കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്‌മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും, പറയാന്‍ കഴിയാത്ത തരത്തില്‍ പരമ ദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമൂഹിക സുരക്ഷ പെന്‍ഷന്‍ അവകാശമല്ല, സഹായമാണെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെയൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് എങ്ങനെയാണെന്നും പെന്‍ഷന്‍ അവകാശമല്ലെങ്കില്‍ പിന്നെ വയോധികര്‍ക്കും അഗതികള്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോ സമൂഹിക സുരക്ഷ പെന്‍ഷനെന്നും വി ഡി സതീശൻ ചോദിച്ചു. സർക്കാരിന്‍റെ കടമയാണ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ ആവിഷ്‌ക്കരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാപരമായ കടമയെക്കുറിച്ച് എട്ട് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന പിണറായി വിജയനെ ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ക്ഷേമ രാഷ്ട്രത്തിന്‍റെ കടമയാണ് പെന്‍ഷന്‍ നല്‍കുകയെന്നത്. അത് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എട്ട് മാസം കുടിശികയാക്കിയിട്ടും ഞങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ പെൻഷൻ തരുമെന്ന് പാവങ്ങളോട് പറയാന്‍ സര്‍ക്കാരിന് എങ്ങനെയാണ് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു കോടി ആളുകള്‍ക്കാണ് പെൻഷൻ കുടിശിക നല്‍കാനുള്ളത്.
പാവങ്ങള്‍ക്ക് കേരളത്തില്‍ ആശുപത്രിയില്‍ പോകാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നും, 1500 കോടി രൂപ കുടിശികയായതിനെ തുടര്‍ന്ന് കാരുണ്യ കാര്‍ഡ് ആശുപത്രികളില്‍ സ്വീകരിക്കുന്നില്ലെന്നും, സപ്ലൈകോയ്ക്ക് 4000 കോടിയാണ് നല്‍കാനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് ഒന്നും പറയാതെ കഴിഞ്ഞ ഒരു മാസമായി രാഹുല്‍ ഗാന്ധിയെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഫാസിസ്‌റ്റ് വര്‍ഗീയ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന നേതാവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ആശയത്തിന് കുടപിടിക്കുകയാണ്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇല്ലാതെ 19 സീറ്റില്‍ മത്സരിക്കുന്ന സിപിഎം എങ്ങനെയാണ് സംഘപരിവാര്‍ ഭരണകൂടത്തെ താഴെയിറക്കുന്നതെന്നും സതീശൻ ചോദിച്ചു.
ചുറ്റും കേന്ദ്ര ഏജന്‍സികള്‍ നില്‍ക്കുന്നതു കൊണ്ട് പിണറായി വിജയന് ഭയമാണ്. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. പിണറായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് പേടിച്ചാണ്. കേരളത്തിന്‍റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രം കേരളത്തിന് 56,700 കോടി രൂപ തരാനുണ്ടെന്ന് നവകേരള സദസിലൂടെ സംസ്ഥാനം മുഴുവന്‍ നടന്ന് പ്രസംഗിച്ചിരുന്നു. പ്രതിപക്ഷം ഇത് കള്ളക്കണക്കാണെന്ന് നിയമസഭയില്‍ തെളിയിച്ചു. തുടർന്ന് സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയിലും 56,700 കോടിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. നാല് ലക്ഷം കോടി കടത്തിലായ കേരളത്തിന് ഇനിയും കടമെടുക്കാന്‍ അനുമതി നല്‍കണമെന്നതു മാത്രമായിരുന്നു ഹര്‍ജിയിലെ ആവശ്യമെന്നും 56,700 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളെയാകെ കബളിപ്പിക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.