തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു - Lion Cubs died
![തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു Thiruvananthapuram Zoo Lion Cubs died Nayla death cause obstetric complications](https://etvbharatimages.akamaized.net/etvbharat/prod-images/13-03-2024/1200-675-20973518-thumbnail-16x9-zoo.jpg)
Published : Mar 13, 2024, 11:37 AM IST
|Updated : Mar 13, 2024, 1:25 PM IST
11:25 March 13
പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണകരണമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം :തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു (Lion Cubs Born In Thiruvananthapuram Zoo Died) . പ്രസവ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ശനിയാഴ്‌ചയാണ് (09-03-2024) മൃഗശാലയിലെ ആറ് വയസ് പ്രായമുള്ള നൈല എന്ന സിംഹം രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണകരണമെന്നാണ് പ്രാഥമിക നിഗമനം.
ചത്ത നിലയിലാണ് രണ്ട് കുഞ്ഞുങ്ങളും പുറത്തേക്ക് വന്നതെന്ന് മൃഗശാല അധികൃതർ ഇ ടി വി ഭാരതിനോട് പറഞ്ഞു. സാധാരണ ഒന്നര മണിക്കൂർ കൊണ്ട് കഴിയേണ്ട പ്രസവം 10 മണിക്കൂറിലേറെ നീണ്ടിരുന്നു. ആദ്യത്തെ കുട്ടി പുറത്തേക്ക് വന്ന് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് രണ്ടാമത്തെ കുട്ടി പുറത്തേക്ക് വന്നത്. പ്രസവ ശേഷം നൈലയുടെ ആരോഗ്യസ്ഥിതി ശ്രദ്ധാപൂർവം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.ആന്‍റിബയോട്ടിക്കുകളും നൈലയ്‌ക്ക് നൽകുന്നുണ്ട്.
പ്രത്യേക കൂട്ടിലായിരുന്ന നൈലയെ ഇന്ന് സന്ദർശക കൂട്ടിലേക്ക് മാറ്റും. 2023 ഒക്ടോബർ 16ന് നൈലയുടെ ആദ്യ പ്രസവത്തിലെ രണ്ട് കുട്ടികളും ചത്തിരുന്നു. ഇവയുടെ പോസ്‌റ്റ്മാർട്ടത്തിൽ ശ്വാസകോശത്തിന് വികാസമില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 5 നാണ് തിരുപ്പതി ശ്രീ വേങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ആൺ സിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും മന്ത്രി ജെ ചിഞ്ചു റാണിയാണ് പേര് നൽകിയത്.