കാസർകോട്: തെരഞ്ഞെടുപ്പ് പ്രചരണം കാസർകോട് മണ്ഡലത്തിൽ കൊഴുക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവരാണ് മണ്ഡലത്തിൽ ഉള്ളതെന്നതിനാൽ പ്രചരണത്തിൽ സ്ഥാനാർഥികൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞത് ഭാഷ തന്നെ.
എന്നാൽ ഇതൊന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയെ ബാധിക്കില്ല. ആറു ഭാഷകൾ വെള്ളം പോലെ സംസാരിക്കുന്ന എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിക്ക് വോട്ടർമാർക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും കന്നഡയും തുളുവും തമിഴും മലയാളവും ഇവർ അസ്സലായി സംസാരിക്കും.
ഇത് പ്രചരണത്തിൽ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് അശ്വനി തന്നെ പറയുന്നു. ബെംഗളൂരുവിലാണ് അശ്വനി ജനിച്ചു വളർന്നത്. പ്രവാസിയായിരുന്ന പി. ശശിധരയെ വിവാഹം ചെയ്‌താണ് കടമ്പാറിൽ എത്തിയത്. അധ്യാപികയായിരുന്ന എം. എൽ. അശ്വിനി അപ്രതീക്ഷിത സ്ഥാനാർഥിയായാണ് കാസർകോട് പാർലിമെന്‍റ് മണ്ഡലത്തിൽ എത്തിയത്.