിയാണ് ഉണ്ടായതെന്ന് ചോദിച്ച കെ സി വേണുഗോപാൽ കള്ളി വെളിച്ചത്താകുമ്പോൾ പ്രതിയെയുണ്ടാക്കി യഥാർഥ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ പോകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്‌നേഹിക്കുന്നവരുടെ വോട്ട് കൊണ്ടാകും. ഇവിടെ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞു. ആ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചിട്ടാണല്ലോ തെലങ്കാനയിലും ബംഗാളിലും ത്രിപുരയിലുമൊക്കെ മത്സരിച്ചത്.
തെരഞ്ഞെടുപ്പിൽ 400 സീറ്റിൽ ജയിക്കുമെന്ന് നരേന്ദ്രമോദി കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത ഹൈപ്പ് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന കാഴ്‌ചയാണ് ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി നല്ല ആധിപത്യം നേടും. അതിന്‍റെ ആവലാതിയിലാണ് ഒരു രാഷ്‌ട്രീയ നേതാവ് പോലും ഉരിയാടാത്ത ഭാഷയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയിട്ടുള്ള ഏറ്റവും വിലകുറഞ്ഞ പരാമർശം. ഇത് വോട്ടിന് വേണ്ടി മാത്രമുള്ള രാഷ്‌ട്രീയ നാടകങ്ങൾ ആണെന്ന് ഉത്തരേന്ത്യയിൽ അടക്കം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കോൺഗ്രസ് പാർട്ടി നേതാക്കൾ പതിവില്ലാത്ത ആത്മവിശ്വാസത്തോടെയാണ് ഫലത്തെ നോക്കിക്കാണുന്നത്. ഇന്ത്യ മുന്നണിക്ക് വ്യക്തമായ മേൽക്കൈ കിട്ടുന്ന രാഷ്‌ട്രീയ മാറ്റങ്ങളാണ് ദ്രുതതഗതിയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കും. പ്രതികൂല ഘടകങ്ങളെയും സർക്കാർ സൃഷ്‌ടിച്ചെടുത്ത കാലാവസ്ഥയെയും മറികടന്നു കൊണ്ടാണ് 20 സീറ്റിലും യുഡിഎഫ് ജയിക്കുക എന്നത് തിളക്കം വർധിപ്പിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് 71.16 ശതമാനം പോളിങ് ; വീട്ടിലെ വോട്ടും തപാല്‍ വോട്ടും ചേര്‍ക്കുന്നതോടെ മാറും